അങ്കമാലിയിലെ ബ്യൂട്ടിപാർലറിൽനിന്ന് കിട്ടിയ സിനിമാറ്റിക് ആശയം, ഐ.ഐ.ടിയില്‍നിന്ന് ഐ.എഫ്.എഫ്.കെയിലേക്ക്

#അപര്‍ണ എസ്. തമ്പി
ശിവരഞ്ജിനി
ശിവരഞ്ജിനി

തിരുവനന്തപുരം: ഐ.ഐ.ടി.യില്‍നിന്ന് ഐ.എഫ്.എഫ്.കെ.യിലെത്തിയതാണ് ശിവരഞ്ജിനി. താന്‍ ആദ്യം സംവിധാനംചെയ്ത 'വിക്ടോറിയ' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി. അങ്കമാലിയിലെ ബ്യൂട്ടിപാര്‍ലറില്‍നിന്നു കിട്ടിയൊരു സിനിമാറ്റിക് ആശയം, 'വിക്ടോറിയ'. മലയാളം ടുഡേ വിഭാഗത്തിലാണ് 'വിക്ടോറിയ' പ്രദര്‍ശിപ്പിച്ചത്. ബോംബെ ഐ.ഐ.ടി.യിലെ ഗവേഷകവിദ്യാര്‍ഥിനിയാണ് അങ്കമാലി സ്വദേശിനിയായ ജെ.ശിവരഞ്ജിനി. തന്റെ ആദ്യ സിനിമയെക്കുറിച്ച് ശിവരഞ്ജിനി സംസാരിക്കുന്നു.

വിക്ടോറിയയെന്ന വെള്ളിവെളിച്ചം

യാദൃച്ഛികമായി കിട്ടിയൊരാശയമാണ് 'വിക്ടോറിയ'. അന്ന് മനസ്സില്‍കുറിച്ച ഒറ്റവരിയില്‍നിന്നുള്ള യാത്രയാണ് ഇന്ന് ഐ.എഫ്.എഫ്.കെ.യിലെത്തി നില്‍ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങുമെല്ലാം ഒറ്റയ്ക്കാണ് ചെയ്തത്. കുട്ടിക്കാലംമുതല്‍ സിനിമ ഒരു അഭിനിവേശമായിരുന്നു. സിനിമയിറക്കണമെങ്കില്‍ മുതല്‍മുടക്കുവേണം.

എന്നാല്‍, സിനിമ നിര്‍മിക്കാന്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് കെ.എസ്.എഫ്.ഡി.സി. നല്‍കുന്ന സ്ത്രീശാക്തീകരണ ഗ്രാന്റ്. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് 'വിക്ടോറിയ'. സിനിമയിലേക്കിറങ്ങുന്ന തുടക്കക്കാരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അവരുടെ സിനിമാമോഹങ്ങളെ വെള്ളിവെളിച്ചം കാട്ടാന്‍ ഇത്തരം ഗ്രാന്റുകള്‍ ഏറെ പ്രയോജനപ്രദമാണ്.

സിനിമയിലേക്കുള്ള നാള്‍വഴികള്‍

അവസാനവര്‍ഷ എന്‍ജിനിയറിങ് പഠനത്തിനിടെയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം കോഴ്സിനെക്കുറിച്ച് അറിയുന്നത്. എന്‍ജിനിയറിങ്ങിനുശേഷം എന്‍.ഐ.ഡി.യില്‍ ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിലൂടെ സിനിമയെക്കുറിച്ചും സാങ്കേതികവശങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനായി.

സംവിധാനം, എഡിറ്റിങ്, തിരക്കഥാരചന തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് 'വിക്ടോറിയ' സിനിമയാക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നത്. ഷൂട്ടിങ് 20 ദിവസമായിരുന്നു.

തന്റെ ഉള്ളിലെ സിനിമാമോഹത്തിനു വീണ്ടും എല്ലാവിധ പിന്തുണയും തന്ന് കൂടെനിന്നത് ഒരുകൂട്ടം സുഹൃത്തുക്കളായിരുന്നു. 'വിക്ടോറിയ'യ്ക്കായി അവര്‍ നീക്കിവെച്ച അധ്വാനവും സ്നേഹവുമാണ് 'വിക്ടോറിയ' പ്രദര്‍ശനത്തിനെത്തിയതിനു പിന്നില്‍.

Content Highlights: victoria movie director sivaranjini speaks about her movie