കൂട്ടിലകപ്പെട്ട മനുഷ്യർ സൃഷ്ടിക്കുന്ന രസങ്ങൾ | Let It Be Morning Review

കയ്യിൽ കൊണ്ടുനടക്കാവുന്ന ഒരു പ്രാവിൻകൂടിന്റെ അഴികൾക്കിടയിലൂടെ കാണുന്ന വിവാഹവിരുന്നിന്റെ ദൃശ്യങ്ങളോടെയാണ് 'ലെറ്റ് ഇറ്റ് ബി മോണിങ്' ആരംഭിക്കുന്നത്. വധൂവരൻമാർക്ക് ആശംസകൾ നേർന്ന് ആകാശത്തേക്ക് പറപ്പിക്കാനാണ് പ്രാവുകളെ അത്താഴവിരുന്നിന് എത്തിച്ചിരിക്കുന്നത്. എന്നാൽ, കൂടിന് പുറത്തിറക്കിയ പ്രാവുകൾ പറക്കാൻ കൂട്ടാക്കാതെ മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കുകയാണ്. ഒടുവിൽ പ്രാവുകളെ അവയുടെ പാട്ടിനുവിട്ട് വിരുന്ന് അവസാനിപ്പിക്കുന്നു.
ഇളയ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഭാര്യ മിറയ്ക്കും മകനുമൊപ്പം ജെറുസലേമിൽ നിന്ന് താൻ ജനിച്ചുവളർന്ന ഗ്രാമത്തിൽ എത്തിയതാണ് സമി. ഇസ്രയേൽ ജീവിതത്തിലും അവിടത്തെ കാമുകിയിലും അഭിരമിക്കുന്ന സമി തിരികെ പോകാനുള്ള വ്യഗ്രതയിലാണ്. അത്താഴവിരുന്ന് കഴിഞ്ഞയുടൻ അയാൾ ഭാര്യയെയും മകനെയും കൂട്ടി ജോലിസ്ഥലമായ ജെറുസലേമിലേക്ക് തിരിക്കുന്നു. എന്നാൽ, ഗ്രാമാതിർത്തിയിൽ ഇസ്രായേൽ സൈന്യം അവരുടെ വാഹനം തടഞ്ഞ് ഗ്രാമത്തിൽ നിന്നുള്ള വഴി അടച്ചിരിക്കുകയാണെന്ന് അറിയിക്കുന്നു. ഗ്രാമത്തിന് പുറത്തുകടക്കാനുള്ള സമിയുടെ ശ്രമങ്ങൾ വിഫലമാകുന്നതോടെ ആ അറബ് ഗ്രാമത്തിൽ അവരും തടവിലാക്കപ്പെടുന്നു.
ഇസ്രയേലിലെ അറബ് ജനതയുടെ പ്രശ്നങ്ങൾ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് 'ലെറ്റ് ഇറ്റ് ബി മോണിങ്' എന്ന ചിത്രത്തിലൂടെ സംവിധായകൻ ഇറാൻ കോളിലിൻ. 2007ൽ പുറത്തിറങ്ങിയ സെയ്ദ് കഷ്വയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ടിനു ശേഷവും നോവലിൽ ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണെന്ന് ഈ കോളിലിൻ ചിത്രം വിളിച്ചുപറയുന്നു.
ഒട്ടും താൽപര്യമില്ലാതെ തന്റെ പഴയ ചുറ്റുപാടുകളിൽ പെടുന്ന സമിയ്ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. മൊബൈൽ നെറ്റ്വർക്കും വൈദ്യുതിയും പോലും നഷ്ടപ്പെട്ട ഭക്ഷണം പോലും തീർന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗൺ സാഹചര്യത്തിൽ പ്രത്യേകിച്ചും. മാതാപിതാക്കളുമായും സഹോദരനുമായും പഴയ സുഹൃത്തുക്കളും പരിചയക്കാരുമായും തുടങ്ങി തനിയ്ക്ക് താൽപര്യം നഷ്ടപ്പെട്ടുകഴിഞ്ഞ ഭാര്യയുമായി വരെ സമരസപ്പെടാനാകാതെ അയാൾക്ക് വീർപ്പുമുട്ടുന്നു. എന്നാൽ, പിന്നീടുണ്ടാകുന്ന സംഭവങ്ങൾ പതിയെ പതിയെ അതയാളെ പല തിരിച്ചറിവുകളിലേക്കും നയിക്കുകയാണ്.
'ഞങ്ങളുടെ കാലത്താണ് ഈ സംഭവമെങ്കിൽ നേരെ ഗേറ്റിലേക്ക് മാർച്ച് നടത്തുകയാണ് ചെയ്യുക. വെടിവെപ്പില രണ്ടോ മൂന്നോപേർ മരിക്കുമായിരിക്കും. പക്ഷേ, അതോടെ അടച്ചിട്ട അതിർത്തിയും തുറക്കപ്പെടും. ഇപ്പോൾ ഗ്രാമത്തിലുള്ള പിള്ളേരെല്ലാം ഭീരുക്കളാണ്' അതിർത്തി അടച്ചതിനെതിരേയുള്ള പിതാവിന്റെ വാക്കുകളും പ്രവർത്തനങ്ങളും സമി അറിയാതെ തന്നെ അയാളിൽ ചലനങ്ങളുണ്ടാക്കുന്നു. ചിറകുണ്ടായിട്ടും പറക്കാനാകാത്ത പ്രാവുകളാണ് താനുൾപ്പെടെയുള്ളവരെന്ന് തിരിച്ചറിവിലേക്ക് അയാളെ നയിക്കുന്നു. സഹോദരന് തന്നോടുള്ള ആരാധനയും വർഷങ്ങളായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും ഇപ്പോഴും സ്നേഹവായ്പോടെ പെരുമാറുന്ന സുഹൃത്ത് ആബിദുമെല്ലാം താനെത്ര ചെറിയ മനുഷ്യനാണെന്ന് അയാളെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ചെറിയ പ്ലോട്ടിൽ വലിയ കാര്യങ്ങൾ പ്രശ്നവൽക്കരിച്ചിരിക്കുന്ന ചിത്രം സാധാരണ സന്ദർഭങ്ങളിൽ വിചിത്രമായി പെരുമാറുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. മെഷീൻ ഗണ്ണിനു പകരം ഗിറ്റാർ വായിക്കുന്ന സൈനികനും സഹോദരന്റെ കയ്യിൽ ഗ്രനേഡ് കണ്ടെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഗ്രാമത്തിലെ പരാജയപ്പെട്ടുപോകുന്ന പ്രതിഷേധവുമെല്ലാം 'ലെറ്റ് ഇറ്റ് ബി മോണിങ്ങി'നെ തനതായ ഒരു ലോകത്ത് പ്രതിഷ്ഠിക്കുന്നുണ്ട്. 'ഇസ്രയേലി' ചിത്രമെന്ന് ലേബൽ ചെയ്തതിനെതിരേ അഭിനേതാക്കളുടെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നും പിൻവലിച്ചെങ്കിലും ഇസ്രയേലിന്റെ ഇത്തവണത്തെ ഔദ്യോഗിക ഓസ്കർ എൻട്രിയാണ് ചിത്രം.
Content Highlights: IFFK 2022, Let It Be Morning, Review, Israeli Movie, Oscar