മലപ്പുറം എംഎസ്പി അക്കാദമിയിലേക്ക് വിജയനെത്തി, തനി പോലീസായി

മലപ്പുറം എംഎസ്പി അക്കാദമിയിലേക്ക് യൂണിഫോം ധരിച്ച് അസിസ്റ്റന്റ് കമാന്‍ഡന്റ് ഐ.എം. വിജയന് അതിരാവിലെ എത്തി. പോലീസ് വേഷത്തില്‍ ആദ്യമായി ഡ്യൂട്ടിക്കുകയറിയ ദിവസമുണ്ടായിരുന്നപോലെയൊരു ടെന്‍ഷന്‍ നിറയുന്നത് മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. യൂണിഫോം ശരിയായി നില്ക്കുന്നുണ്ടോ, തൊപ്പി കൃത്യമായി ഇരിക്കുന്നുണ്ടോയെന്നൊക്കെയുള്ള പതിവില്ലാത്ത പരിശോധനകള്‍...
ഈ മാസം 30-ന് ഓദ്യോഗികജീവിതത്തില്നിന്ന് പടിയിറങ്ങാനിരിക്കെ സഹപ്രവര്‍ത്തകര്‍ നല്കുന്ന യാത്രയയപ്പ് പരേഡില്‍ അഭിവാദ്യം സ്വീകരിക്കാനാണ് മുന്‍ അന്താരാഷ്ട്ര ഫുട്ബോളറായ ഐ.എം. വിജയന് 'തനി പോലീസായി' രാവിലെത്തന്നെ എത്തിയത്. അപ്പോഴാണ് പിറന്നാള്ദിനമാണെന്ന വാര്‍ത്തയെത്തിയത്. അതോടെ അസി. കമാന്‍ഡന്റ് വിജയന് അവിടെയുള്ളവര്‍ക്ക് വിജയേട്ടനായി. പിറന്നാള്മധുരത്തിനായി കേക്ക് കൂടിയെത്തിയപ്പോള്‍ യാത്രയയപ്പിനും പിറന്നാളിനുമിടയില് വിജയന് എംഎസ്പി മൈതാനത്തിന്റെ വിശാലതയില്‍ നിറഞ്ഞുനിന്നു. ഔദ്യോഗിക യാത്രയയപ്പുവേളയില്‍ വിജയന് മാതൃഭൂമിയുമായി സംസാരിക്കുന്നു.
ഓര്‍മ്മയില്‍ ഫെഡറേഷന് കപ്പ്
1986-ല്‍ കരുണാകരന് മുഖ്യമന്ത്രിയായപ്പോഴാണ് ഞാന്‍ കേരള പോലീസിന്റെ ഭാഗമായത്. തൊട്ടടുത്തവര്‍ഷം ഉത്തരവ് കൈയില്‍ക്കിട്ടി. പോലീസില്‍ നല്ല അനുഭവങ്ങള്‍ മാത്രമാണുള്ളത്. അതില്‍ എടുത്തുപറയേണ്ടത് 1991-ലെ ഫെഡറേഷന് കപ്പ് പോലീസ് ടീം വിജയിച്ചതാണ്. വി.പി. സത്യന്, യു. ഷറഫലി, സി.വി. പാപ്പച്ചന്, കുരികേശ് മാത്യു, കെ.ടി. ചാക്കോ, പി.പി. തോബിയാസ് തുടങ്ങിയവര്‍ക്കൊപ്പം പന്തുതട്ടാനായി. രണ്ടുതവണയാണ് ഫെഡറേഷന് കപ്പ് പോലീസ് വിജയിച്ചത്.
കാക്കിക്കുള്ളിലെ വിജയന്
എപ്പോഴും പോലീസ് കുപ്പായം ധരിച്ച് നടക്കുന്നയാളല്ല ഞാന്‍. യൂണിഫോം ധരിച്ചപ്പോഴുണ്ടായ അനുഭവങ്ങളില്‍ ശബരിമല ഡ്യൂട്ടികളും തിരുവനന്തപുരം ചാല സംഘര്‍ഷവുമാണ് ഓര്‍മ്മയിലുള്ളത്. ശബരിമലയില്‍ ഡ്യൂട്ടിക്കുപോകുമ്പോള്‍ സ്വാമിമാര്‍ അടുത്തുവന്ന് പരിചയപ്പെടും, ഫോട്ടോയുമെടുക്കും. അതൊരു അംഗീകാരമാണ്. എന്നെ ഇങ്ങനെയാക്കിയത് അവരെല്ലാമാണ്. പോലീസില്‍ ചേര്‍ന്നയുടനെയാണ് ചാലയില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഓഫീസേഴ്സ് അടക്കമുള്ള വലിയ പടയാണ് അന്ന് ചാലയിലേക്കുപോയത്. ആ സംഘത്തില്‍ ഞാനുമുണ്ടായി.
ലക്ഷ്യം അക്കാദമി
പോലീസ് ജീവിതത്തില്‍ എല്ലാം ചെയ്തുവെന്ന സംതൃപ്തിയിലാണ് വിരമിക്കുന്നത്. ഇനി മുന്നിലുള്ള ലക്ഷ്യം എന്റെപേരില്‍ ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങുക എന്നതാണ്. സംസ്ഥാനസര്‍ക്കാരുമായി അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എന്റെ വിജയത്തിന്റെ ബലം കുടുംബമാണ്.
Content Highlights: Former footballer IM Vijayan`s retirement parade from Kerala Police & his new role at MSP Academy. R