മേളയിലെ അംഗീകാരം അഭിമാനം -മധു അമ്പാട്ട്

തിരുവനന്തപുരം: അര നൂറ്റാണ്ടു പിന്നിടുന്ന തന്റെ ചലച്ചിത്രജീവിതത്തിന് അംഗീകാരമായി, ചലച്ചിത്രമേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അഭിമാനകരമാണെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്.
തന്റെ ക്രിയാത്മകതയ്ക്കും പുതുമയാര്‍ന്ന ആവിഷ്‌കാരങ്ങള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്നു തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു.
മധു അമ്പാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം '1:1.6, ആന്‍ ഓഡ് ടു ലവ്', ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച 'അമരം', 'ഓകാ മാഞ്ചി പ്രേമകഥ', 'പിന്‍വാതില്‍' എന്നിവയാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. തനിക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ പ്രചോദനംനല്‍കിയത് അമ്മ സുലോചനയാണെന്ന് മധു അമ്പാട്ട് പറഞ്ഞു.
അച്ഛന്‍ കൊമരത്ത് ഭാഗ്യനാഥ് മജീഷ്യനായിരുന്നു. 'അമര'വും 'വൈശാലി'യുമടക്കം പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പം ചെയ്ത ചിത്രങ്ങളോരോന്നും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. സിനിമയോടുള്ള ഇഷ്ടം കരുത്തായി. മനോജ് നൈറ്റ് ശ്യാമളനുമായുള്ള സൗഹൃദം ലോകസിനിമയിലെത്തിച്ചു. അദ്ദേഹത്തിന്റെ 'പ്രേയിങ് വിത്ത് ആംഗര്‍' ചെയ്യുമ്പോള്‍, സിനിമയെന്നത് ലോകഭാഷയാണെന്ന ബോധ്യം മുന്നോട്ടുനയിച്ചു. - മധു അമ്പാട്ട് പറഞ്ഞു.
Content Highlights: madhu ambat honoured in iffk