അക്രമിയാണോ ഇരയാണോ കുറ്റവാളി? | The Rapist Review

ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപനത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിശോധനയാണ് അപർണ സെൻ സംവിധാനം ചെയ്ത ദി റേപ്പിസ്റ്റ്. കൊങ്കണ സെൻ ശർമയുടെ ക്രിമിനൽ സൈക്കോളജി പ്രൊഫസറായ നൈനയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം.
ഗാർഹിക പീഡനത്തിന്റെയും ശിശുഹത്യയുടെയും കേസിൽ കുടുങ്ങിയ ഒരു സ്‌കൂൾ സൂക്ഷിപ്പുകാരിയുടെ മകളെ സഹായിക്കാൻ ചേരിയിൽ എത്തിയ നൈന അതിക്രൂരമായമായി പീഡിപ്പിക്കപ്പെടുന്നു. സഹപ്രവർത്തക കൊല്ലപ്പെടുന്നു. നീതി ലഭിക്കാൻ തുടർന്ന് നൈന നടത്തുന്ന പോരാട്ടവും അതിനുവേണ്ടി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.
പീഡനത്തിന് ഇരയാക്കപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്നവർക്കെതിരായ സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ചിത്രം വ്യക്തമായി വരച്ചുകാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ചുറ്റുപാടുമുള്ളവരിൽ നിന്നും നേരിടേണ്ടിവരുന്ന ചോദ്യങ്ങളും അവഗണനയും നൈനയെന്ന കഥാപാത്രം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ/കടന്നുപോകുന്ന ആയിരക്കണക്കിന് ഇന്ത്യൻ പെൺകുട്ടികളുടെ പ്രതിനിധിയാണ്.
അക്രമിയാണോ ഇരയാക്കപ്പെട്ടയാളാണോ പ്രതിയെന്ന ചോദ്യം കാണുന്ന പ്രേക്ഷകരോട് മാത്രമല്ല, സമൂഹത്തോടൊന്നാകെ ചോദിക്കുകയാണ് നൈന. സമകാലിക ഇന്ത്യയിൽ നിർബന്ധമായും ചോദിക്കേണ്ട ചോദ്യങ്ങളും പറയേണ്ട സത്യങ്ങളുമാണ് ഒറ്റവാക്കിൽ ദി റേപ്പിസ്റ്റ്.
Content Highlights: iffk 2022, the rapist movie review, aparna sen, konkona sen sharma