മിഡ്നൈറ്റ് സ്ക്രീനിങ് ആയി ഭ്രമയുഗം; മേളയിൽ ഇന്ന് 68 ചിത്രങ്ങളുടെ അവസാന പ്രദർശനം

#സ്വന്തം ലേഖകൻ
Image : Instagram
Image : Instagram

തിരുവനന്തപുരം: ചലച്ചിത്രമേളയിൽ ഇന്ന് മിഡ്നൈറ്റ് സ്ക്രീനിങ് ആയി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം പ്രദർശിപ്പിക്കും. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ രാത്രി 12നാണ് പ്രദർശനം. മേളയിൽ ചിത്രത്തിന്റെ ഏകപ്രദർശനമാണിത്. 

68 ചിത്രങ്ങളാണ് ഏഴാം ദിനം ഉള്ളത്. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനമാണ്.
 
മേളയിൽ ഒരു പ്രദർശനം മാത്രമുള്ള  ദീപ മേഹ്തയുടെ 'ഫയർ', മാർക്കോസ് ലോയ്സയുടെ 'അവെർനോ', അക്കിനേനി കുടുമ്പ റാവുവിന്റെ 'ഒക്ക മാഞ്ചി പ്രേമ കഥ' എന്നീ ചിത്രങ്ങളും ഇന്നുണ്ട്. അർമേനിയൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കൺട്രി ഫോക്കസ് വിഭാഗത്തിൽ 'ലോസ്റ്റ് ഇൻ അർമേനിയ', 'പരാജനോവ് സ്‌കാൻഡൽ', 'അമേരികേറ്റ്‌സി' എന്നീ ചിത്രങ്ങളെത്തും.

കഴിഞ്ഞ ദിനങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന സിനിമകളായ 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി', 'റിഥം ഓഫ് ദമാം', 'പാത്ത്','ക്വിയർ', 'കാമദേവൻ നക്ഷത്രം കണ്ടു' തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനം ഇന്നാണ്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ക്വിയറിന്റെ അവസാന പ്രദർശനം രാത്രി 8.30ന് ഏരീസ്‌പ്ലെക്‌സിൽ നടക്കും. 2.15ന് ടാഗോർ തിയേറ്ററിലാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി' പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറിനു കൈരളിയിലാണു 'റിഥം ഓഫ് ദമാമി'ന്റെ പ്രദർശനം. അജന്ത തിയേറ്ററിൽ 12.15നാണ് 'പാത്തി'ന്റെ പ്രദർശനം.

മലയാളസിനിമ ടുഡേ വിഭാഗത്തിൽ വി.സി. അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറി ആണ് ഏഴാം ദിനത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. രാവിലെ 9.15ന് ശ്രീ തിയേറ്ററിൽ ആണ് പ്രദർശനം.   

'ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ഹോട്ടൽ ഹൊറൈസണിൽ 'ഫീമെയിൽ വോയ്‌സസ് പാനൽ' നടക്കും. രാവിലെ 11 മണി മുതൽ 12.30 വരെയാണ് ചർച്ച. നിള തിയേറ്ററിൽ ഉച്ചതിരിഞ്ഞ് 2.30ന് ജൂറി അംഗമായ നാന ജോർജേഡ്‌സെയുമായി ആദിത്യ ശ്രീകൃഷ്ണ നടത്തുന്ന സംഭാഷണവും ഉണ്ടാകും.

Content Highlights: Final screenings of `Bramayugam`,`Fire`, & more at IFFK