ഞങ്ങളാരും മാലാഖമാരല്ല, മതിയായ വേതനം കിട്ടിയാൽ മാത്രം ജീവിക്കാൻ കഴിയുന്ന സാധാരണ മനുഷ്യരാണ്

നിജു ആൻ ഫിലിപ്പ്
നിജു ആൻ ഫിലിപ്പ്

നഴ്സസ് ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമുമായി അനുഭവം പങ്കുവെക്കുകയാണ് ഡൽഹി എയിംസിൽ നഴ്സിങ് ഓഫീസറായിരുന്ന നിജു ആൻ ഫിലിപ്പ്

മറക്കാനാവാത്ത ഒത്തിരി രോ​ഗികളുണ്ട്. എങ്കിലും എന്നെന്നും ഓർമയിൽ നിൽക്കുന്ന ഒരു മുഖമുണ്ട്. എയിംസിൽ തന്നെ ജോലി ചെയ്യുന്ന ഒരു ചേച്ചിയായിരുന്നു അത്. ന്യൂറോവാർഡിൽ നഴ്സിങ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു അവർ. എയിംസിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ആൾക്ക് കിഡ്നിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഞ്ചാറു വർഷത്തിനുള്ളിൽ ക്രോണിക് ഡിസീസ് ആയി. വൈകാതെ അവർ ഡയാലിസിസിന് വന്നു തുടങ്ങി. ആദ്യമൊക്കെ നടന്നുവന്നിരുന്ന ആൾ, പിന്നീട് കൂനി നടക്കാനും വീൽചെയറിലും സ്ട്രെക്ടചറിലുമൊക്കെയായി വരുന്നത്.  എട്ടുവർഷത്തോളമായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. അനാവശ്യമായി ഒരു അവധി പോലും എടുക്കില്ലായിരുന്നു.

ഡയാലിസിസിന് വന്നുകിടക്കുന്ന ആ നാലുമണിക്കൂർ സമയത്തിനുള്ളിൽ അവിടുത്തെ അന്തരീക്ഷം തന്നെ മാറ്റാനുള്ള കഴിവുള്ളയാളായിരുന്നു ആ ചേച്ചി. ചേച്ചി പറയുന്ന തമാശകളും പൊട്ടിച്ചിരികളുമൊക്കെ കേൾക്കാൻ കാത്തിരിക്കുമായിരുന്നു. ഇതിനിടയ്ക്ക് രണ്ടു പ്രാവശ്യം കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും വെന്റിലേറ്റർ വരെ എത്തിയതിനു ശേഷം തിരിച്ച് ഡ്യൂട്ടിക്കും ഡയാലിസിസിനും വന്നുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. ഏറ്റവും അവസാനം സ്ട്രോക് വന്നപ്പോഴും ചേച്ചി മുമ്പത്തെപ്പോലെ തിരിച്ച് വരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. വെന്റിലേറ്ററിൽ കയറ്റുന്നതിന് തൊട്ടുമുമ്പൊക്കെ ബോധം വരുമ്പോഴും എനിക്ക് പൊട്ടു വെക്കണം, കണ്ണെഴുതി തരാമോ എന്നെല്ലാം പേപ്പറിൽ എഴുതി തരും. ആ സമയത്തും ചേച്ചി തിരികെ വരും എന്നാണ് കരുതിയിരുന്നത്. അധികകാലം ജീവിക്കില്ല, മരിച്ചുപോകും എന്നൊക്കെയാണ് ചേച്ചി എപ്പോഴും പറഞ്ഞിരുന്നത്. വയ്യാത്തപ്പോൾ പോലും ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് വായിൽ വച്ചുതന്നിട്ടുണ്ട്.  മരിച്ചു പോയാൽ ബെ‍ഡ് നമ്പർ വണ്ണിന്റെ അടുത്തേക്കൊന്നും രാത്രി വരരുത്, അവിടെ ഞാൻ വന്നു കിടക്കും എന്നൊക്കെ തമാശയായി പറയുമായിരുന്നു.

2019 ഡിസംബറിൽ വെന്റിലേറ്ററിലായ ചേച്ചി പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല. കൊറോണ വരുന്നതിന് രണ്ടുമൂന്നുമാസം മുമ്പാണ് ചേച്ചി മരിച്ചത്, അതും ഒരു നഴ്സസ് ദിനത്തിന്റെ അന്നു തന്നെ. പക്ഷേ ഇപ്പോഴും ഡയാലിസിസ് യൂണിറ്റിലേക്ക് പോകുമ്പോൾ ചേച്ചി ഉള്ളതുപോലെ അനുഭവപ്പെടാറുണ്ട്. ചേച്ചി മരിക്കുന്ന സമയത്ത് അമ്മ മാത്രമാണ് കൂടെയുണ്ടായിരുന്നത്. സഹപ്രവർത്തകനായിരുന്ന വിപിൻ ആണ് മരണാനന്തര കർമങ്ങളൊക്കെ നിർവഹിച്ചത്. വെറുമൊരു സഹപ്രവർത്തക മാത്രമായിരുന്നില്ല, ഞങ്ങൾക്കെല്ലാം ഒരു കുടുംബാം​ഗമായിരുന്നു ചേച്ചി. 

മാലാഖമാരാക്കണ്ട, മനുഷ്യരായി കണ്ടാൽ മതി

നഴ്സുമാരെ ഭൂമിയിലെ മാലാഖമാർ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ മാതൃത്വത്തെ അമിതമായി മഹത്വവൽക്കരിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. ഞങ്ങളാരും മാലാഖമാർ‌ ഒന്നുമില്ല, മതിയായ വേതനം കിട്ടിയാൽ മാത്രം ജീവിക്കാൻ കഴിയുന്ന സാധാരണ മനുഷ്യരാണ്. വെറും തുച്ഛമായ ശമ്പളത്തിന് വിവിധ ആശുപത്രികളിൽ ജോലി ചെയ്യേണ്ടി വരുന്ന നിരവധി നഴ്സുമാരുണ്ട്. അത് തികച്ചും മനുഷ്യത്വവിരുദ്ധമാണ്. മതിയായ വേതനം മാത്രമല്ല അർഹിക്കുന്ന ആദരവും അവർക്ക് നൽകേണ്ടതുണ്ട്. രോ​ഗികളും ബന്ധുക്കളും തുടങ്ങി നിരവധിപേർ നഴ്സുമാരോട് തട്ടിക്കയറുന്ന അനുഭവങ്ങൾ കാണാറുണ്ട്. നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് സമാന അനുഭവങ്ങൾ നിരവധി നേരിട്ടിട്ടുണ്ട്. അതൊന്നും ഇല്ലാതെ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അവസരം മറ്റെല്ലാവരെയുംപോലെ നഴ്സുമാരും അർഹിക്കുന്നുണ്ട്. 

Content Highlights: niju ann philip sharing nurses day experience