ഈ സിനിമയ്ക്കും 10 വര്‍ഷം വേണ്ടിവന്നു, അവര്‍ക്കൊപ്പം എട്ടുവര്‍ഷം താമസിച്ചു- ജയന്‍ ചെറിയാന്‍

ജയന്‍ ചെറിയാന്‍
ജയന്‍ ചെറിയാന്‍

ര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ അധികമാര്‍ക്കും അറിയാക്കഥ പറഞ്ഞ ജയന്‍ ചെറിയാന്റെ 'റിഥം ഓഫ് ദമാം' നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിന്മയി സിദ്ദി എന്ന 14-കാരന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തലമുറകളായി ഒരു കമ്യൂണിറ്റി നേരിടുന്ന അടിച്ചമര്‍ത്തലും അവരുടെ അതിജീവനവും വരച്ചുകാട്ടുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു. 

30 വര്‍ഷത്തിനിടെ മൂന്ന് സിനിമ, എട്ട് വര്‍ഷം സിദ്ദി സമൂഹത്തിനൊപ്പം താമസം
30 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആകെ മൂന്ന് സിനിമകളെ ചെയ്തിട്ടുള്ളൂ. ഓരോ സിനിമയുടേയും റിസേര്‍ച്ചിന് 10 വര്‍ഷത്തോളം എടുക്കാറുണ്ട്. ഈ സിനിമയ്ക്കും ഏകദേശം 10 വര്‍ഷം വേണ്ടിവന്നു. പഠിക്കുന്ന കാലം തൊട്ടേ റിസേര്‍ച്ചിന്റെ ഭാഗമായി അടിമ വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. 2016 മുതല്‍ സിദ്ദി കമ്യൂണിറ്റിയുമായി ബന്ധമുണ്ട്. 2018 മുതല്‍ അവിടെ  വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. എട്ട് വര്‍ഷം കൊണ്ട് സജീവമായി ഈ സിനിമ എഴുതി.

സംഗീതം ഇവരുടെ രക്തത്തിലുള്ളത്, ട്രെയിനിങ് വേണ്ടിവന്നത് ക്യാമറയ്ക്ക് മുന്നില്‍ പെരുമാറാന്‍
ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പമാണല്ലോ എന്റെ താമസം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിന്മയി സിദ്ദിയുടെ വീട്ടിലായിരുന്നു താമസം. അവന് ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ എനിക്കറിയാം. എന്റെ സുഹൃത്ത് മോഹനന്റെ പെങ്ങളുടെ മകനാണ്. ഇവര്‍ക്കൊപ്പം താമസിച്ച് അവരിലെ മുതിര്‍ന്നവര്‍ക്ക് അറിയാവുന്ന ഒരുപാട് കഥകള്‍ മനസ്സിലാക്കി. അതില്‍ അന്വേഷണം നടത്തി, അവരെത്തന്നെ കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കിയത്. ഈ കഥാപാത്രങ്ങളൊക്കെ എന്റെ തലയില്‍ തന്നെ വളരുകയായിരുന്നു. ചിത്രം എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കാസ്റ്റിങ് കോള്‍ വിളിച്ചത്. 

ക്യാമറയ്ക്ക് മുന്‍പില്‍ എങ്ങനെ പെരുമാറണം എന്നതിന് ട്രെയിനിങ് വേണ്ടിവന്നു. കല എന്നത് സിദ്ദി കമ്യൂണിറ്റിയുടെ രക്തത്തിലുള്ളതാണ്. ഡാന്‍സും സംഗീതവും ഒക്കെ അവരുടെ രക്തത്തിലുണ്ട്. മൂന്ന് വര്‍ഷത്തോളം സജീവമായി ഗ്രൂം ചെയ്യേണ്ടിവന്നു. സിദ്ദി കമ്യൂണിറ്റിയിലുള്ളവര്‍ ഇന്ത്യയിലൊട്ടാകെയായി ഒന്നരലക്ഷത്തോളമുണ്ടെന്നാണ് വിവരങ്ങള്‍. 

ഐ.എഫ്.എഫ്.കെ ഫിലിം മേക്കേഴ്‌സിനെ ആഘോഷിക്കുന്ന മേള
ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്രമേളകള്‍ ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഊര്‍ജസ്വലമായ മേളകളില്‍ ഒന്നാണിത്. അസാമാന്യ സിനിമ സാക്ഷരതയുള്ള പ്രേക്ഷകരാണ് നമ്മുടേത്. ഒരുപാട് കാരണങ്ങള്‍കൊണ്ട് പ്രത്യേകതകള്‍ നിറഞ്ഞ മേളയാണിത്. ഫിലിം മേക്കേഴ്‌സിനെ ആഘോഷിക്കുന്ന മേളയാണ് ഐ.എഫ്.എഫ്.കെ. സിനിമയെ ബഹുമാനിക്കുന്ന ഒരു ഇടമാണിത്. ഒരു പുണ്യമായ ഇടമാണിതെന്ന് പറയാം.  

സെന്‍സര്‍ഷിപ്പ് എന്നത് തെറ്റായ ഒരു ആശയം
സെന്‍സര്‍ഷിപ്പ് എന്നത് തെറ്റായ ഒരു ആശയമാണ്. നമ്മളെ നാണംകെടുത്തുന്ന കൊളോണിയല്‍ വിധേയത്വത്തിന്റെ ബാക്കിപത്രമാണിത്. സെക്യുലറെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ബ്രിട്ടീഷുകാരുണ്ടാക്കിയ ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് ആക്ട് കടമെടുത്തുകൊണ്ടാണ് പുതിയ ആക്ട് ആക്കി അവതരിപ്പിച്ചത്. ആര്‍ട്ടിസ്റ്റിക് സ്‌പേസില്‍ സര്‍ക്കാര്‍ ഇടപെടുക എന്നത് ജനാധിപത്യ സമൂഹത്തിലെ വളരെ അശ്ലീലമായ കാര്യങ്ങളിലൊന്നാണ്.

Content Highlights: rhythm of dammam movie director jayan cherian