അഞ്ചാം ദിനം പനജിയെ ഇളക്കിമറിച്ച് രണ്‍ബീർ കപൂർ

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തിയ രൺബീർ കപൂറിനെ എൻ എഫ് ഡി സി മാനേജിങ് ഡയറക്ടർ പ്രീതുൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ഐ & ബി മന്ത്രാലയം സെക്രട്ടറി സഞ്ജയ്‌ ജാജു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തിയ രൺബീർ കപൂറിനെ എൻ എഫ് ഡി സി മാനേജിങ് ഡയറക്ടർ പ്രീതുൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ഐ & ബി മന്ത്രാലയം സെക്രട്ടറി സഞ്ജയ്‌ ജാജു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനത്തിൽ തിളങ്ങി രൺബീർ കപൂർ. രാജ് കപൂറിന്റെ സിനിമകളെയും ജീവിതവും എന്ന വിഷയത്തിൽ ഇൻ കോൺവെർസേഷൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ ചെറുമകൻ കൂടിയായ രൺബീർ കപൂർ സംസാരിച്ചത്. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് കലാ അക്കാദമിയിലായിരുന്നു പരിപാടി. മണിക്കൂറുകൾക്ക് മുന്നേ തന്നെ ആരാധകരെയും മാധ്യമങ്ങളെയുംകൊണ്ട് വേദിക്ക് പുറത്ത് വലിയ വരി ദൃശ്യമായിരുന്നു.

രാജ് കപൂറിൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ റീസ്റ്റോർ ചെയ്ത സിനിമകൾ പ്രദർശിപ്പിക്കുന്ന ഒരു ചലച്ചിത്രോത്സവം രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്ന് ബോളിവുഡ് താരം രൺബീർ കപൂർ പരിപാടിക്കിടെ പ്രഖ്യാപിച്ചു.

രാജ് കപൂർ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ ഞങ്ങള്‍ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കാൻ പോകുകയാണ്. രാജ് കപൂറിൻ്റെ മികച്ച 10 ചിത്രങ്ങളുടെ റീസ്റ്റോർ ചെയ്ത പതിപ്പ് ഞങ്ങൾ കാണിക്കും. രണ്‍ബീർ പറഞ്ഞു.

അതേസമയം ചലച്ചിത്രമേളയിൽ നടന്ന ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയിൽ മലയാളിയായ അർഷലി ജോസിനെ മികച്ച സംവിധായികയായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ സമാപന ചടങ്ങിൽ മാക്വിനസ് പാലസിലായിരുന്നു പ്രഖ്യാപനം. 48 മണിക്കൂറുകൾ കൊണ്ട് അർഷലിയും ടീമും ചെയ്ത ഗുല്ലു ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന സിനിമയാണ് ഗുല്ലു.

20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി തിരിച്ച് 48 മണിക്കൂറായിരുന്നു ഫിലിം മേക്കിംഗ് ചലഞ്ച്. "ടെക്നോളജി യുഗത്തിലെ ബന്ധങ്ങൾ" എന്ന വിഷയമാണ് ഫിലിം മേക്കിങിനായി നൽകിയത്.  2024 നവംബർ 21 മുതൽ 23 വരെ പൻജിമിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്.

13 വിവിധ ചലച്ചിത്ര നിർമ്മാണ വിഭാഗങ്ങളിലായി 100 യുവ പ്രതിഭകളെ ഉൾപ്പെടുത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്., കഴിഞ്ഞ വർഷം 75 പേരായിരുന്നു പങ്കെടുത്തത്. ഇത്തവണ ഇന്ത്യയിലുടനീളം ഏകദേശം 1,070 എൻട്രികളാണ് ലഭിച്ചത്.

ലൂയിസ് കർവോയ്സർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ഹോളി കൗ അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശനത്തി. മെയിൻസ്ട്രീം വിഭാഗത്തിൽ മലയാളചിത്രം മഞ്ഞുമ്മൽ ബോയ്സ് പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് അന്യഭാഷ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചലച്ചിത്രമേളയില്‍ ഇന്ന് ഇസിയാർ ബൊജെയ്ൻ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഐ ആം നെവെൻക, പേർഷ്യൻ ചിത്രം ഫിയർ ആൻ്റ് ട്രംബ്ലിങ്, ഫ്രഞ്ച് ചിത്രം ഹോളി കൗ എന്നിവ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദർശനത്തിനെത്തും.

Content Highlights: ranbir kapoor announced during the program that a film festival will be organized across the country