തമിഴ് സിനിമ സംവിധാനം ചെയ്ത് കയ്യടി വാങ്ങിയ മലയാളി | Vipin Radhakrishnan Interview

Photo Courtesy: IFFK
Photo Courtesy: IFFK

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് അങ്കമ്മാള്‍. അടിച്ചേല്‍പ്പിക്കലിന്റെ കഥ ഒരു ബ്ലൗസില്‍ കൂടി പറഞ്ഞു പോവുകയാണ് സംവിധായകന്‍ ചെയ്യുന്നത്. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളിയായ വിപിന്‍ രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കിലും കേട്ടാല്‍ മനസ്സിലാകുമെന്ന് വിപിന്‍ പറയുന്നു. ഭാഷയിലുള്ള പരിമിതികള്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നപ്പോള്‍ വലിയൊരു പ്രശ്‌നം അല്ലാതായിത്തീര്‍ന്നെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പെരുമാള്‍ മുരുകന്റെ കോടിത്തുണി

പെരുമാള്‍ മുരുകന്റെ ചെറുകഥ കോടിത്തുണിയെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരുഗ്രാമത്തില്‍ മകന്‍ അമ്മയെ ബ്ലൗസ് ഇടീക്കാന്‍ ശ്രമിക്കുന്നതാണ് കോടിത്തുണി എന്ന ചെറുകഥയില്‍ പറയുന്നത്. വായിച്ചപ്പോള്‍ വളരെ ആകാംക്ഷ തോന്നി. ആ ചെറുകഥയുടെ തീം ഇപ്പോഴും യൂണിവേഴ്‌സലി പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. അതാണ് ഈ പടം ചെയ്യാനുള്ള പ്രചോദനം.

ഭാഷാ പരിമിതികള്‍ മറികടന്ന് സംവിധാനം

തമിഴ് കേട്ടാല്‍ എനിക്ക് മനസ്സിലാകും. പറയാനുള്ള ബുദ്ധിമുട്ടേയുള്ളു.  അഭിനേതാക്കളുടെ ഇന്‍ഫ്‌ളുവന്‍സൊക്കെ ഭാഷാ പ്രശ്‌നത്തെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഭാഷണം എഴുതിയത് സുധാകരും സന്ദീപുമാണ്. സുധാകര്‍ ഇതിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലിയില്‍ നിന്നുള്ളയാളാണ് സുധാകര്‍. 

കട്ടക്ക് നിന്ന കൂട്ടുകാര്‍

സുഹൃത്തുക്കളായ അഞ്ജയ് സാമുവലും ഫിറോസ് റഹീമും കൂടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഞ്ജയ് സാമുവലാണ് ചിത്രത്തിന്റെ ഡി.ഒ.പി. ശംസുദ്ധീന്‍ ഖാലിദ്, അനു എബ്രഹാം എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.

അങ്കമ്മാളായി ഗീത കൈലാസം

ഗീത കൈലാസമാണ് അങ്കമ്മാള്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഗീതാ കൈലാസത്തിലേക്ക് എത്തുന്നത്. അങ്കമ്മാള്‍ എന്ന ക്യാരക്ടറിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ സുഹൃത്ത് ഗീതാ കൈലാസത്തെ നിര്‍ദേശിക്കുകയായിരുന്നു. നവരസം അടക്കമുള്ള അവരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ കണ്ടിരുന്നു. മികച്ച ഒരു അഭിനേതാവാണ് അവര്‍. വളരെ നാച്ചുറലായ, മികച്ച സ്‌ക്രീന്‍ പ്രസന്‍സുള്ള നടിയാണ് ഗീതാ കൈലാസം.

മെയ്യഴകന്‍, വട ചെന്നൈയിലൊക്കെ അഭിനയിച്ച ശരണ്‍ ആണ് അങ്കമ്മാളിന്റെ മകന്റെ റോള്‍ ചെയ്തിരിക്കുന്നത്. വടചെന്നൈയിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് പുള്ളിയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

നാടോടികളിലൂടെ എല്ലാര്‍ക്കും അറിയുന്ന ആര്‍ട്ടിസ്റ്റാണ് ഭരണി. എഴുതിവെച്ച സീനില്‍ ചേട്ടന്‍ ക്യാരക്ടറിന് പുള്ളി അനുയോജ്യനെന്ന് തോന്നി അങ്ങനെയാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത്. മുല്ലയരസിയും തെന്‍ട്രലും ഓഡീഷന്‍ വഴി വന്നതാണ്. 

എന്ന് നിന്റെ മൊയ്തീനില്‍ നിന്ന് അങ്കമ്മാളിലേക്ക്

ചിത്രത്തിന്റെ സംഗീതസംവിധാനം മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ മുക്കത്തെ പെണ്ണെ എന്ന പാട്ട് എഴുതിയതും പാടിയതുമൊക്കെ അദ്ദേഹമാണ്. എല്ലാവര്‍ക്കും അറിയാവുന്നയാളാണ് മന്‍സൂര്‍. സംഗീത സംവിധായകനായിട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയാണ് ഇത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വര്‍ക്കായിട്ടാണ് വ്യക്തിപരമായിട്ട് എനിക്ക് തോന്നിയത്. 

സാങ്കേതികപരമായി യാതൊരുവിധത്തിലുള്ള കോംപ്രമൈസും ചെയ്യാതെ പടം എടുക്കണമെന്നുണ്ടായിരുന്നു. ഇവര്‍ എല്ലാവരും കട്ടക്ക് കൂടെ നിന്നത് ഏറെ ഗുണകരമായി.

ഇനി തിയേറ്ററില്‍ കാണാം

സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. കുറേ പേര്‍ നല്ല അഭിപ്രായം പറയുന്നുണ്ട്. സിനിമ പിടിക്കാന്‍ ഇന്ന് പഴയതിനേക്കാള്‍ എളുപ്പമാണ്. എന്നാല്‍ അതിന് വിസിബിലിറ്റി കിട്ടുക എന്നതാണ് പ്രശ്‌നം. അതിന് ഐഎഫ്എഫ്‌കെ പോലുള്ള ഫെസ്റ്റിവല്‍ ഏറെ സഹായകരമാകുന്നുണ്ട്. സിനിമാസ്വാദകരെ തിയേറ്ററിലേക്ക് കൊണ്ടുവരാനും കൃത്യമായ റിവ്യൂ ജനങ്ങളില്‍ എത്തിക്കാനും ഫെസ്റ്റിവലുകള്‍ സഹായിക്കുന്നുണ്ട്. 

അങ്കമ്മള്‍ ഇനി തിയേറ്ററിലെത്തിക്കണം. അതിന്റെ കുറച്ചധികം ജോലികള്‍ കൂടി ബാക്കിയുണ്ട്. വാണിജ്യഘടകങ്ങളടക്കം നോക്കേണ്ടതുണ്ട്. ഡിസ്ട്രിബ്യൂഷനും മറ്റും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

രണ്ട് വര്‍ഷത്തോളമായി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ട്. 2022 അവസാനത്തിലാണ് ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുന്നത്. മാമി ഫെസ്റ്റിവലിലായിരുന്നു ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇതിന് പുറമെ ഗുവാഹാട്ടിയില്‍ നടക്കുന്ന ബ്രഹ്‌മപുത്ര ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാമത്തെ ഫെസ്റ്റിവലാണ്. ഇതിന്റെ തിയേറ്റര്‍ റിലീസും കാര്യങ്ങളുമൊക്കെ കഴിഞ്ഞ ശേഷം പുതിയതിലേക്ക് ഇറങ്ങണം.

Content Highlights: angammal movie director vipin radhakrishnan interview