ലോകത്തിലേക്ക് തുറന്നിട്ട ജാലകം; കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല

#സ്വന്തം ലേഖകന്‍
29-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
29-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

തിരുവനന്തപുരം: ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള സർഗാത്മക കാഴ്ചകൾ സമ്മാനിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. അവസാനദിനമായ ഇന്ന് പകൽ അഞ്ച് തിയേറ്ററുകളിലായി 11 സിനിമകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. സമാപന സമ്മേളത്തിന് ശേഷം സുവർണ ചകോരം നേടുന്ന ചിത്രവും പ്രദർശിപ്പിക്കും.

നിശാഗാന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. സംവിധായിക പായൽ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’, മുഖ്യമന്ത്രി സമ്മാനിക്കും. സുവർണ ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. 

പോളിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കും. റവന്യുവകുപ്പ് മന്ത്രി കെ.രാജൻ,  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി. ശിവൻകുട്ടി എന്നിവർ ചേർന്ന് അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലുലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നുലക്ഷം രൂപയും ലഭിക്കും. കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടുലക്ഷം രൂപയും  ലഭിക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

Content Highlights: The 29th Kerala International Film Festival concludes today