കൗമാരത്തിന്റെ കരുത്തും കാമനകളും | Murina Review

മുറിനയിൽ നിന്നൊരു രം​ഗം
മുറിനയിൽ നിന്നൊരു രം​ഗം

വിശാലമായ നീലക്കടലിൽ അ‌ങ്ങിങ്ങ് ഉയർന്നുനിൽക്കുന്ന ചെറുതുരുത്തുകൾ ഉയർന്നുനിൽക്കുന്ന ക്രൊയേഷ്യൻ തീരം പശ്ചാത്തലമാക്കി കൗമാരക്കാരിയായ യൂലിയയുടെ കഥ പറയുന്ന ചിത്രമാണ് 'മുറിന'. ആന്റോനിറ്റ അ‌ലമാത് ക്യുസ്യനോവിച്ചിന്റെ ആദ്യ ഫീച്ചർ ഫിലിമായ 'മുറിന' കാൻ ഫിലിം ഫെസ്റ്റിവലിൽ കാമറ ഡി'ഓർ പുരസ്കാരം നേടിയിരുന്നു. കടലിന് മുകളിലുള്ള ദൃശ്യങ്ങൾ മാത്രമല്ല വെള്ളത്തിനടിയിലുള്ള രംഗങ്ങൾ കൊണ്ടും ചിത്രം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നുണ്ട്.

മുറിന മത്സ്യങ്ങളെ (പ്രത്യേകതരം ഈൽ) പിടിക്കാനായി പോകുന്ന യൂലിയയുടെയും പിതാവ് ആന്റെയും അ‌ണ്ടർവാട്ടർ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. അ‌വർക്കിടയിലുള്ള പിരിമുറുക്കം ആദ്യ രംഗങ്ങളിൽ തന്നെ ചിത്രം വ്യക്തമാക്കുന്നുണ്ട്. ഭാര്യയും മകളും തന്റെ വരുതിയ്ക്ക് നിൽക്കണമെന്ന് ശഠിക്കുന്ന വേണ്ടിവന്നാൽ കയ്യേറ്റത്തിനു  പോലും തയ്യാറുള്ള ആന്റെയ്ക്കൊപ്പം യൂലിയയുടെയും അ‌മ്മ നെലയുടെയും ജീവിതം അ‌ത്ര സുഖകരമല്ല. എന്നാൽ, അ‌വർക്കത് സഹിക്കുകയല്ലാതെ മറ്റ് നിർവാഹമൊന്നുമില്ല.

കുടുംബസുഹുത്തും സമ്പന്നനുമായ ഹാവി ആന്റെയുടെ ക്ഷണപ്രകാരം ഒരു സ്ഥലക്കച്ചവടത്തിനായി അവരുടെ വീട്ടിൽ അ‌തിഥിയായി എത്തുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. ഹാവിയെ സന്തോഷിപ്പിക്കാനായി ആന്റെയും നെലയും വിരുന്നൊരുക്കുന്നു. ഹാവിയുടെയും അ‌മ്മ നെലയുടെയും പെരുമാറ്റത്തിൽ നിന്നും അ‌വർക്കിടയിൽ പ്രണയത്തിന്റെ ഒരു അ‌ദൃശ്യനൂലുണ്ടെന്ന് യൂലിയ കണ്ടുപിടിക്കുന്നു. അ‌തവളെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഹാവിയ്ക്കൊപ്പം ഒരു ശോഭനമായ ഭാവി അവൾ സ്വപ്നം കാണുന്നു. അതിനായവൾ അ‌മ്മയെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും കുടുംബസ്ഥനായ ഹാവിയുടെ കൂടെ പോകാനാവില്ലെന്ന് നെല മകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്.

നെല ആ സാഹചര്യത്തെ പക്വതയോടെ നേരിടുമ്പോൾ കൗമാരക്കാരിയായ യൂലിയ ഹാവിയുടെ കരുതലിലും സ്നേഹത്തിലും ആകൃഷ്ടയാവുകയാണ്. തന്റെ ഉപരിപഠനത്തിനാായി ഹാവിയ്ക്കൊപ്പം പോകുമെന്ന് ​യൂലിയ ​വെളിപ്പെടുത്തുന്നതോടെ ആന്റെ ക്രുദ്ധനാവുന്നു. വീട്ടിൽ തടവിലാക്കപ്പെടുന്ന യൂലിയ അ‌വിടെനിന്ന് രക്ഷപ്പെടുന്നുണ്ടെങ്കിലും അ‌വളെ കൂടെക്കൂട്ടാൻ ഹാവി തയ്യാറാവുന്നില്ല. കപടതകളുടെ ലോകത്ത് താൻ ആഗ്രഹിച്ച​തൊന്നും നടന്നില്ലെങ്കിലും യൂലിയ പ്രതീക്ഷകളുടെ പുതിയൊരു തീരത്തേക്ക് നീന്തുന്നയിടത്ത് ചിത്രം അ‌വസാനിക്കുന്നു.

Content Highlights: iffk 2022, murina movie review, movies in iffk