അവളുടെ അതിജീവനത്തിന്റെ ആഴങ്ങളിലേക്ക് | Deep 6 Review

സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പുകൾക്കും തീരുമാനങ്ങൾക്കും പോരാട്ടത്തിനും ആർക്കും തല്ലിക്കെടുത്താനാവാത്ത തീക്കനലിന്റെ ചൂടുണ്ടാകും, എത്ര മുങ്ങി നിവർന്നാലും കണ്ടെത്താനാവാത്ത ആഴവും. തിലോത്തമ ഷോം പ്രധാന വേഷത്തിലെത്തുന്ന ബംഗാളി ചിത്രം ഡീപ് 6 പറയുന്നതും ഈ കഥയാണ്. മധുജ മുഖർജിയുടെ ആദ്യ ഫീച്ചർ സിനിമ നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാതാക്കളായ ഷൂർജിത് സിർകാർ, റൂണി ലാഹിരി എന്നിവർ ചേർന്നാണ്.
ഏതാണ്ട് മുപ്പത്തിനോടടുത്തു പ്രായമുള്ള മാധ്യമപ്രവർത്തക മിതുലിന്റെ മുത്തശ്ശിയുടെ മരണത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം പറയുന്നത് ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ അവിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനത്തിന്റെയും കഥയാണ്. ഒരു മാധ്യമ സ്ഥാപനത്തിൽ ലൈഫ് സ്റ്റൈൽ വിഭാഗത്തിലാണ് മിതുൽ ജോലി ചെയ്യുന്നത്. മുത്തശ്ശിയുടെ മരണത്തോടെ പൂർണമായും അവൾ ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങുന്നു. അതിൽ അവൾ ഏറെ സന്തോഷവതിയാണ്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ടോക്സിക് പ്രണയത്തെ സധൈര്യം വേണ്ടെന്നു വയ്ക്കാനും തന്റെ ഇഷ്ടങ്ങൾ കണ്ടെത്താനും അവൾക്ക് കഴിയുന്നു.
മിതുലിന്റെ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ മാത്രമാണ് രണ്ടര മണിക്കൂർ നീളുന്ന ചിത്രത്തിൽ പ്രധാനമായും കാണിച്ചിരിക്കുന്നതെങ്കിലും അവളുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഡീപ് 6 ന് സാധിക്കുന്നു.
തിലോത്തമ ഷോമിന്റെ അഭിനയ പാടവം ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട് മിതുൽ എന്ന കഥാപാത്രം. മാധ്യമപ്രവർത്തക കൂടി ആയിരുന്ന മധുജ മുഖർജി സ്വന്തം ജീവിതാനുഭവങ്ങൾ കൂടി ഫ്രെയിമിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ചിത്രം സത്യസന്ധമായ ആവിഷ്കാരമായി മാറുന്നു. സമകാലീന ഇന്ത്യൻ സമൂഹത്തിൽ സമാന സാഹചര്യങ്ങളിൽ ജീവിക്കുന്ന ഏതൊരു സ്ത്രീയുടെയും ഉള്ളുതൊടാൻ ചിത്രത്തിന് കഴിയുന്നു.
നഗരത്തിരക്കിന്റെ ചടുലതയും ഒറ്റയ്ക്കൊരാൾ താമസിക്കുന്ന വീടിന്റെ നിശ്ചലതയും വ്യക്തമായി ഒപ്പിയെടുക്കാൻ അവിക് മുഖോപാധ്യായയുടെ ക്യാമറയ്ക്ക് കഴിയുന്നു.
അന്തരിച്ച പ്രശസ്ത ബംഗാളി സംവിധായകനും നടനുമായ സൗമിത്ര ചാറ്റർജിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
Content Highlights: Deep 6 Movie Review, International Film Festival Of Kerala, IFFK 2022