'അത് അര മണിക്കൂറിൽ ചെയ്ത പാട്ട്'; എന്റെ കിത്താബിലെ പെണ്ണിൽ നിന്ന് അങ്കമ്മാളിലേക്ക് | Maqbool Mansoor

ഗായകനും ഗാനരചയിതാവുമായിട്ടാണ് ഇതുവരെ മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ അറിയപ്പെട്ടിരുന്നത്. എന്ന് നിന്റെ മൊയ്തീനിലെ എന്റെ കിതാബിലെ പെണ്ണെ, ചാര്‍ലിയിലെ പുലരികളോ തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്ന് അത്രപെട്ടെന്നൊന്നും മായില്ല. ഇപ്പോള്‍ അദ്ദേഹം സംഗീത സംവിധാനത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്. അങ്കമ്മാള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അങ്കമ്മാളും അതിലെ മഖ്ബൂലിന്റെ സംഗീതവും മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍നിന്ന് നേടുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍നിന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു:
''എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, ഹൃദയം, മന്ദാകിനി തുടങ്ങിയ സിനിമകളില്‍ പാട്ട് പാടിയിട്ടും എഴുതിയിട്ടുമൊക്കെ ഉണ്ട്. സംഗീത സംവിധായകനായി ഇതാദ്യത്തെ പടമാണ്. പെരുമാള്‍മുരുകനെപ്പോലെ ഒരാളുടെ ചെറുകഥയ്ക്ക്, നേരത്തെ തന്നെ ഐഎഫ്എഫ്‌കെ വേദികളിലെത്തിയ വിവിനെപോലൊരു സംവിധായകന്റൊപ്പം ഇങ്ങനൊരു പടം ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ കിട്ടിയ അനുഭൂതി വളരെ വലുതാണ്.
ഇതെന്റെ മണ്ണാണ്. ഞാന്‍ കളിച്ചു വളര്‍ന്ന മണ്ണാണ്. തിരുവനന്തപുരം മോഡേണ്‍ സ്‌കൂളിലാണ് പഠിച്ചത്. എത്രയോ ക്ലാസ് കട്ട് ചെയ്ത് കൈരളിയിലും നിളയിലും വന്ന് സിനിമകള്‍ കണ്ടിട്ടുണ്ട്. അവിടെ എന്റെ പടം നടക്കുമ്പോള്‍ അതിന്റെ എക്‌സ്പീരിയന്‍സ് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
ഗൗരവമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ സംഗീതം സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ എഴുത്തുകാരന്റെയും സംവിധായകന്റേയും ചിന്തയില്‍ കൂടെ നില്‍ക്കേണ്ടതുണ്ട്. വിപിന്‍ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ചിത്രത്തിന്റെ മൂഡ് ഏകദേശം മനസ്സിലായിരുന്നു. സംഗീതത്തെക്കാള്‍ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ചായിരുന്നു ഞാനും വിപിനും കൂടുതല്‍ സംസാരിച്ചത്. ഇതിനിടയിലാണ് ലെനിന്‍ എന്ന സൗണ്ട് ഡിസൈനര്‍ കൂടി ഇതിലേക്ക് കടന്നുവരുന്നത്.
റഫറന്‍സ് വെച്ചാണ് ചിത്രത്തിലെ ആദ്യത്തെ പാട്ട് ചെയ്തത്. വിഷ്വല്‍ കണ്ടിട്ട് പാട്ട് ഉണ്ടാക്കുകയായിരുന്നു. എനിക്ക് അത് പുതിയൊരു പ്രോസസായിരുന്നു. രണ്ടാമത്തെ പാട്ട് മുപ്പത് സെക്കന്റുള്ള ചെറിയൊരു ബിറ്റായിരുന്നു. അത് വിപിന്‍ വന്ന് കേട്ട ശേഷം പാട്ടാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അത് ഒരു അരമണിക്കൂറില്‍ ഉണ്ടാക്കിയെടുത്ത പാട്ടാണ്. അത് എല്ലാവര്‍ക്കും വര്‍ക്കായി'', മഖ്ബൂല്‍ പറഞ്ഞു.
Content Highlights: singer mohammed maqbool mansoor interview