ആറ്റിങ്ങല്‍ കലാപം; രാജ്യത്തെ ആദ്യ സ്വാതന്ത്ര്യസമരം

#രാകേഷ് കെ. നായർ
അഞ്ചുതെങ്ങ് കോട്ട
അഞ്ചുതെങ്ങ് കോട്ട

തിരുവനന്തപുരം: ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരേ ഇന്ത്യയിൽ നടന്ന ആദ്യത്തെ ജനകീയപോരാട്ടമാണ് ആറ്റിങ്ങൽ കലാപം. 1721-ലാണ് സായുധരായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശീയമായ ആയുധങ്ങളുമായി നാട്ടുകാർ ആക്രമണം നടത്തുന്നത്. കുറഞ്ഞത് 140 ബ്രിട്ടീഷുകാരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ ആറ്റിങ്ങൽ റാണി അനുവാദം നൽകിയിരുന്നു.

1695-ൽ കോട്ടയുടെ പണി പൂർത്തിയായി. ഇതു പ്രാദേശികമായ ചില എതിർപ്പുകൾക്കും കാരണമായി. ഇവിടം കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ കച്ചവടം. ഇവരുടെ പല നടപടികളോടും നട്ടുകാർക്ക് അമർഷമുണ്ടായിരുന്നു. നാട്ടുകാരിൽനിന്നു നേരിട്ട് ചരക്കെടുക്കാനുള്ള അനുമതി ആറ്റിങ്ങൽ റാണി ഇംഗ്ലീഷ് കമ്പനിക്കു നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ ഗർവും കുരുമുളകുവിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനു കാരണമായി.

1721 ഏപ്രിൽ 15-ന് വിഷുദിനത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഓഫീസർ ക്യാപ്റ്റൻ വില്യം ഗിഫോൾഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ വാർഷിക കപ്പവുമായി റാണിയെ മുഖംകാണിക്കാൻ ആറ്റിങ്ങലിലെ കൊട്ടാരത്തിലെത്തി. അന്നു രാത്രി ആറ്റിങ്ങലിലെ കൊല്ലമ്പുഴയിൽവച്ച്‌ ഇംഗ്ലീഷുകാർക്കുമേൽ നാട്ടുകാരുടെ ആക്രമണമുണ്ടായി.

പ്രാദേശികരായ യോദ്ധാക്കളുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ബ്രട്ടീഷുകാർക്ക് അടിപതറി. ക്യാപ്റ്റൻ വില്യം ഗിഫോൾഡുൾപ്പെടെ മുഴുവൻപേരും മരിച്ചതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്ത നാട്ടുകാർ, മാസങ്ങളോളം കോട്ടയുടെ നിയന്ത്രണം കൈയിൽവച്ചിരുന്നു. മറ്റിടങ്ങളിൽനിന്നു കൂടുതൽ സേനയെത്തിയാണ് അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തത്‌. അഞ്ചുതെങ്ങിലെ കമ്പനിക്കുവേണ്ടി കുരുമുളകു ശേഖരിച്ചിരുന്നത് മണാക്ക(പോർച്ചുഗീസിലെ അർഥം വെയർഹൗസ്)യിലായിരുന്നു. ഈ മണാക്കയുണ്ടായിരുന്ന സ്ഥലമാണ് ഇപ്പോഴത്തെ മണനാക്ക്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക ഏടാണ് ആറ്റിങ്ങൽ കലാപം.

Content Highlights: attingal outbreak attingal revolt massacre first organized revolt against british authority india