മണിക്കൂറുകള്‍ വരിനിന്നിട്ടും പലര്‍ക്കും കാണാനായില്ല; 'അനോറ'യ്ക്കായി തിരക്ക്, ബഹളം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം നാള്‍ കൈയടക്കി, കാന്‍ മേളയില്‍ പാംദിയോര്‍ പുരസ്‌കാരം നേടിയ അമേരിക്കന്‍ ചിത്രം 'അനോറ'. പ്രേക്ഷകര്‍ കാത്തിരുന്ന ഈ സിനിമ പ്രദര്‍ശിപ്പിച്ച ടാഗോര്‍ തിയേറ്ററും പരിസരവും തിങ്കളാഴ്ച തിരക്കിലും ബഹളത്തിലും മുങ്ങി.
മണിക്കൂറുകള്‍ വരിനിന്നിട്ടും സിനിമ കാണാനാകാതെ നിരാശരായി മടങ്ങുകയായിരുന്നു ഏറെപ്പേരും.
3.30-ന് പ്രദര്‍ശിപ്പിച്ച ചിത്രം കാണാനായി രാവിലെ 11 മുതല്‍ ടാഗോര്‍ പരിസരത്ത് ഡെലിഗേറ്റുകള്‍ വരിനിന്നു.
എന്നാല്‍, 70 ശതമാനം ബുക്കിങ്ങും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റും പോയിക്കഴിഞ്ഞപ്പോള്‍ ക്യൂ നിന്നവര്‍ക്ക് തിയേറ്ററിലേക്കു കടക്കാനായില്ല.
ഇതോടെ ടാഗോര്‍ പരിസരത്ത് കൂക്കിവിളിയും ബഹളവും നിറഞ്ഞു. ഈ ചിത്രം കാണാന്‍ മാത്രമായി വന്നവര്‍ പോലും നിരാശരായി മടങ്ങുകയായിരുന്നു. കാനിനു പുറമേ ഗോള്‍ഡന്‍ ഗ്ലോബിലും തിളങ്ങിയ 'അനോറ', ഈ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു.
ബുധനാഴ്ച 12-ന് ഏരീസ് പ്ലക്‌സിലാണ് ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം.
ചിത്രങ്ങളുടെ ബുക്കിങ് സൗകര്യം തലേദിവസം രാവിലെതന്നെ തുറന്നുകൊടുക്കുന്നത് വന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഡെലിഗേറ്റുകള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ട്. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സീറ്റുകള്‍ നിറയും. ഇതോടെ ഇഷ്ടസിനിമകള്‍ കാണാന്‍ മിക്കവരും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ്. വരിനിന്നാലും അവസാന നിമിഷം പുറത്താവും. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്. ഒരു ദിവസം മുന്‍പേ ബുക്കിങ് തുടങ്ങാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. തിങ്കളാഴ്ച രാവിലെ ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ ഒന്നില്‍ സിനിമ തുടങ്ങാന്‍ വൈകിയതും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 11.45-ന് തുടങ്ങേണ്ട സിനിമയാണ് വൈകിയത്.
Content Highlights: long que for movie anora