ലക്ഷ്യം സെമി, വിൻഡീസിനെതിരേ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ; കളി മുടങ്ങിയാൽ ‘പണി’യാകും

കൊൽക്കത്ത: ജയം മാത്രമാണ് ലക്ഷ്യം. തോറ്റാൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഉണ്ടാകില്ലെന്ന തിരിച്ചറിവുമുണ്ട്. എതിരാളികളാകട്ടെ, കടുപ്പക്കാരും. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായകമത്സരത്തിൽ വെസ്റ്റിൻഡീസിനെ നേരിടുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാൽ, ഒറ്റയ്ക്ക് കളി മാറ്റിമറിക്കാൻ കഴിയുന്ന ഒരുപിടി കളിക്കാരുടെ സാന്നിധ്യമാണ് ആരാധകരുടെ പ്രതീക്ഷ.
ക്വാർട്ടർ ഫൈനലെന്ന് വിശേഷണമുള്ള ഇന്ത്യ - വിൻഡീസ് പോരാട്ടം ഞായറാഴ്ച രാത്രി ഏഴ് മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതമായതിനാൽ ജയിക്കുന്ന ടീം സെമിഫൈനലിൽ കടക്കും. എന്തെങ്കിലും കാരണത്താൽ കളി മുടങ്ങി പോയിന്റ് പങ്കിട്ടാൽ റൺറേറ്റിന്റെ അടിസ്ഥാനത്തിൽ വിൻഡീസ് മുന്നേറും.
ബാറ്റിങ് കരുത്ത്; ബൗളിങ് ആശങ്ക
സിംബാബ്‌വെക്കെതിരേ ഇന്ത്യൻ ബാറ്റിങ് നിര പുറത്തെടുത്ത കരുത്ത് വിൻഡീസിനെതിരേയും ആവർത്തിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ - അഭിഷേക് ശർമ കൂട്ടുകെട്ടിനെയാകും പരീക്ഷിക്കുന്നത്. ഇഷാൻ കിഷൻ വൺഡൗണാകും. നാലാം നമ്പറിൽ സൂര്യകുമാർ യാദവും വരും. തിലക് അഞ്ചിലോ ആറിലോ കളിക്കും. ശേഷം ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ എന്നീ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിന് ആഴം കൂട്ടും.
ആറാം ബൗളറായി ദുബെ തിളങ്ങിയാൽ ഇന്ത്യക്കത് ഗുണകരമാകും. കൊൽക്കത്തയിലെ പിച്ചിൽ പേസർമാർക്ക് ആനുകൂല്യം കിട്ടാൻ സാധ്യതയുള്ളതിനാൽ ജസ്പ്രീത് ബുംറ- അർഷ്ദീപ് സഖ്യം തുടരാനാണ് സാധ്യത. എന്നാൽ, ചൈനമെൻ സ്പിന്നർ കുൽദീപ് യാദവിന് കൊൽക്കത്തയിൽ മികച്ച റെക്കോഡുള്ളത് പരിഗണിക്കപ്പെട്ടേക്കും. അങ്ങനെയായാൽ അർഷ്ദീപിനെ പുറത്തിരുത്തിയേക്കും.
കരീബിയൻ കരുത്ത്
ആഴമേറിയ ബാറ്റിങ്‌നിരയാണ് വിൻഡീസിനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അവരത് തെളിയിച്ചതാണ്. 83 റൺസിന് എഴ് വിക്കറ്റ് നഷ്ടമായിട്ടും അവർ 176 റൺസിലെത്തിയതുതന്നെ ഉദാഹരണം. മൂന്നാം നമ്പറിലിറങ്ങുന്ന ഷിംറോൺ ഹെറ്റ്‌മെയറുടെ ഫോം കളിയിൽ നിർണായകമാകും. ഓപ്പണർമാരായ ബ്രെണ്ടൻ കിങ്, ഷായ് ഹോപ്പ്, മധ്യനിരബാറ്റർമാരായ റൊവ്മാൻ പവൽ, റോസ്റ്റൺ ചേസ്, ഷെർഫാനെ റുഥർ ഫോഡ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർക്കൊപ്പം വാലറ്റത്ത് ജേസൺ ഹോൾഡറുംകൂടി ചേരുമ്പോൾ മികച്ച സ്കോറുണ്ടാക്കാനുള്ള ബാറ്റിങ് നിരയായി മാറും.
ബൗളിങ്ങിൽ ടീമിന് വ്യത്യസ്തയുണ്ട്. മാത്യു ഫോർഡെ. ഷാമർ ജോസഫ്, ഹോൾഡർ, ജെയ്ഡൻ സീലെസ്, ഷെപ്പേർഡ് എന്നിവരാണ് ടീമിലെ പേസർമാർ. ടൂർണമെന്റിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ ഗുഡകേഷ് മോട്ടിയും അകെൽ ഹൊസെയ്‌നും റോസ്റ്റൺ ചേസും സ്പിൻ വിഭാഗത്തിലുണ്ട്.
Content Highlights: india vs west indies super 8 match