അഴിമതി കണ്ട് മടുത്തുപോയിരുന്നു, അതാണ് 12th Fail എടുക്കാൻ പ്രേരിപ്പിച്ചത് -വിധു വിനോദ് ചോപ്ര

പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനം പ്രശസ്ത സംവിധായകൻ വിധു വിനോദ് ചോപ്രയുെടെ മാസ്റ്റർക്ലാസ് ശ്രദ്ധാകേന്ദ്രമായി. 'അൺസ്‌ക്രിപ്‌റ്റഡ്: ദി ആർട്ട് & ഇമോഷൻ ഓഫ് ഫിലിം മേക്കിംഗ്' എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്.
കലാ അക്കാദമിയിലെ പ്രത്യേകവേദിയിൽ നിറഞ്ഞ സദസ്സിൽ നടന്ന ചർച്ചയിൽ പരിന്ദ (Parinda), 1942: എ ലവ് സ്റ്റോറി, 12th ഫെയിൽ എന്നിങ്ങനെ തന്റെ സിനിമാ ജീവിതത്തിലെ നിർണ്ണായകമായ മൂന്ന് ചിത്രങ്ങളെക്കുറിച്ച് വിധു വിനോദ് ചോപ്ര തുറന്നു സംസാരിച്ചു. ഓരോ സിനിമയും അതത് കാലഘട്ടത്തിൽ തന്റെ സമൂഹത്തോടുള്ള കാഴ്ചപ്പാട് എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്ത് അഭിജാത് ജോഷിയാണ് ഈ സെഷൻ മോഡറേറ്റ് ചെയ്തത്.
'12th Fail' പിറന്നതിന് പിന്നിൽ
ചുറ്റുമുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള വ്യക്തിപരമായ തന്റെ പ്രതികരണമാണ് 12th Fail എന്ന സിനിമയെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു. 'എന്റെ ചുറ്റുമുള്ള അഴിമതിയാണ് എന്നെ 12th Fail ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ അഴിമതികൾ കണ്ടു ഞാൻ മടുത്തുപോയിരുന്നു. എന്റെ സിനിമയ്ക്ക് ഈ അഴിമതിയുടെ ഒരംശമെങ്കിലും സമൂഹത്തിൽ നിന്ന് മാറ്റാൻ പ്രചോദകമായാൽ അത് തന്റെ വിജയമായി കണക്കാക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരു കലാകാരൻ താൻ ജീവിക്കുന്ന കാലഘട്ടത്തിൽ നിന്ന് ഒരിക്കലും സ്വതന്ത്രനല്ല, എൻ്റെ ചുറ്റും ഞാൻ കാണുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് എന്റെ സിനിമ' വിധു വിനോദ് ചോപ്ര പറഞ്ഞു. പരിന്ദ നിർമ്മിക്കുന്ന സമയത്ത് താൻ വളരെ അഗ്രസീവ് ആയിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തു. 'എന്റെ വിവാഹത്തിന് ശേഷം അനുപമയാണ് എന്നെ ശാന്ത സ്വഭാവക്കാരനാക്കിയത്. മുപ്പത് വർഷമായി തന്റെ ഒപ്പം നിൽക്കുന്നതിന് ഭാര്യയോട് നന്ദി പറയുന്നു.'
ക്ലെെമാക്സ് മാറ്റാൻ പണം വാഗ്ദാനം
പരിന്ദ എന്ന സിനിമയുടെ ക്ലൈമാക്സ് മാറ്റാനും അനിൽ കപൂറും മാധുരി ദീക്ഷിതും അഭിനയിച്ച് കഥാപാത്രങ്ങളെ സിനിമ അവസാനിക്കുമ്പോൾ ജീവനോടെ നിലനിർത്താനും തനിക്ക് വിതരണക്കാർ 11 ലക്ഷം രൂപ പണമായി വാഗ്ദാനം ചെയ്ത സംഭവം അദ്ദേഹം ഓർത്തെടുത്തു. എന്നാൽ തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്നും, വാളെടുത്തവൻ വാളാൽ എന്നാണ് സിനിമയിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞ് ആ ആവശ്യം നിരസിച്ചതായും കാഴ്ചക്കാരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
'1942: എ ലവ് സ്റ്റോറി'യുടെ 8K പതിപ്പ്
തന്റെ സിനിമയായ 1942: എ ലവ് സ്റ്റോറിയുടെ പുതുതായി റീസ്റ്റോർ ചെയ്ത 8K പതിപ്പ് IFFI-യിൽ കണ്ടപ്പോൾ താൻ വികാരാധീനനായി എന്നും അത് കണ്ണീരണിയിച്ചെന്നും ചോപ്ര പറഞ്ഞു. ഇതിന് മുൻകെെ എടുത്ത എൻഎഫ്ഡിസി-എൻഎഫ്എഐ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒരു കാലഘട്ടത്തിനെ തന്നെ അടയാളപ്പെടുത്തുന്ന സിനിമയുടെ കാലാതീതമായ ദൃശ്യങ്ങളും സംഗീതവുമൊക്കെ ഒരു പുതിയ തലമുറയ്ക്ക് മുന്നിൽ കൊണ്ടുവരാനും അവർക്ക് അത് അനുഭവിച്ചറിയാനും ഇത്തരം റീസ്റ്റോറേഷനുകൾ സഹായിക്കുമെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു. നാല് മാസത്തോളം ഇറ്റലിയിൽ താമസിച്ച് സിനിമയുടെ റീസ്റ്റോറേഷനായി പ്രവർത്തിച്ച എല്ലാവരുടെയും പരിശ്രമത്തിന് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Content Highlights: Director Vidhu Vinod Chopra shares insights on filmmaking at IFFI, discussing his iconic films like `Parinda`, `1942: A Love Story`, and `12th Fail`. Learn about his craft.