പ്രഥമ പി.വി. ഗംഗാധരൻ മെമ്മോറിയൽ പുരസ്കാരം ഏറ്റുവാങ്ങി ദാമോദർ മൗസോ

പനജി: പ്രഥമ പി.വി. ഗംഗാധരൻ മെമ്മോറിയൽ പുരസ്കാരം ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മൗസോയ്ക്ക് സമ്മാനിച്ചു. വ്യാഴാഴ്ച ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, ഡിസെെനറും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ്, പി.വി.ഗംഗാധരന്റെ പത്നി ഷെറിൻ, മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ പങ്കെടുത്തു.
എളിമയുടെ തെളിമയായിരുന്നു പി.വി .ഗംഗാധരനെന്നും ഇത്രയും വലിയ വ്യക്തിത്വമായിട്ടുകൂടി ഒരിക്കൽ പോലും അദ്ദേഹം തലക്കനം കാണിച്ചിട്ടില്ലെന്നും പുരസ്കാരദാനത്തിന് ശേഷമുള്ള പ്രസംഗത്തിൽ ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള പറഞ്ഞു. സിനിമയിൽ നിർമ്മാതാവെന്ന നിലയിലും അല്ലാതെയും ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിയാണ് പി.വി.ജി. ഒട്ടേറെ ആൾക്കാരെ കൈ പിടിച്ചുയർത്താനുള്ള ശ്രമം നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ഒരുപാട് വ്യത്യസ്ഥതകളുള്ള വ്യക്തിയായിരുന്നു പി.വി.ഗംഗാധരനെന്നും ഗോവ ഗവർണർ കൂട്ടിച്ചേർത്തു.
പി.വി.ഗംഗാധരന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞിൽ സന്തോഷവും നന്ദിയുമുണ്ടെന്ന് ദാമോദർ മൗസോ മറുപടിയായി പറഞ്ഞു. പി.വി.ഗംഗാധരനൊപ്പമുള്ള ഓർമകൾ നിർമാതാവ് ജി.സുരേഷ് കുമാർ പങ്കുവെച്ചു. ചടങ്ങിൽ മണ്ഡോവി ഫ്രണ്ട്ഷിപ് അസോസിയേഷൻ പ്രസിഡണ്ട് ഓട്ടൂർ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ എം. രാജൻ സ്വാഗതവും ട്രഷറർ എം. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
Content Highlights: Damodar Mauzo received the first P.V. Gangadharan Memorial Award in Goa