പ്രധാന നടനായാൽ വരാതിരിക്കാനാകുമോ..! അഭിനേതാക്കൾക്കൊപ്പം തിയേറ്ററിൽ നായയും

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള സ്വാതന്ത്ര്യത്തിന്റേയും ചെറുത്തുനിൽപിന്റേയും ഉത്സവം മാത്രമല്ല, സഹജീവി സ്നേഹത്തിന്റേത് കൂടിയാണെന്ന് തെളിയിക്കുകയാണ് ‘പാത്ത്’ എന്ന ചിത്രത്തിന്റെ അണിയറക്കാർ. ചിത്രത്തിലെ കഥാപാത്രമായ നായയെയും ഒപ്പം കൂട്ടിയാണ് പാത്ത് ടീം മേളയ്ക്കെത്തിയത്.
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു പാത്ത് പ്രദർശിപ്പിച്ചത്. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം നാനാജാതി മനുഷ്യരുണ്ടെങ്കിലും എല്ലാവരുടെയും അടിസ്ഥാനം ഒന്നാണെന്നാണ് പറഞ്ഞുവെക്കുന്നത്.
നിള തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. സിനിമ അവസാനിച്ച ശേഷം അണിയറപ്രവർത്തകരും അഭിനേതാക്കളും ചോദ്യോത്തര സെഷനുവേണ്ടി പ്രേക്ഷകരുടെ മുന്നിലെത്തി. നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ അവരെ സ്വീകരിച്ചു. അപ്പോൾ ചിത്രത്തിലെ മറ്റൊരഭിനേതാവിനെ കൂടി അവതാരക വേദിയിലേക്ക് ക്ഷണിച്ചു. എല്ലാവരിലും കൗതുകമുണർത്തി മുരളി എന്ന നായ വേദിയിലേക്ക്...
പരിചിതരെ കണ്ട സന്തോഷത്തിൽ അവൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും അഭിനേതാക്കളേയും ചുറ്റിപ്പറ്റി നിന്നു. സെഷൻ അവസാനിച്ചപ്പോൾ പ്രേക്ഷകരും മുരളിയുടെ അടുത്തെത്തി. ചിലർ ‘താര’ത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്തു.
ചെറുപ്പം മുതൽക്ക് തന്നെ സംവിധായകൻ ജിതിന്റെ അരുമയാണ് മുരളി. ചലച്ചിത്രമേളയിലേക്കും ഇപ്പോൾ നടൻ കൂടിയായ മുരളിയെ ജിതിൻ ഒപ്പം കൂട്ടുകയായിരുന്നു.
Content Highlights: Path film`s dog actor attended the Q&A Session