പ്രാപ്പെട, ഇത് ഫാന്റസിയുടെ കുത്തൊഴുക്ക്, പരീക്ഷണങ്ങളുടെ ആറാട്ട് | Prappeda Review

#രൂപശ്രീ ഐ വി
IFFK
IFFK

പ്രാപ്പെട - പേരില്‍ നിന്നുതന്നെ തുടങ്ങുന്നു ഈ സിനിമയിലെ രഹസ്യങ്ങളും നിഗൂഢതകളും. പ്രാപ്പെട എന്നാല്‍ പെണ്‍ പ്രാവ്. 'ഹോക്‌സ് മഫിന്‍' എന്ന് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോള്‍ അര്‍ത്ഥം പരുന്തിന്റെ ഭക്ഷണം എന്നാകും. പ്രാപ്പെട കണ്ടിറങ്ങുമ്പോള്‍ ഉത്തരങ്ങള്‍ക്ക് പകരം നൂറു ചോദ്യങ്ങളാകും പ്രേക്ഷകരുടെ മനസ്സില്‍ ബാക്കിയാവുക. വീണ്ടും വീണ്ടും പുതിയ അര്‍ത്ഥങ്ങളിലേക്ക് വഴി തുറക്കാന്‍ കെല്‍പ്പുണ്ട് പ്രാപ്പെടയ്ക്ക്. ഓരോ കാഴ്ചകള്‍ കഴിയുമ്പോള്‍ മാത്രമാകും ചിത്രം പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാവുക എന്ന് സംവിധായകന്‍ കൃഷ്ണേന്തു കലേഷ് തന്നെ സമ്മതിക്കുന്നു. 

നാം കണ്ടു ശീലിച്ച സിനിമയുടെ മതില്‍ക്കെട്ടുകളെല്ലാം തകര്‍ത്തെറിയുന്നുണ്ട് മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ പ്രപ്പെട. കൃഷ്ണേന്തു കലേഷിന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത് ഫാന്റസിയുടെയുടെയും പരീക്ഷണങ്ങളുടെയും പുതിയ ലോകമാണ്. സ്ഥലം, സമയം, വിഷയം, ആഖ്യാനം തുടങ്ങിയവയിലെല്ലാം നാം ഇന്നുവരെ കാണാത്ത പരീക്ഷണങ്ങളാണ്  സംവിധായകന്‍ നടത്തിയിരിക്കുന്നത്. പരമ്പരാഗത സിനിമയുടെ ഭാഗമാകാന്‍ തനിക്ക് താല്പര്യമില്ലെന്ന അദ്ദേഹത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനം കൂടിയാണ് പ്രപ്പെട.

ആഖ്യാനത്തില്‍ ഒരു പൊതു വിഷയത്തെ ആശ്രയിക്കുന്നില്ലെന്നു മാത്രമല്ല പലയിടത്തും  നിശബ്ദ സിനിമയുടെയും സയന്‍സ് ഫിക്ഷന്റെയും ശൈലിയും ഡിസ്‌ഡോപിയന്‍ രീതികളും കടന്നു വരുന്നുണ്ട്.

സാമാന്യമായി പെരുമാറുന്ന കഥാപാത്രങ്ങളാരും തന്നെ ചിത്രത്തിലില്ല. അവരില്‍ പലരും സംസാരിക്കുന്ന ഭാഷ പോലും എന്തെന്ന് വ്യക്തമല്ല. ചിലര്‍ സംസാരിക്കുന്നതേ ഇല്ല താനും. മൂകാഭിനയങ്ങളും പശ്ചാത്തലവും സംഗീതവും പലയിടത്തും നാടകത്തിന്റെ പരിവേഷവും ചിത്രത്തിന് നല്‍കുന്നുണ്ട്. ഒരൊറ്റ കാഴ്ചയില്‍ ഇതെല്ലാം ചേര്‍ത്തുവച്ചു വായിക്കാന്‍ പ്രേക്ഷകര്‍ നന്നേ പാടുപെടുമെന്ന് തീര്‍ച്ച.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിലെ ചില അഖ്യാന പരീക്ഷണങ്ങള്‍ പ്രപ്പെടയില്‍ മുഴുനീളെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കേതകി നാരായണനും നീന കുറുപ്പിനും സംഭാഷണങ്ങളില്ല. അതിഥി വേഷത്തില്‍ എത്തുന്ന രാജേഷ് മാധവന്റെ അന്യഗ്രഹ ജീവിയോട് സമാനമായ കഥാപാത്രത്തിന്റെ പ്രകടനം അമ്പരപ്പിക്കും.

റോബോട്ടുകളും നൂതന സാങ്കേതിക വിദ്യകളും വരെ കഥാപാത്രങ്ങള്‍ക്ക് സഹായത്തിനെത്തുമ്പോഴും ചില മിത്തുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മീതെയാണ് കഥകളുടെ ഒരു കൂമ്പാരം കൃഷ്ണേന്തു കലേഷ് കെട്ടിപ്പടുക്കുന്നത്.

2022 റൊട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ബറൈറ്റ് ഫ്യൂച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കണ്ടിരിക്കേണ്ടതാണ്.
 

Content Highlights: Prappeda Review, Hawk's muffin, Krishnendu Kalesh, IFFK 2022, International Film Festival Of Kerala