തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നു; വിവാദ പരാമര്‍ശവുമായി ആശാ പരേഖ്

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹ വേളയില്‍ പോലും പരമ്പരാഗത വസ്ത്രങ്ങള്‍ ഒഴിവാക്കി പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് ധരിക്കുന്നുവെന്ന് നടി ആശാ പരേഖ്. സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യ വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നതായിരുന്നു അവരുടെ വിവാദ പരാമര്‍ശം. ഗോവയില്‍ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശാ പരേഖ്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങാനാനെത്തിയതായിരുന്നു അവര്‍.
എല്ലാം മാറിയിരിക്കുന്നു, നമ്മള്‍ പാശ്ചാത്യവത്ക്കരിക്കപ്പെട്ടവരാണ്. പരമ്പരാഗത വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എവിടെയാണ്? നമുക്ക് ഘഗര്‍-ചോളി, സല്‍വാര്‍-കമീസ്, സാരികള്‍ എന്നീ വസ്ത്രങ്ങളുണ്ട്, അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്? അവര്‍ സ്‌ക്രീനിലെ നായികമാരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. തടിച്ചവര്‍ പോലും ആ വസ്ത്രം തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല.
സകല മേഖലകളിലുമുള്ള പാശ്ചാത്യവത്ക്കരണം എന്നെ വേദനിപ്പിക്കുന്നു. നമുക്ക് വളരെ മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമുണ്ട്. എന്നാലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെയാണ് പോകുന്നത്'- ആശാ പരേഖ് പറഞ്ഞു.
Content Highlights: asha parekh controversial speech on iffi 2022 closing ceremony