സിനിമ എൻ്റെ പാഷൻ, ചലച്ചിത്രവേദിയില്‍ നാലാം ദിനം ശ്രദ്ധ നേടി ശിവകാർത്തികേയൻ

ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ശിവകാർത്തികേയൻ സംസാരിക്കുന്നു
ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ശിവകാർത്തികേയൻ സംസാരിക്കുന്നു

പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നാലാംദിനത്തിൽ ശ്രദ്ധനേടി തമിഴ്താരം ശിവകാർത്തികേയൻ. ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന വിഷയത്തിലാണ് ശിവകാർത്തികേയൻ സംസാരിച്ചത്. തന്റെ സിനിമാ ജീവിതത്തെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയും വളരെ വിശദമായി ശിവകാർത്തികേയൻ ഈ പരിപാടിയിൽ സംസാരിച്ചു. നടി ഖുഷ്ബുവിന്റെ ചോദ്യങ്ങൾക്കുള്ള ശിവകാർത്തികേയൻ്റെ ഓരോ മറുപടിയും വലിയ കെെയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കലാ അക്കാഡമിയിലെ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി നടന്നത്.

'തുടക്കം മുതലേ സിനിമ എൻ്റെ പാഷൻ ആയിരുന്നു. പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ടെലിവിഷൻ ആങ്കറിംഗിൽ നിന്നാണ് ആരംഭിച്ചത്. അത് സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു. പിന്നീട് ഞാൻ വളരെ ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്തത്' ശിവകാർത്തികേയൻ പറഞ്ഞു.

ടർക്കിഷ് ചിത്രം ഗുലിസാർ, പേർഷ്യൻ ചിത്രം ഫിയർ ആന്റ് ട്രംബ്ലിങ് എന്നിവയാണ് കഴി‍ഞ്ഞ ദിവസം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയത്. ലഡാഖി ചിത്രം ഘർ ജെയ്സാ ഖുച്ഛ്, അഭിനവ് ആത്രേയുടെ ഗൂഗിൾ മാട്രിമോണി, കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട ഡബിൾ എക്സ്, കൽക്കി 2898 എഡി എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി. ഇൻ കോൺവർസേഷനിൽ സ്റ്റോറീസ് ദാറ്റ് ട്രാവൽ എന്ന വിഷയത്തിൽ ഫാറുക്ക് ടോൺഡി അന്ന സൂറ, വാണി ത്രിപാഠി ടിക്കൂ തുടങ്ങിയലർ പങ്കെടുത്തു..

ചിദംബരത്തിന്റെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി സൗബിൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഇന്ന് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. ദ ‍‍‍ഡോഗ് തീഫ്, സ്ലീപ് വിത്ത് യുവർ ഐസ് ഓപ്പൺ തുടങ്ങിയ ചിത്രങ്ങൾ സിനിമാ ഓഫ് ദ വേൾഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലൂയിസ് കർവോയ്സർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ഹോളി കൗ അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.

Content Highlights: amil Actor Sivakarthikeyan at IFFI 2024