ആദ്യം കപിൽ, പിന്നെ ശ്രീ, ഇന്നിതാ സൂര്യ; കെെപ്പിടിയിലൊതുക്കിയത് പന്തുകളല്ല, വിശ്വകിരീടങ്ങൾ

ക്യാച്ചസ് വിൻ മാച്ചസ്...ആദ്യം കപിൽ, പിന്നെ ശ്രീശാന്ത്, ഇന്നിതാ സൂര്യയും. കെെവിട്ടെന്ന് തോന്നിയ ലോകകിരീടങ്ങൾ ഇന്ത്യൻ മണ്ണിലെത്തിച്ച മൂന്ന് ക്യാച്ചുകൾ. ഈ മൂന്ന് ക്യാച്ചുകൾക്കും ഇന്ത്യൻ ജനതയുടെ ചുണ്ടുകളിൽ ചിരിവിടർത്തിയ ചരിത്രം കൂടി പറയാനുണ്ടാകും.
1983 ജൂൺ 25, ക്രിക്കറ്റിലെ കിരീടംവെച്ച രാജാക്കന്മാരായ വിൻഡീസും പരിഹാസങ്ങളോടും പ്രതിസന്ധികളോടും പൊരുതിക്കയറിയ ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് ഫെെനൽ പോരാട്ടം. ഇന്ത്യ ഉയർത്തിയ 184 റൺസ് എന്ന വിജയലക്ഷ്യം വിൻഡിസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയേ അല്ലായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയെ തച്ചുതകർത്തുകൊണ്ട് വിൻഡീസ് അനായാസം മുന്നേറി. അവർക്ക് യാതൊന്നും ഭയക്കാനില്ലായിരുന്നു, കാരണം അവരുടെ കരുത്തായ, ലോകോത്തര ബാറ്റർ വിവിയൻ റിച്ചാർഡ്സ് മുന്നിൽ നിന്ന് നയിക്കുകയാണ്.
വിവിയൻ റിച്ചാർഡ്സിൻ്റെ വിക്കറ്റ്, അതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ യാതൊരു കൂസലുമില്ലാതെ ആ കരുത്തൻ ബൗണ്ടറികൾ പായിച്ചു. മത്സരം ഇന്ത്യ കെെവിട്ടെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ മത്സരം ഇന്ത്യ തിരിച്ചുപിടിച്ചു, കപ്പിത്താനായ കപിലിന്റെ ഒരു അസാധ്യ റണ്ണിങ് ക്യാച്ചിലൂടെ. മദൻ ലാലിനെ ഉയർത്തിയടിച്ച വിവിയൻ റിച്ചാർസിന്റെ ക്യാച്ച് കപിൽ ദേവ് കെെപ്പിടിയിൽ ഒതുക്കുമ്പോൾ രാജ്യമെങ്ങും ആരവും തുടങ്ങി. കാരണം കപിൽ കെെപ്പിടിയിൽ ഒതുക്കിയത് കേവലമൊരു ക്യാച്ചല്ല, വിശ്വകിരീടം തന്നെയായിരുന്നു. ഏഴു ഫോറുകൾ സഹിതം 33 റൺസുമായി റിച്ചാർഡ്സ് മടങ്ങിയതോടെ മത്സരത്തിലേയ്ക്ക് പൂർവാധികം ശക്തിയോടെ ഇന്ത്യ തിരിച്ചുവന്നു, കപിലിന്റെ ചെകുത്താന്മാർ കിരീടത്തിൽ മുത്തമിട്ടു.
