നാസിസം തിരികെ വരികയാണോ? ചരിത്രത്തില്‍നിന്ന് ജര്‍മ്മനി ഒന്നും പഠിച്ചിട്ടില്ല | ജമീല ബഗ്ദാഷ് അഭിമുഖം

ജമീല ബഗ്ദാഷ് | ഫോട്ടോ: മാതൃഭൂമി
ജമീല ബഗ്ദാഷ് | ഫോട്ടോ: മാതൃഭൂമി

വിവേചനത്തിന്റെ നേര്‍ച്ചിത്രമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അസ്ലി ഒസാര്‍സ്ലാനിന്റെ (Asli Özarslan) എല്‍ബോ (Ellbogen). പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മേളയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് എല്‍ബോ പ്രദര്‍ശിപ്പിച്ചത്. മേളയുടെ രണ്ടാം ദിനം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച ജമീല ബഗ്ദാഷും (Jamilah Bagdach) അതിഥിയായെത്തിയിരുന്നു.

'ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചതെന്നും അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും സമകാലിക ജര്‍മ്മനിയുമായി അത് എത്രമേല്‍ എടുത്തുനില്‍ക്കുന്നെന്നും ജമീല ബഗ്ദാഷ് വിശദമാക്കുകയാണ്. 

എല്‍ബോയെക്കുറിച്ച്..?

വിവേചനത്തിനെതിരേയുള്ള സിനിമയാണ് എല്‍ബോ.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധതരത്തിലുള്ള ജനങ്ങളാണ് ജര്‍മ്മനിയിലുള്ളത്. ഞാനടക്കമുള്ള ഏറെ പേരും ജര്‍മ്മനിയില്‍ ജനിച്ചവരാണ്. ഞങ്ങളുടെ മുത്തച്ഛന്മാര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, ഇപ്പോഴും ഇത്തരത്തില്‍ ജര്‍മ്മനിയില്‍ ജനിച്ചവരെ വിദേശികളായാണ് അവര്‍ ട്രീറ്റ് ചെയ്യുന്നത് (എന്നാല്‍ ഞങ്ങള്‍ ജര്‍മ്മന്‍ പൗരന്മാരാണ്). മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ വലിയതോതില്‍ വിവേചനമാണ് ജര്‍മ്മനിയില്‍ നേരിടുന്നത്. കൂടാതെ ലിംഗവിവേചനവും രാജ്യത്ത് ജനം നേരിടേണ്ടി വരുന്നുണ്ട്. ഇത് പ്രത്യക്ഷത്തില്‍ തന്നെ ജര്‍മ്മനിയിലെ ജനം നേരിടേണ്ടി വരുന്നുണ്ട്. ഈ സിനിമ എനിക്ക് ഏറെ സ്‌പെഷ്യലാണ്.

എന്തുകൊണ്ട് ഈ സിനിമ അത്രമേല്‍ സ്‌പെഷ്യലാകുന്നു?

ഈ സിനിമ ഏറെ സ്‌പെഷ്യലായ ഒന്നാണ്. മുസ്ലിം വേരുള്ള ജര്‍മ്മന്‍ ടര്‍ക്കിഷ് എഴുത്തുകാരിയായ ഫത്മ അയ്‌ദെമിറിന്റെ (Fatma Aydemir) എല്‍ബോഗന്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇതിന്റെ ഡയറക്ടറും ക്യാമറ വുമണും മുസ്ലിം വേരുള്ളയാളാണ്. മാത്രമല്ല, അഭിനേതാക്കളും ഇത്തരത്തിലുള്ളവരാണ്. ഫ്രാന്‍സ് ഹേസല്‍ പ്രൈസ്, ക്ലോസ് മൈക്കല്‍ കൂനെ പ്രൈസ് അടക്കമുള്ള പുരസ്‌കാരം നോവല്‍ നേടിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ അടക്കം വളരെ ഏറെ പ്രാധാന്യത്തോടെ ഈ നോവല്‍ പഠിപ്പിക്കുന്നുണ്ട്.

ജമീല ബഗ്ദാഷ് | ഫോട്ടോ: മാതൃഭൂമി
 

വിവേചനം എന്നു പറയുമ്പോള്‍?

നിങ്ങള്‍ എങ്ങനെയാണ് എന്ന് നോക്കിയാണ് അവര്‍ നിങ്ങളെ വിലയിരുത്തുന്നത്. നിങ്ങള്‍ മുസ്ലിം വിഭാഗത്തെ പോലുള്ളവരാണെങ്കില്‍ വിവേചനം നേരിടേണ്ടി വരും. ഒരു ജോലി ലഭിക്കാന്‍, അപാര്‍ട്‌മെന്റ് ലഭിക്കാന്‍ ഒരുപാട് പ്രയാസം നേരിടേണ്ടി വരും. 

നാസിസം തിരിച്ചു വരികയാണോ?

ജര്‍മ്മനി ഇനിയും ചരിത്രത്തില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല... ഇതൊരു നോവലില്‍ നിന്ന് എടുത്തതാണെന്ന് ആദ്യമേ പറഞ്ഞല്ലോ. വലിയൊരു വിഷയമാണ് നോവലില്‍ ചര്‍ച്ച ചെയ്യുന്നത്. അതില്‍നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ അത്രയും വലുതായിട്ടൊന്നും പറഞ്ഞു പോകാന്‍ സംവിധായികയിക്ക് സാധിച്ചിട്ടില്ല, അത്രയും സമയവും ഇല്ല. നോവല്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഈ വിഷയങ്ങള്‍ പറഞ്ഞു പോവുകയാണ്.

എന്തുകൊണ്ട് സിനിമയ്ക്ക് എല്‍ബോ എന്ന പേര്?

സത്യം പറഞ്ഞാല്‍ അതിന് എനിക്ക് ഉത്തരമില്ല. പലരും ചോദിക്കുന്നുണ്ട് ഇക്കാര്യം. എനിക്ക് തോന്നുന്നത് പോരാടാനുള്ള തുടക്കം എന്നതിന്റെ പ്രതീകമായിരിക്കാം. കൈമുട്ട് പ്രതിരോധിക്കാനും ഉപയോഗിക്കുന്നുണ്ട്. അതിനാലാവണം.

എല്‍ബോയിലേക്ക് എത്തിയത്...?

ഏജന്‍സി വഴിയാണ് ഞാന്‍ ഈ സിനിമയിലേക്ക് എത്തുന്നത്. ഒരു പുതുമുഖ നടി തന്നെ ചിത്രത്തിന് വേണമെന്ന് സംവിധായികയ്ക്ക് നിര്‍ബന്ധമായിരുന്നു. പലരും ഇതില്‍ പുതുമുഖതാരങ്ങളാണ്. ചിത്രീകരണത്തിന് മുമ്പ് തന്നെ സൗഹൃദം കെട്ടിപ്പടുക്കാന്‍ വേണ്ടി അഞ്ച് മാസങ്ങളോളം ഞങ്ങള്‍ എല്ലാവരും ഒന്നിച്ചായിരുന്നു. അത് സിനിമയ്ക്ക് വളരെ ഏറെ ഗുണം ചെയ്തു.


 

Content Highlights: aslı özarslan elbow movie actor jamilah bagdach interview