മുന്നിൽനിന്ന് നയിച്ച അമ്പലക്കാട്ട് കരുണാകരമേനോൻ

#കൃപേഷ് കൃഷ്ണകുമാർ
അമ്പലക്കാട്ട് കരുണാകരമേനോന്‍
അമ്പലക്കാട്ട് കരുണാകരമേനോന്‍

ഒറ്റപ്പാലം: ‘ഗാന്ധിജിയുടെ ആദർശങ്ങളിൽ വിശ്വസിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ മാതൃകാപുരുഷൻ, നിസ്വാർഥ സേവനത്തിനുടമ’-അമ്പലക്കാട്ട് കരുണാകരമേനോൻ എന്ന സ്വാതന്ത്ര്യസമരസേനാനിയായ നേതാവിനെ കെ. കേളപ്പൻ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു. സാമൂഹിക പരിഷ്കർത്താവ്, നിയമസഭാ സാമാജികൻ, സ്വാതന്ത്ര്യസമരസേനാനി, ‘മാതൃഭൂമി’യുടെ സ്ഥാപക ഡയറക്ടർമാരിലൊരാൾ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ അമ്പലക്കാട്ട് കരുണാകരമേനോനെ ഓർമിക്കാൻ ഒരുപാടുണ്ട്.

1887-ൽ പെരിന്തൽമണ്ണയിലെ അമ്പലക്കാട്ട് തറവാട്ടിലാണ് കരുണാകരമേനോന്റെ ജനനം. കോഴിക്കോട്ടും മദിരാശിയിലുമായി ബി.എ., ബി.എൽ. ബിരുദങ്ങൾ പൂർത്തിയാക്കി. 1919-ൽ കോഴിക്കോട്ട് അഭിഭാഷകനായി. അവിടെനിന്നാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാകുന്നത്.

1921-ൽ താത്‌കാലികമായി അഭിഭാഷകവൃത്തി മതിയാക്കി നിസ്സഹകരണ പ്രസ്ഥാനത്തിനൊപ്പം കൂടി. പിന്നീട്, കുറേകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഖജാൻജിയായിരുന്നു. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന റഫറണ്ട് പ്രസ്ഥാനത്തിന്റെയും ഖജാൻജിയായിരുന്നു. 1945-ൽ ഹരിജൻസേവക സംഘത്തിന്റെ മലബാർ ശാഖാ പ്രസിഡന്റായി. 1967 വരെ ആ പദവിയിൽ തുടർന്നു.

‘മാതൃഭൂമി’ പത്രത്തിന്റെ ആരംഭംമുതൽ ഡയറക്ടർമാരിലൊരാളായ അദ്ദേഹം 1970-ൽ മരണംവരെ ആ ബന്ധം തുടർന്നു. കയറാട്ട് ശ്രീദേവിയമ്മയായിരുന്നു ഭാര്യ. പരേതരായ കുഞ്ഞുലക്ഷ്മി, ഭാരതി, കൃഷ്ണൻകുട്ടിമേനോൻ, ഗോവിന്ദൻകുട്ടിമേനോൻ എന്നിവരാണ് മക്കൾ.

പലവട്ടം ജയിലിൽ

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് കരുണാകരമേനോൻ. 1940-ൽ സത്യാഗ്രഹസമരത്തിൽ പങ്കെടുത്തതിന് ആറുമാസം ജയിൽശിക്ഷ അനുഭവിച്ചു. തൃശ്ശിനാപ്പള്ളി സെൻട്രൽ ജയിലിലായിരുന്നു അന്ന്. ശേഷം മലബാർ എക്സ്പ്രസിന് കോഴിക്കോട്ടുവന്നിറങ്ങിയ അദ്ദേഹത്തിന് ജനങ്ങൾ ഗംഭീരസ്വീകരണം നൽകി. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരകാലത്തും അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. രണ്ടുവർഷമാണ് അന്ന് തടങ്കലിൽ കഴിഞ്ഞത്.

ഷൊർണൂർ-നിലമ്പൂർ തീവണ്ടി പുനഃസ്ഥാപിക്കൽ

1945-ൽ വള്ളുവനാട് ഉൾപ്പെട്ട നിയോജകമണ്ഡലത്തിൽനിന്നു മദിരാശി നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും അംഗമായി. യുദ്ധകാലത്ത് ഷൊർണൂർ-നിലമ്പൂർ തീവണ്ടി നിർത്തിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചിരുന്നില്ല.

തുടർന്നാണ് ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാത വീണ്ടും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരുണാകരമേനോൻ രംഗത്തുവന്നത്. അതിന്റെ ചർച്ച തുടങ്ങിയത് സഭയിലെ അദ്ദേഹത്തിന്റെ വാദത്തെത്തുടർന്നായിരുന്നു.

Content Highlights: about ambalakkara karunakaramenon