24 വർഷങ്ങൾക്കുശേഷം, 2007 സെപ്തംബർ 24 ന് വീണ്ടും ഇന്ത്യയൊരു ലോകകിരീടത്തിൽ മുത്തമിട്ടു, മഹിയുടെ ചുണക്കുട്ടികളുടെ കരുത്തിൽ. അന്നത്തെ മത്സരം ചിരവെെരികളായ പാകിസ്ഥാനോടായിരുന്നു. പോരാട്ടം അവസാന ഓവറിലേയ്ക്ക് നീണ്ടു. ഇന്ത്യ ഉയർത്തിയ 158 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് പാകിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത് അവരുടെ വിശ്വസ്തനായ ബാറ്റർ മിസ്ബഹ് ഉൾ ഹക്കും. അവസാന ഓവറിൽ മിസ്ബഹ് നേരിടുന്നത് ജോഗിന്ദർ ശർമയെ, കിരീടം നേടാൻ പാകിസ്ഥാന് വേണ്ടത് ആറ് പന്തിൽ 13 റൺസ്. കെെവശമുള്ളത് ഒരൊറ്റ വിക്കറ്റും. ആദ്യ രണ്ടുപന്തുകളിൽ 7 റൺസ് നേടിയതോടെ ഇന്ത്യ സമ്മർദത്തിലായി. ജയിക്കാൻ വേണ്ടത് നാലുപന്തിൽ ആറ് റൺസ്. ജോഗിന്ദറിന്റെ പന്ത് മിസ്ബഹ് സ്കൂപ്പ് ചെയ്തു, ഗ്ലാമർ ഷോട്ടായിരുന്നോ അതോ ട്രിക്കി ഷോട്ടായിരുന്നോ മിസ്ബയുടെ മനസ്സിൽ. ഉയർന്നുപൊങ്ങിയ പന്തിലേയ്ക്ക് ശ്രീശാന്ത് ഓടിയടുത്തു. എല്ലാവരുടേയും നെഞ്ചിടിപ്പ് കൂടിയ നിമിഷം, ചിലർ കണ്ണുകൾ പൊത്തി, നിലവിളികൾ ഉയർന്നു. ഉയർന്നുപൊങ്ങിയ പന്ത് ശ്രീശാന്ത് കെെപ്പിടിയിൽ ഒതുക്കി, ആവേശത്തോടെ ആർപ്പുവിളിച്ചു. കോടാനുകോടി ഇന്ത്യക്കാരുടെ പ്രാർഥനകളാകും ചിലപ്പോൾ ശ്രീയുടെ കരങ്ങൾക്ക് ആ നിമിഷം കരുത്ത് പകർന്നത്. ഇന്ത്യയ്ക്ക് ആ ക്യാച്ച് വീണ്ടുമൊരു വിശ്വകിരീടം സമ്മാനിച്ചു. ഇന്ത്യ പ്രഥമ ടി20 ചാമ്പ്യന്മാരായി.
തുടർച്ചയായ ഫെെനൽ തോൽവികൾ. മാറിമാറിവന്ന ക്യാപ്റ്റൻമാർ. 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഒരു ഐസിസി കിരീടത്തിനായി ഇന്ത്യ കൊതിച്ചു. 29 ജൂൺ 2024, വീണ്ടുമൊരു ഫെെനൽ. ഇത്തവണ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ആദ്യം ബാറ്റുകൊണ്ട് കോലി പ്രതീക്ഷ പകർന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ 177 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മത്സരം പലപ്പോഴും മാറിമറിഞ്ഞു. ഒരുവേള ഇന്ത്യൻ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാണികൾ നിരാശയോടെ കണ്ണീരണിയാൻ തുടങ്ങി. ക്ലാസനും ഡികോക്കുമായിരുന്നു ഇന്ത്യയ്ക്ക് തലവേദനയായത്. ഇരുവരേയും പുറത്താക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിച്ചപ്പോഴും ഒരാൾ മാത്രം വിലങ്ങുതടിയായി നിന്നു, കില്ലർ മില്ലറെന്ന് വിളിപ്പേരുള്ള ഡേവിഡ് മില്ലർ. മത്സരം അവസാന ഓവറിലേയ്ക്ക് എത്തിയപ്പോൾ ഇന്ത്യയുടെ കിരീട മോഹത്തിന് മുന്നിൽ മില്ലർ മാത്രം അവശേഷിച്ചു.
അവസാന ഓവർ ക്യാപ്റ്റൻ രോഹിത് ഹർദിക് പാണ്ഡ്യയെ ഏൽപ്പിക്കുമ്പോൾ പ്രതിരോധിക്കേണ്ടിയിരുന്നത് 16 റൺസ്. ഹാര്ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഫുൾ ടോസ്സായി മാറി, സർവ്വശക്തിയുമെടുത്ത് മില്ലർ പന്തിനെ ഉയർത്തിയടിച്ചു. സിക്സ് എന്ന് ഗ്യാലറി ഒന്നടങ്കം ഉറപ്പിച്ച് നിമിഷം. പിന്നെ കണ്ടത് സിക്സിലേയ്ക്ക് പാഞ്ഞ പന്തിനെ, അല്ല ലോകകപ്പ് കിരീടത്തെ സൂര്യകുമാർ യാദവ് അതിസാഹസികമായി, ബുദ്ധിപരമായി കെെപ്പിടിയിