വഴിമുടക്കാൻ നമീബിയക്കായില്ല; 102 റൺസ് ജയവുമായി പാകിസ്താൻ സൂപ്പർ എട്ടിൽ

കൊളംബോ: സൂപ്പർ എട്ടിൽ കടക്കുന്നതിൽനിന്ന് പാകിസ്താനെ തടയാൻ നമീബിയക്കായില്ല. നിർണായക മത്സരത്തിൽ നമീബിയയെ 102 റൺസിന് തകർത്ത് പാകിസ്താൻ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്‌ക്കൊപ്പം സൂപ്പർ എട്ടിൽ കടന്നു. ഇന്ത്യയ്‌ക്കെതിരേ പുറത്തെടുത്ത പോരാട്ടവീര്യം പാകിസ്താനെതിരേ പുറത്തെടുക്കാൻ നമീബിയക്കായില്ല.
ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സഹിബ്സാദ ഫർഹാന്റെ സെഞ്ചുറി മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 200 റൺസ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ മികച്ച ബൗളിങ്ങിലൂടെ പാകിസ്താൻ വരിഞ്ഞുകെട്ടി. 17.3 ഓവറിൽ 97 റൺസിന് നമീബിയ ഓൾഔട്ടാകുകയായിരുന്നു.
3.3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ താരിഖും നാല് ഓവറിൽ 19 റൺസിന് മൂന്നു വിക്കറ്റെടുത്ത ഷദാബ് ഖാനും ചേർന്നാണ് നമീബിയയെ തകർത്തത്.
ലോറെൻ സ്റ്റീൻകാമ്പിനും അലക്‌സാണ്ടർ വോൾഷെൻകിനും മാത്രമാണ് പാക് ബൗളിങ്ങിനെ നേരിട്ട് രണ്ടക്കം കാണാനായത്. സ്റ്റീൻകാമ്പ് 23 റൺസും വോൾഷെൻക് 20 റൺസും നേടി. ജാൻ ഫ്രൈലിങ്ക് (9), ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ (5), ക്യാപ്റ്റൻ ജെറാർഡ് എറാസ്മസ് (7), ജെ.ജെ സ്മിത്ത് (9) എന്നിവർക്കൊന്നും പൊരുതി നോക്കാൻ പോലും സാധിച്ചില്ല.
നേരത്തേ 58 പന്തിൽ നിന്ന് നാല് സിക്സും 11 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്ന ഫർഹാന്റെ ഇന്നിങ്സാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്.
23 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ അലി ആഗയും 22 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 36 റൺസോടെ പുറത്താകാതെ നിന്ന ഷദാബ് ഖാനും സ്‌കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. സയിം അയൂബ് (14), പുതുമുഖം ഖ്വാജ നഫായ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. സൂപ്പർ എട്ടിൽ കടക്കാൻ പാകിസ്താന് ജയം അനിവാര്യമാണ്.
പാകിസ്താനും കടന്നതോടെ സൂപ്പർ എട്ട് പട്ടിക പൂർത്തിയായി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, സിംബാബ്‌വെ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നിവരാണ് സൂപ്പർ എട്ടിലെത്തിയ ടീമുകൾ.
Content Highlights: Pakistan crushes Namibia by 102 runs, securing their spot in the Super 8 alongside India. Key performances from Farhan and strong bowling secure the win. Don`t miss the cricket action!