കാക്കിക്ക് ലോങ് വിസില്‍; ഐ.എം. വിജയന് മലപ്പുറം എംഎസ്പി സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്

ഐ.എം. വിജയൻ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ
ഐ.എം. വിജയൻ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ

മലപ്പുറം: കളിക്കളത്തിലെ മിന്നും പ്രകടനത്തിനൊപ്പം കാക്കിക്കുപ്പായത്തേയും പ്രണയിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം ഐ.എം. വിജയന്‍ പോലീസ് യൂണിഫോം അഴിച്ചുവെച്ചു. 56-ാം പിറന്നാള്‍ദിവസം വിജയനൊപ്പം കേക്ക് മുറിച്ചാണ് മലപ്പുറം എംഎസ്പി ബാറ്റാലിയന്‍ യാത്രയയപ്പ് നല്‍കിയത്. പരിപാടിയില്‍ മുന്‍ എംഎസ്പി ഉദ്യോഗസ്ഥനും സിനിമാനടനുമായ അബുസലീമും പങ്കെടുത്തു.

1986-ലാണ് വിജയന്‍ കേരള പോലീസില്‍ അതിഥിതാരമായത്. 1987-ല്‍ 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ പോലീസ് കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം തുടങ്ങി. 1991-ല്‍ പോലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍പോയി. 1992-ല്‍ തിരിച്ചെത്തി. 1993-ല്‍ പോലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കു ബൂട്ടണിഞ്ഞു. 2000-2004 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകനായിരുന്നു. 2011-ല്‍ എഎസ്ഐ ആയാണ് പിന്നീട് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. 2021-ല്‍ എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി.

ഐ.എം. വിജയന്റെ ജീവിതത്തില്‍ അവസരങ്ങള്‍ അവസാനിക്കില്ലെന്നു യാത്രയയപ്പ് പരേഡ് ഉദ്ഘാടനംചെയ്ത എംഎസ്പി കമാന്‍ഡന്റ് എ.എസ്. രാജു പറഞ്ഞു. ചിലര്‍ വിരമിച്ചുകഴിഞ്ഞാല്‍ സര്‍വാധികാരം നഷ്ടപ്പെട്ടു എന്നു കരുതുന്നവരാണ്. വിജയനെപ്പോലുള്ളവര്‍ക്ക് വിരമിക്കല്‍ മുന്നോട്ടുപോകാനുള്ള അവസരമാണ്. കായികമേഖലയിലും പോലീസിലെ ഫുട്ബോള്‍ താരങ്ങള്‍ക്കും പ്രചോദനമുണ്ടാക്കാന്‍ ഇനിയും വിജയനുകഴിയുമെന്നു രാജു പറഞ്ഞു.

ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ്, അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ കുഞ്ഞുമോന്‍, കെ.പി. ഗണേഷന്‍, കെപിഒഎ ജില്ലാ പ്രസിഡന്റ് പി ബാബു, കെ.എം. റിജേഷ്, മാര്‍ട്ടിന്‍ ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

സര്‍പ്രൈസ് കേക്ക്

വിജയനു സഹപ്രവര്‍ത്തകരുടെ വകയുള്ള ഉപഹാരങ്ങള്‍ എംഎസ്പി കമാന്‍ഡന്റ് സമ്മാനിച്ചശേഷം അപ്രതീക്ഷിതമായി ഒരുപെട്ടി വേദിയിലെത്തി. സഹപ്രവര്‍ത്തകനും എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റുമായ ഹബീബുറഹ്‌മാന്റെ വക ഒരു പിറന്നാള്‍കേക്ക് ആയിരുന്നു പെട്ടിക്കുള്ളില്‍. ഹബീബിന്റെ സ്‌നേഹസമ്മാനം കെട്ടിപ്പിടിച്ചാണ് വിജയന്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കുമൊപ്പം കേക്ക് മുറിച്ച വിജയന്‍ ആദ്യ കഷണം കമാന്‍ഡന്റിനു നല്‍കി. 1991-ല്‍ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി ഒരുമിച്ച് കളിച്ചവരാണ് വിജയനും ഹബീബുറഹ്‌മാനും.

മറക്കില്ല അബുവിന്റെ വരവ്

യാത്രയയപ്പില്‍ മറക്കാന്‍പറ്റാത്ത അനുഭവം സുഹൃത്തായ അബുസലീമിന്റെ വരവാണെന്നു ഐ.എം. വിജയന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. എന്നോട് വിവരങ്ങളൊന്നും പറയാതെ വയനാട്ടില്‍നിന്നുവന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ സന്തോഷമുണ്ടാക്കി. 1986-ലാണ് ഞാന്‍ പോലീസില്‍ച്ചേര്‍ന്നത്. റെയില്‍വേ, കസ്റ്റംസ് എന്നിവയില്‍നിന്നെല്ലാം ഓഫര്‍ വന്നിരുന്നു. പക്ഷേ പോലീസ് കുപ്പായമാണ് തിരഞ്ഞെടുത്തത്. 18-ാം വയസ്സില്‍ത്തന്നെ കാക്കി കുപ്പായം അണിയാന്‍ സാധിച്ചു. വെള്ളിയാഴ്ച എന്റെ പിറന്നാളാണ്. ആ ദിവസംതന്നെ യാത്രയയപ്പുണ്ടായത് മറ്റൊരു സന്തോഷം. എംഎസ്പിലേക്കുള്ള ട്രാന്‍സ്ഫര്‍ ജീവിതത്തില്‍ ഗുണമായിട്ടുണ്ട്. ഫുട്ബോളിന്റെ മക്ക കൊല്‍ക്കത്തയൊന്നുമല്ല, അത് മലബാറാണ്. അവിടെ ജോലിചെയ്യാനും വിരമിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.

Content Highlights: Former Indian footballer IM Vijayan retires from Malappuram MSP Battalion after a farewell ceremony.