ആദ്യ IFFKയിൽ പങ്കെടുത്തു, വീണ്ടും എത്താനായതിൽ അഭിമാനമെന്ന് ശബാന ആസ്മി

#സ്വന്തം ലേഖകന്‍
ശബാന ആസ്മി ഐഎഫ്എഫ്കെ വേദിയില്‍ (ഇന്നും ആദ്യത്തെ ഐഎഫ്എഫ്കെയിലും)
ശബാന ആസ്മി ഐഎഫ്എഫ്കെ വേദിയില്‍ (ഇന്നും ആദ്യത്തെ ഐഎഫ്എഫ്കെയിലും)

തിരുവനന്തപുരം: ആദ്യ ഐ.എഫ്.എഫ്.കെയുടെ ഭാഗമായ തനിക്ക് 29-ാമത് മേളയിലും എത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അഭിനേത്രി ശബാന ആസ്മി. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശബാന ആസ്മിയെ ആദരിക്കുന്ന പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ശബാന ആസ്മിയുടെ ആദ്യചിത്രം അങ്കുർ മേളയിൽ പ്രദർശിപ്പിച്ചു.

വിഖ്യാത സംവിധായകൻ ശ്യാം ബെനഗലിന്റെ അങ്കുർ പ്രാധാന്യമുള്ളതും തനിക്ക് ഏറെ ഇഷ്ടപ്പെട്ടതുമായ ചിത്രമാണെന്ന് ശബാന പറഞ്ഞു. നഗരത്തിലെ മധ്യവർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കുറിലെ ലക്ഷ്മിയാക്കി മാറ്റാൻ ശ്യാം ബെനഗൽ നടത്തിയ ശ്രമങ്ങൾ നടി ഓർത്തെടുത്തു. ശ്യാം ബെനഗലിന്റെ പിറന്നാൾ ദിനത്തിൽ ഇതേ വേദിയിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അങ്കുറിന്റെ പ്രദർശനത്തിനു മുന്നോടിയായി നടന്ന ചടങ്ങ് മുൻമന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ സ്‌നേഹോപഹാരം അദ്ദേഹം ശബാന ആസ്മിക്ക് സമ്മാനിച്ചു. സംവിധായകൻ ശ്യാം ബെനഗലിന് അദ്ദേഹം നവതി ആശംസകൾ അറിയിച്ചു.  കലാ സാംസ്‌കാരിക മേഖലയിൽ ശബാന ആസ്മിയുടെ സംഭാവനകൾ ഉൾക്കൊള്ളിച്ചു തയാറാക്കിയ ഹ്രസ്വ വീഡിയോ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. മാധ്യമ പ്രവർത്തകരുമായി സംവദിച്ച ശേഷം കൈരളി തീയറ്ററിൽ 'വെളിച്ചം തേടി' എന്ന മലയാളചിത്രം കണ്ടാണ് നടി മടങ്ങിയത്. 

ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. 

Content Highlights: Veteran actress Shabana Azmi honored at IFFK, reminisces about her debut film `Ankur`