തോൽവിക്ക് ശേഷം കൈകൊടുക്കാൻ കാത്തുനിന്ന് പാക് താരങ്ങൾ? വീഡിയോ വൈറൽ

#സ്പോർട്സ് ഡെസ്ക്
ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും | PTI
ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും | PTI

കൊളംബോ: വിവാദങ്ങൾ ആളിക്കത്തിനിൽക്കേയാണ് ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ നിലപാടെടുത്തതാണ് വൻ വിവാദമായത്. തുടർന്ന് ഐ.സി.സി. നടത്തിയ അനുരഞ്ജനശ്രമങ്ങളെത്തുടർന്നാണ് പാക് ടീം ബഹിഷ്കരണം പിൻവലിച്ചത്. അതിനാൽ ചിരവൈരികൾ തമ്മിൽ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. കളത്തിന് പുറത്ത് വിവാദങ്ങൾ കത്തിപടർന്നെങ്കിലും മൈതാനത്ത് മികച്ച പോരാട്ടം നടത്താൻ പാകിസ്താനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ കരുത്തുകാട്ടിയപ്പോൾ കൊളംബോയിൽ പാക് പട ചാരമായി. പാകിസ്താനെ 61 റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ എട്ടിൽ കടക്കുകയും ചെയ്തു.

മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം മാത്രമല്ല, കൈകൊടുക്കില്ലെന്ന നിലപാട് തുടരുന്നതും ശ്രദ്ധിക്കപ്പെട്ടു. ടോസിനുശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ ആഗയും കൈ കൊടുത്തില്ല. മത്സരശേഷം താരങ്ങളും ഹസ്തദാനം നൽകിയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത്സരശേഷം പാക് താരങ്ങൾ ഹസ്തദാനത്തിനെന്ന മട്ടിൽ കാത്തുനിൽക്കുന്നതും മടങ്ങുന്നതുമാണ് വീഡിയോയിൽ. ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് സംഭവം. പാക് താരങ്ങളായ ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും അൽപ്പനേരം മൈതാനത്ത് കാത്തുനിൽക്കുകയും പിന്നാലെ തിരിച്ച് നടക്കുകയുമായിരുന്നു. അതേസമയം താരങ്ങൾ കാത്തുനിന്നത് എന്തിനാണെന്ന് വീഡിയോയിൽ വ്യക്തമല്ല.

2025 ഏഷ്യാകപ്പിന് ശേഷമാണ് പാക് ടീമിന് ഹസ്തദാനം നൽകേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്തത്. ഇത്തവണയും സമാനമായിരുന്നു സ്ഥിതി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ടോസിന് ശേഷം പരസ്പരം കൈ കൊടുത്തില്ല. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെയാണ് മൈതാനത്ത് ഇത്തരമൊരു നിലപാടെടുത്തത്. ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റന് കൈകൊടുത്തില്ല. മാത്രമല്ല ഏഷ്യാകപ്പ് ഫൈനലിൽ നാടകീയ സംഭവങ്ങളും അരങ്ങേറി.

ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു.

Content Highlights: India maintained their no handshake policy against pakistan