ആദ്യസിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതിൽ സങ്കടം, ഇത്തവണ ജൂറി അംഗംതന്നെ വിളിച്ചു- വി.സി. അഭിലാഷ്

വി.സി. അഭിലാഷ്
വി.സി. അഭിലാഷ്

കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വി.സി. അഭിലാഷിന്റെ 'എ പാന്‍ ഇന്ത്യന്‍ സ്റ്റോറി'. ഭാര്യയും മകനും സഹോദരനുമുള്ള വീട്ടില്‍ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവര്‍ത്തകന്‍ കുടുംബസമേതം വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം. അഭിലാഷിന്റെ ആദ്യചിത്രമായ 'ആളൊരുക്കം' ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിരുന്നു. ചലച്ചിത്രമേളയില്‍ സമകാലിക മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന 'മലയാളം സിനിമാ ടുഡേ' വിഭാഗത്തിലാണ് പാന്‍ ഇന്ത്യന്‍ സ്റ്റോറി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സിനിമയെ കുറിച്ചും ചലച്ചിത്രമേളയെ കുറിച്ചും വി.സി.അഭിലാഷ് സംസാരിക്കുന്നു.

പാന്‍ ഇന്ത്യന്‍ സ്റ്റോറി എന്ന പേര്

കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വരച്ചു കാട്ടുന്ന ചിത്രമാണിത്. ഇന്ത്യയിലെ ഏതു കുടുംബത്തെ കാണിച്ചാലും എല്ലാവര്‍ക്കും മനസിലാകുന്ന ഒരു കഥയാണ് സിനിമയില്‍. അത് തന്നെയാണ് ഇങ്ങനെ ഒരു പേരിടാനുള്ള കാരണവും. 

ഡെലിഗേറ്റില്‍നിന്ന് അതിഥിയിലേക്ക്

എന്റെ ആദ്യത്തെ സിനിമ 'ആളൊരുക്കം' മേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സിനിമ കണ്ടുകഴിഞ്ഞ് ജൂറി അംഗമായ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നി. ആദ്യത്തെ മേളകളില്‍ പാസ് കിട്ടാന്‍ ഓടി നടന്നതും ക്യു നിന്ന് സിനിമ കണ്ടതും മുതല്‍ ഇപ്പോള്‍ അതിഥിയായി ക്ഷണിക്കപ്പെട്ടതുവരെ മറക്കാനാകാത്ത അനേകം ഐ.എഫ്.എഫ്.കെ. ഓര്‍മകളുണ്ട്. ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ എന്റെ ചിത്രം വേറൊരു തലത്തിലേക്ക് എത്തുകയാണ്. 

ആളൊരുക്കം സമ്മര്‍ദമുണ്ടാക്കുന്നില്ല

ആളൊരുക്കത്തിന്റെ വിജയം സന്തോഷം നല്‍കുന്നതാണ്. അടുത്ത ചിത്രങ്ങളെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. എന്നാലും വ്യത്യസ്തമായ കഥകള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം.

ഇനിയെല്ലാം പ്രേക്ഷകരുടെ കയ്യില്‍

പ്രേക്ഷകരുടെ പ്രതികരണത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പലരും പല തരത്തിലാണ് സിനിമയെ ആസ്വദിക്കാറ്. നമ്മുടെ ആശയം അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത്, ബാക്കിയെല്ലാം അവരവരുടെ അഭിരുചി പോലെയാണ്.

Content Highlights: a pan indian story malayalam movie director vc abhilash interview