നാസിക്രൂരതയുടെ ബാക്കി ചിത്രമായി ഷാറ്റേണ്‍ | SCHÄCHTEN Movie Review

നാസിസത്തിന് ഒരു മനുഷ്യരൂപം ഉണ്ടായിരുന്നു. അതായിരുന്നു അഡോള്‍ഫ് ഹിറ്റലര്‍. ഹിറ്റ്‌ലര്‍ മരിച്ച് പതിറ്റാണ്ടുകള്‍ കഴഞ്ഞുവെങ്കിലും നാസിസത്തിന്റെയും നാസിസ്റ്റുകളുടെയും വിവിധ രൂപങ്ങള്‍ ലോകമെമ്പാടുമുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം സിനിമയെ സംബന്ധിച്ചേടത്തോളം നാസിസം ഒരുപാട് പ്രധാന്യമുള്ള വിഷയമായി നില്‍ക്കുന്നത്. നാസിസ വിരുദ്ധ സന്ദേശവുമായെത്തുന്ന ഒരു സിനിമയെങ്കിലും ഇല്ലാതെ അന്താരാഷ്ട്ര ചലച്ചിത്ര മേള കടന്നുപോകാറില്ല. ഇത്തവണത്തെ മേളയില്‍ നാസി ക്രൂരതകളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഷാറ്റേണ്‍ എന്ന ചിത്രമാണ്. തോമസ് റോത്താണ് ചിത്രത്തിന്റെ സംവിധായകന്‍.
വിക്ടര്‍ എന്ന ജൂത വ്യവസായിയാണ് സിനിമയിലെ നായകന്‍. നാസികളുടെ ക്രൂരകൃത്യത്തിന് ഇരയായ ഒരു കുടുംബത്തിലെ അംഗം. അതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍നാസി പട്ടാളക്കാര്‍ക്കെതിരേ നിയമത്തിന്റെ വഴിയേ പോരാടുകയാണ് വിക്ടര്‍. വ്യക്തിപരമായും കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് വിക്ടര്‍ കടന്നുപോകുന്നത്. പിതാവിന്റെ മരണം ഒരു വശത്ത്. വിക്ടറിന്റെ സ്വത്വം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സമൂഹത്തിലെ ഒരു വിഭാഗമാളുകള്‍ മറു വശത്ത്. അതില്‍ അയാളുടെ കാമുകിയുടെ കുടുംബവുമുണ്ട്. ഈ സാമൂഹ്യ സാഹചര്യങ്ങളും നിയമവാഴ്ചയിലെ നീതികേടും ഒരാളെ ആയുധം കയ്യിലെടുക്കാന്‍ എങ്ങനെ പ്രേരിപ്പിക്കുന്നു എന്നതാണ് ചിത്രം കാണിച്ചു തരുന്നത്.
നാസിസത്തിന്റെ കാലം അവസാനിക്കുന്നില്ല, അതൊരു വ്യക്തിയല്ല, തീവ്രമായ ആശയമാണ്. സ്ലീപ്പര്‍ സെല്ലുകള്‍ പോലെ അത് നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. തെളിവുകളുണ്ടായിരുന്നിട്ടും ശിക്ഷിക്കപ്പെടാതെ പോകുന്ന മുന്‍കാല നാസി പട്ടാളക്കാര്‍ക്കെതിരെ നിയമത്തിന്റെ വഴി ഉപേക്ഷിച്ച് ആയുധമെടുക്കാന്‍ നിര്‍ബന്ധിതനാവുന്ന വിക്ടര്‍ സാമൂഹ്യ വ്യവസഥയുടെ ഇരയാണ്. അകാരണമായി നിഷ്‌കരുണം കൊലചെയ്യപ്പെട്ടവരുടെ തലമുറകള്‍ ഒരിക്കലും കൊലപാതകികളോട് ക്ഷമിക്കില്ലെന്നും പ്രതികാരം കാത്ത് സൂക്ഷിക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.
Content Highlights: schachten, movie, malayalam review, iffi 2022, film