1870 മുതല്‍ 2017 വരെയുള്ള ക്യാമറകള്‍ പ്രദര്‍ശനത്തിന്: ചലച്ചിത്രമേളയില്‍ ശ്രദ്ധനേടി 'ഫ്‌ലാഷ്ബാക്ക്‌സ്'

പനജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഗോവയിലെ കലാ അക്കാദമിയിലെ ആര്‍ട്ട് ഗാലറിയില്‍ 'ഫ്‌ളാഷ്ബാക്ക്‌സ്' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമറ എക്‌സിബിഷന്‍ കൗതുകമായി. 1870 മുതല്‍ 2017 വരെയുള്ള മോഡലുകള്‍ ഉള്‍പ്പെടെ ക്യാമറകളുടെ ചരിത്രവും പരിണാമവും അടുത്തറിയാന്‍ സഹായിക്കുന്ന പ്രദര്‍ശനം സന്ദര്‍ശകര്‍ക്കിടയില്‍ വലിയരീതിയില്‍ ശ്രദ്ധനേടി.
വിശാലമായ വിന്റേജ് ക്യാമറ ശേഖരം സര്‍വേശ്, സഞ്ജീവ് എന്നിങ്ങനെ രണ്ടുസഹോദരങ്ങളുടേതാണ്. 1968 മുതലാണ് ഇവര്‍ ശേഖരണം ആരംഭിച്ചത്. ഇവരുടെ കൈവശം ആകെ 1200 ക്യാമറകളാണുള്ളത്. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 240 ക്യാമറകളാണ് കലാ അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കൈവശമുള്ള 1200 ക്യാമറകളും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. സ്വയം റിപ്പയര്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നതിനാലാണ് ഇവയെല്ലാം വര്‍ക്കിങ് കണ്ടിഷനില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്ന് സര്‍വേശ് പറയുന്നു. കേടുകൂടാതെ സൂക്ഷിക്കുന്നതിനായി രണ്ടോമൂന്നോ മാസത്തിലൊരിക്കല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഡല്‍ഹി, മുംബൈ, പുണെ, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്യാമറകള്‍ ശേഖരിച്ചത്. ഇതില്‍ ചിലത് പണം നല്‍കി വാങ്ങിയവയും, ചിലത് സമ്മാനമായി ലഭിച്ചവയുമാണ്. ചില ആളുകള്‍ തങ്ങളുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി ശേഖരത്തിലേക്ക് ക്യാമറകള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. ക്യാമറകളുടെ ചരിത്രത്തോടുള്ള സഹോദരങ്ങളുടെ ഇഷ്ടമാണ് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു.
വിവിധ തരത്തിലുള്ള നിരവധി ക്യാമറകളാണ് ഇവിടെ ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്. 1870 മുതല്‍ 2017 വരെയുള്ള ഏകദേശം 240 മോഡലുകള്‍ ഇവിടെ കാണാനാകും.
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാനക്യാമറ വിഭാഗങ്ങള്‍:
- റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍
- ഫോള്‍ഡിങ് ക്യാമറകള്‍
- ബോക്‌സ് ക്യാമറകള്‍
- 35 എം.എം എസ്എല്‍ആര്‍ ക്യാമറകള്‍
- 120 എം.എം ടി.എല്‍.ആര്‍ ക്യാമറകള്‍
- പ്രൊഫഷണല്‍ ക്യാമറകള്‍
- വ്യൂ ക്യാമറകള്‍
- അമേച്വര്‍ ക്യാമറകള്‍
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയവയില്‍ ഇന്ത്യന്‍ നിര്‍മിത ക്യാമറകളുമുണ്ട്. ഫോട്ടോ എടുക്കുന്നതിനുള്ള സ്റ്റില്‍ ക്യാമറകളും, എട്ട് എം.എം മൂവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ക്യാമറകളും ഇവിടെ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്.
Content Highlights: captivating exhibition of cameras from 1870 to 2017 at the Film Festival