‘ധർമേന്ദ്രയെപ്പോലുള്ളവരാണ് ഞങ്ങളെ വാർത്തെടുത്തത്; മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹം’

പനജി: അന്തരിച്ച നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ധര്‍മേന്ദ്ര ഉള്‍പ്പെടെയുള്ള നടന്മാരാണ് തങ്ങളെ വാര്‍ത്തെടുത്തതെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും കഥകളും എന്നും ഓര്‍ത്തിരിക്കുമെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഗോവ അന്താരാഷ്ട്രാ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ധര്‍മേന്ദ്രയെപ്പോലുള്ള നടന്മാരില്‍നിന്നാണ് ഞങ്ങളുണ്ടായത്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും കഥകളും ഞങ്ങള്‍ എക്കാലത്തും ഓര്‍ത്തിരിക്കും. അദ്ദേഹത്തെപ്പോലുള്ളവരാണ് ഞങ്ങളെ വാര്‍ത്തെടുത്തത്. അവരില്‍നിന്നാണ് ഞങ്ങള്‍ കരിയറില്‍ ഓരോ കാര്യവും പഠിക്കുന്നത്', എന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് തരുണ്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. നടന്മാരായ പ്രകാശ് വര്‍മ, ഇര്‍ഷാദ് അലി, ഫര്‍ഹാന്‍ ഫാസില്‍, തിരക്കഥാകൃത്ത് കെ.ആര്‍. സുനില്‍, നിര്‍മാതാവ് എം. രഞ്ജിത്ത്, ചിപ്പി രഞ്ജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ഛായാഗ്രാഹകന്‍ ഷാജി കുമാര്‍, സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് തുടങ്ങിയവര്‍ റെഡ് കാര്‍പ്പറ്റിലെത്തി.
മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിച്ചതിന്റെ അനുഭവവും തരുണ്‍ മൂര്‍ത്തി പങ്കുവെച്ചു. 'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അത് നന്നായി വന്നു. സ്‌ക്രീനില്‍ എന്തുചെയ്യണമെന്ന് വ്യക്തമായി ധാരണയുള്ളവരാണ് മോഹന്‍ലാലും ശോഭനയും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍. പ്രകാശ് വര്‍മയുടെ അരങ്ങേറ്റ ചിത്രമാണ് 'തുടരും'. കെ.ആര്‍. സുനിലിന്റെ കഥയില്‍ ഞാന്‍ വിശ്വസിച്ചു. അതുകൊണ്ട് മാത്രമാണ് അതെനിക്ക് പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ സാധിച്ചത്', തരുണ്‍ മൂര്‍ത്തി പറഞ്ഞു.
'മോഹന്‍ലാല്‍ 100% പ്രൊഫഷണല്‍ നടനാണ്. അദ്ദേഹത്തില്‍നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്. തുടക്കകാലത്ത് തന്നെ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Director Tharun Moorthy remembers Dharmendra, calls working with Mohanlal a blessing. `Thudarum` showcased at IFFI