ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തിനു നേരെ തൊഴിലാളി വർഗ്ഗത്തിന്റെ ചവിട്ട് | Chavittu Review

ചവിട്ടു കളി എന്ന കലാരൂപത്തിന്റെ അത്യന്തം രാഷ്ട്രീയപരമായ അടയാളപ്പെടുത്തലാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചവിട്ട്. സജാസ് റഹ്മാൻ ഷിനോസ് റഹ്മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചവിട്ട് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൈയടി നേടിയ ചിത്രമാണ്.
ഹൈനെസ്സ് ഓഡിറ്റോറിയം എന്നെഴുതിയ ഒരു കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന മിനി ബസിന്റെ ലോങ്ങ് ഷോട്ടിലാണ് ചിത്രം തുടങ്ങുന്നത്. അവിടെ ഒരു ക്ലബ്ബിന്റെ വാർഷികാഘോഷത്തിൽ ചവിട്ടുകളി അവതരിപ്പിക്കാനെത്തുന്ന ഒരു സംഘമായിരുന്നു അതിൽ. മലപ്പുറം മേഖലയിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ ചവിട്ടി പാടി കളിക്കുന്ന കലാരൂപമാണ് ചവിട്ടുകളി.
ചവിട്ടുകളിക്കുള്ള അരങ്ങൊരുക്കലിൽ തുടങ്ങുന്ന ചിത്രം മാസങ്ങൾ നീളുന്ന അവരുടെ പരിശീലനകളരിയിലേക്ക് പതിയെ പ്രേക്ഷകരെ നയിക്കുന്നു. കായികമായും ഏറെ അധ്വാനം ആവശ്യമുള്ള ചവിട്ടുകളിയുടെ ചൂടും ചുവടും കൃത്യമായി ഉറപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നു. മണ്ണിൽ പണി ചെയ്യുന്നവരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഥകളാണ് ചവിട്ടുകളി പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്.
പാടിയും പറഞ്ഞും മണ്ണിൽ കാൽ ചുവടുകൾ ആഞ്ഞു ചവിട്ടി ആ കലാകാരന്മാർ മുന്നേറുമ്പോൾ പ്രേക്ഷകരും അവർക്കൊപ്പം മനസുകൊണ്ട് ചുവടുവയ്ക്കും. ഏറ്റവുമൊടുവിൽ വേദിയിൽ ചവിട്ടുകളി കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനു മുകളിലേക്ക് കരിനിഴൽ വീഴ്ത്തി ചിത്രം മറ്റൊരു വഴിയിലേക്ക് നീങ്ങുമ്പോൾ തോറ്റു മടങ്ങാൻ താല്പര്യമില്ലാത്ത തൊഴിലാളി വർഗ്ഗത്തിന്റെ നിലപാടിന്റെ പ്രഖ്യാപനമായി ചവിട്ട് മാറുന്നു.
ചവിട്ടുകളിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന് ആ പേരു നൽകുന്നതെങ്കിലും ചിത്രത്തിന്റെ രാഷ്ട്രീയപരമായ വായനയിൽ അതിന് ദളിതരും തൊഴിലാളിവർഗ്ഗവും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ കരുത്തു കൈവരുന്നു. നാടകത്തിന്റെ സാങ്കേതങ്ങളെ ഏറെ സൂക്ഷ്മമായി സിനിമയ്ക്കുവേണ്ടി വിനിയോഗിക്കാനും സംവിധായകർക്ക് സാധിക്കുന്നു.
"ഞങ്ങളുടെ പാട്ടും ചവിട്ടും പിഴച്ചാൽ അതിനെ അതിജീവിക്കാൻ ഞങ്ങൾക്ക് കഴിയും, നിങ്ങളുടെ ജീവൻ പോയാൽ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?" ഏറെ രാഷ്ട്രീയപരമായ ഈ ചോദ്യമാണ് ചവിട്ട് മുന്നോട്ട് വയ്ക്കുന്നത്.
Content Highlights: iffk 2022, chavittu review, malayalam movies in iffk