IFFI ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ; മലയാളിയായ അർഷലി ജോസ് മികച്ച സംവിധായിക

.
.

പനജി: പിരിമുറുക്കം നിറഞ്ഞ മണിക്കൂറുകൾ, തളർത്താൻ കഴിയാത്ത ആവേശം,  മറക്കാനാവാത്ത 48 മണിക്കൂറുകളുടെ കഠിനപ്രയത്നം... അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടന്ന ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ (CMOT) സമാപന ചടങ്ങിൽ ഇന്ന് മാക്വിനസ് പാലസിലെ ദൃശ്യം ഇതായിരുന്നു. ഒടുവിൽ മികച്ച സംവിധായികയായി തിരഞ്ഞെടുത്തത് മലയാളിയായ അർഷലി ജോസിനെയാണ്. 48 മണിക്കൂറുകൾ കൊണ്ട് അർഷലിയും ടീമും ചെയ്ത ​'ഗുല്ലു' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന സിനിമയാണ് '​ഗുല്ലു'. 

'ഈ നേട്ടം മുഴുവൻ ടീമിനും അവകാശപ്പെട്ടതാണ്. സ്‌ക്രിപ്റ്റായിരുന്നു ഞങ്ങളുടെ സിനിമയുടെ യഥാർഥ ഹീറോ. അത് വായിച്ചപ്പോൾ തന്നെ ഇതിൽ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് മനസ്സിലായി.  ഈ ഒരു ടീമിനൊപ്പം പ്രവർത്തിച്ചത് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമാണ്' അർഷലി മാതൃഭൂമിയോട് പറഞ്ഞു. തൃശൂർ ചാലക്കുടി സ്വദേശിയാണ് അർഷലി. ഇനി സ്വന്തം കഥകൾ സംവിധാനം ചെയ്യണമെന്നാണ് ആ​ഗ്രഹം. അതിനുവേണ്ടി പ്രയത്നിക്കുമെന്നും അർഷലി പറഞ്ഞു.

അർഷലി

മറ്റൊരു മലയാളിയായ ടോണി ജോപ്പനാണ് ​'ഗുല്ലു'വിൽ സൗണ്ട് ഡിസെെൻ ചെയ്തിരിക്കുന്നത്. 'വീ ഹിയർ ദ സെയിം മ്യൂസിക്' ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഇതിലുമുണ്ട് മലയാളി സാന്നിധ്യം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തിയത് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയായ പസ്കി ആണ്. പി.കെ.വിനീത് കൃഷ്ണയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസെെൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചത് അനൂപ് എബ്രഹാം പാറയ്ക്കലാണ്. വിനീത് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെയും അനൂപ് സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദ്യാർഥികളാണ്. ഇവരെ കൂടാതെ അനന്തകൃഷ്ണൻ എസ്. റിതീഷ് സം​ഗമേശ്വരൻ, എ.ദൃശ്യ, അഭിജിത് എന്നീ മലയാളികളും ക്രിയേറ്റീവ് മെെന്റ്സ് ഓഫ് ടുമോറോയിൽ വിവിധ ടീമുകളുടെ ഭാ​ഗമായി. 

ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ സംവിധായകരെയും മറ്റ് സിനിമാ പ്രവർത്തകരെയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ.13 വിവിധ ചലച്ചിത്ര നിർമ്മാണ വിഭാഗങ്ങളിലായി 100 യുവ പ്രതിഭകളെ ഉൾപ്പെടുത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 75 പേരായിരുന്നു പങ്കെടുത്തത്. ഇത്തവണ ഇന്ത്യയിലുടനീളം ഏകദേശം 1,070 എൻട്രികളാണ് ലഭിച്ചത്.

20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി തിരിച്ച് 48 മണിക്കൂറായിരുന്നു ഫിലിം മേക്കിങ് ചലഞ്ച്. "ടെക്നോളജി യുഗത്തിലെ ബന്ധങ്ങൾ" എന്ന വിഷയമാണ് ഫിലിം മേക്കിങിനായി നൽകിയത്.  2024 നവംബർ 21 മുതൽ 23 വരെ പനജിയുടെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്.

ചിദാനന്ദ നായിക്, അഖിൽ ലോത്‌ലിക്കർ, സുബർണാ ഡാഷ്, അക്ഷിത വോഹ്‌റ, കൃഷ്ണ ദുസാനെ തുടങ്ങി ക്രിയേറ്റീവ് മെെന്റ്സ് ഓഫ് ടുമോറോയുടെ മുൻ ചാമ്പ്യന്മാരാണ് ഇത്തവണത്തെ മത്സരാർഥികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകിയത്.

 ഈ വർഷം, CMOT-ലെ 48 മണിക്കൂർ ഫിലിം മേക്കിങ് ചലഞ്ചിലെ വിജയികളുടെ വിവരങ്ങൾ ചുവടെ:

            1.        മികച്ച ചിത്രം: ഗുല്ലു

                       മികച്ച രണ്ടാമത്തെ ചിത്രം (റണ്ണേഴ്‌സ് അപ്പ്): വീ ഹിയർ ദ സേയിം മ്യൂസിക്

            2.       മികച്ച സംവിധായിക: അർഷലി ജോസ് (ഗുല്ലു)

            3.       മികച്ച സ്ക്രിപ്റ്റ്: അധിരാജ് ബോസ് (ലവ്പിക്സ് സബ്സ്ക്രിപ്ഷൻ)

            4.       മികച്ച നടി: വിശാഖ നായർ (ലവ്പിക്സ് സബ്സ്ക്രിപ്ഷൻ)

            5.       മികച്ച നടൻ: പുഷ്പേന്ദ്ര കുമാർ (ഗുല്ലു)

Content Highlights: IFFI Creative Minds of Tomorrow; Malayali Arshali Jose is the best director