‘മത്സരം ബഹിഷ്കരിച്ചിരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകുമായിരുന്നില്ല’; ആഞ്ഞടിച്ച് മുൻ പാക് താരം

കൊളംബോ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ അനായാസമായിരുന്നു ഇന്ത്യ പാകിസ്താനെതിരേ ജയിച്ചുകയറിയത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 114 റൺസിന് പുറത്തായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ കരുത്തുകാട്ടിയതോടെ പാകിസ്താന് പൊരുതാൻ പോലുമായില്ല. പാകിസ്താനെ 61 റൺസിന് തോൽപ്പിച്ച് ഇന്ത്യ സൂപ്പർ എട്ടിലുമെത്തി. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ബഹിഷ്കരണഭീഷണികളും ഹസ്തദാനവിവാദവും തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും ലോകകപ്പിൽ ഏറ്റുമുട്ടിയത്. ഇപ്പോഴിതാ പാകിസ്താനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഡാനിഷ് കനേരിയ.
ഇങ്ങനെ തോൽക്കുന്നതിലും ഭേദം മത്സരം ബഹിഷ്കരിക്കുന്നതായിരുന്നുവെന്ന് ഡാനിഷ് കനേരിയ പ്രതികരിച്ചു. എക്സിലൂടെയായിരുന്നു മുൻ താരത്തിന്റെ പ്രതികരണം. ‘സത്യസന്ധമായി പറയുകയാണെങ്കിൽ മത്സരം ബഹിഷ്കരിച്ചിരുന്നുവെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരുന്നു.’- കനേരിയ കുറിച്ചു. മത്സരത്തിലെ തോൽവിക്ക് പിന്നാലെ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിക്കെതിരേ മുൻ താരങ്ങളടക്കം രംഗത്തെത്തി. ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്തയാൾ പിസിബി ചെയർമാനാകുമ്പോൾ എങ്ങനെയാണ് ടീം മുന്നോട്ടുപോകുകയെന്ന് മുൻ താരം ഷുഐബ് അക്തർ പറഞ്ഞു. അതേസമയം മത്സരം അവസാനിക്കുംമുൻപേ തന്നെ നഖ്വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്താൻ ബാറ്റിങ് നിര തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നഖ്വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്.ഇന്ത്യക്കെതിരേ പരാജയപ്പെട്ടതോടെ ഒരു പാക് ആരാധകൻ ടിവി തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വിവാദങ്ങൾക്കിടെയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ ഏറ്റുമുട്ടിയത്. ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ നിലപാടെടുത്തതാണ് വൻ വിവാദമായത്. തുടർന്ന് ഐ.സി.സി. നടത്തിയ അനുരഞ്ജനശ്രമങ്ങളെത്തുടർന്നാണ് പാക് ടീം ബഹിഷ്കരണം പിൻവലിച്ചത്.
ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ ഒരുങ്ങിയത്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്താണ് പാക് ടി20 ലോകകപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങിയത്. എന്നാൽ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്ക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാൻ പാകിസ്താൻ തീരുമാനിച്ചത്. എന്നാൽ ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്താൻ കളിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
Content Highlights: Boycott would have been better says kaneria