ജി.പി.പിള്ള; മലയാളക്കരയുടെ ആദ്യത്തെ ദേശീയ നേതാവ്

#രാകേഷ് കെ.നായർ
ബാരിസ്റ്റർ ജി.പി.പിള്ള
ബാരിസ്റ്റർ ജി.പി.പിള്ള

തിരുവനന്തപുരം: ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളിയാണ് ബാരിസ്റ്റർ ജി.പി.പിള്ളയെന്ന ജി.പരമേശ്വരൻപിള്ള. തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവ്, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, ആനി ബസന്റ്, ഡബ്ള്യു.സി.ബാനർജി തുടങ്ങിയ മഹാരഥൻമാർക്കൊപ്പം പ്രവർത്തിച്ചയാൾ, എഴുത്തുകാരൻ വാഗ്മി തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനാണ് തിരുവനന്തപുരത്തുകാരനായ ഈ സ്വാതന്ത്ര്യസമരസേനാനി.

1864 ഫെബ്രുവരി 26-ന് പള്ളിപ്പുറത്ത് ജനിച്ച അദ്ദേഹം മഹാരാജാസ് കോളേജിലാണ്(യൂണിവേഴ്‌സിറ്റി കോളേജ്) പഠിച്ചത്. ദിവാനായിരുന്ന വെമ്പാകം രാമയ്യങ്കാർക്ക് എതിരേ കൊച്ചിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ ലേഖനമെഴുതിയതിനാൽ കോളേജിൽനിന്നു പുറത്താക്കപ്പെട്ടു. പിന്നീട് മദ്രാസിലേയ്ക്കു പോയി. 1894-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ജി.പി.യാണ് ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തുന്ന സമരത്തെപ്പറ്റി ഇന്ത്യയിൽ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചത്. 1896-ൽ ഗാന്ധിജി ഇന്ത്യ സന്ദർശിച്ചപ്പോൾ മദ്രാസിൽ വെച്ച് ജി.പി.പിള്ളയെ കണ്ടിരുന്നു.

ബ്രിട്ടനിൽ പോയി നിയമം പഠിച്ച അദ്ദേഹം അവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി പ്രവർത്തിച്ചു. പിന്നീട് ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മിയും എഴുത്തുകാരനുമായി. 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു വിശേഷിപ്പിച്ച 'മദ്രാസ് സ്റ്റാൻഡേർഡ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ എന്നീ നിലയിലും പ്രവർത്തിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു. ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയതും ബാരിസ്റ്റർ ജി.പി.പിള്ളയായിരുന്നു.

1902-ൽ ബാരിസ്റ്റർ പഠനം പൂർത്തിയാക്കി ലണ്ടനിൽനിന്നും എത്തിയ ജി.പി. തിരുവനന്തപുരത്തായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്. എന്നാൽ, ക്ഷയരോഗബാധിതനായതോടെ ചികിത്സയ്ക്ക് കൊല്ലത്തേക്കുപോയി. ഡോ. പീറ്റർ ലക്ഷ്മണനായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. 1903 മേയ് 21ന് 39-ാം വയസ്സിൽ ജി.പി. കൊല്ലത്തുവച്ച് അന്തരിച്ചു. ജി.പി.പിള്ളയുടെ മരണം ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും പത്രങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനുശേഷം വർഷങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ജി.പി.യെപ്പറ്റി ഗാന്ധിജി 'യങ് ഇന്ത്യ'യിൽ എഴുതിയത്.

Content Highlights: barrister gp pillai, swathanthrya smrithi