‘ഫെമിനിച്ചി ഫാത്തിമ’ അടിമുടി പൊന്നാനിപ്പടം; മേളകഴിഞ്ഞിട്ടും താരം, നാട്ടുകാരും ഹാപ്പി

പൊന്നാനി: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽനിന്ന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം കരസ്ഥമാക്കിയ ‘ഫെമിനിച്ചി ഫാത്തിമ’ അടിമുടി പൊന്നാനിപ്പടം. സിനിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് എടപ്പാൾ സ്വദേശിയാണ്. അസോസിയേറ്റ് ഡയറക്ടർ മുസ്തഫ സർഗവും അസി. ഡയറക്ടർമാരായ അഭിലാഷും ആഗ്നേയും പൊന്നാനിക്കാർ. ടെക്നിക്കൽ ടീമിൽ ആറുപേർ മാത്രമാണുള്ളത്. ഇതിൽ നാലുപേരും പൊന്നാനിക്കാരാണ്. ക്യാമറാമാൻ പ്രിൻസും അസി. ഡയറക്ടർമാരിൽ ഒരാളായ പ്രശോഭും മാത്രമാണ് പൊന്നാനിക്കുപുറത്തുനിന്നുള്ളവർ.
അഭിനേതാക്കളിൽ നായകനും നായികയും ഒഴികെയുള്ള മുഴുവൻ പേരും പൊന്നാനിക്കാർ. കുട്ടികളുടെ വേഷമിട്ട അഖിൽ നസ്വി, ഹനാന, മീൻകാരനായി വേഷമിട്ട സലാം, സുഹ്റാത്തയായി അഭിനയിച്ച വിജി വിശ്വനാഥ്, ഉസ്താദിന്റെ ഉമ്മയായി വേഷമിട്ട പുഷ്പ എന്നിവരൊക്കെയും പൊന്നാനിക്കാരാണ്.
അസോസിയേറ്റ് ഡയറക്ടറായ മുസ്തഫ സർഗവും വേഷമിട്ടിട്ടുണ്ട്. കുഞ്ഞുട്ടിപ്പ തങ്ങളായാണ് മുസ്തഫ അഭിനയിച്ചിട്ടുള്ളത്. വിജി വിശ്വനാഥ് പ്രമുഖ സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥിന്റെ ഭാര്യയാണ്. പുഷ്പ അധ്യാപികയുമാണ്.
ചിത്രത്തിൽ ഫാത്തിമയായി എത്തിയിരിക്കുന്നത് പട്ടാമ്പി സ്വദേശിയായ ഷംല ഹംസയാണ്. ഭർത്താവ് അഷ്‌റഫായത് കുമാർ സുനിലും. ഇവരുടെ മൂന്ന് മക്കളിൽ ഒരാളായി വേഷമിട്ട ആകാശ് പട്ടാമ്പിക്കാരനാണ്. സിനിമയുടെ മുഴുവൻ ചിത്രീകരണവും നടന്നത് പൊന്നാനി എം.ഇ.എസ്. കോളേജിനു പിന്നിലെ തീരദേശത്താണ്. ഇവിടത്തെ നാട്ടുകാരും സിനിമയുടെ ഭാഗമായുണ്ട്.
പൊന്നാനിയിലെ സാധാരണക്കാരിയായ ഫാത്തിമ രണ്ട് കുട്ടികൾക്കും ഭർത്താവായ മദ്രസ അധ്യാപകൻ അഷ്റഫിനൊപ്പവുമാണ് താമസിക്കുന്നത്. മൂത്ത ആൺകുട്ടി രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു. വിവേചനത്തിന്റെയും ആൺമേൽക്കോയ്മയുടെയും വിവിധ വശങ്ങൾ സിനിമ പറഞ്ഞുവെക്കുന്നു. ഐ.എഫ്.എഫ്.കെ.യിൽ മികച്ച പ്രേക്ഷകപ്രതികരണവും സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്.
സംവിധായകനെ വീട്ടിലെത്തി അഭിനന്ദിച്ച് എം.എൽ.എ.
പൊന്നാനി: ഐ.എഫ്.എഫ്.കെ.യിൽ തിളങ്ങിയ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകനെ വീട്ടിലെത്തി അഭിനന്ദിച്ച് പി. നന്ദകുമാർ എം.എൽ.എ. ഇത്തവണത്തെ ഐ.എഫ്.എഫ്.കെ.യിൽ ജനപ്രിയസിനിമ ഉൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത സിനിമയായ 'ഫെമിനിച്ചി ഫാത്തിമ' നേടിയത്. ഇതോടെയാണ് ഫാസിൽ മുഹമ്മദിനെ നേരിട്ട് വീട്ടിലെത്തി എം.എൽ.എ. അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്.
ഒരുപിടി കലാകാരൻമാരെ ഒരേ മനസ്സോടെ അണിനിരത്തി നടത്തിയ ടീം വർക്കാണ് 'ഫെമിനിച്ചി ഫാത്തിമ'യെ പ്രേക്ഷകഹൃദയത്തിലേക്ക് എത്തിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, വാർഡ് കൗൺസിലർ മഞ്ചേരി ഇഖ്ബാൽ, അഡ്വ. പി.കെ. ഖലീമുദ്ദീൻ, സി.പി. മുഹമ്മദ് കുഞ്ഞി, എ. ശിവദാസൻ എന്നിവരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.
Content Highlights: feminichi fathima ponnani movie fazil muhammad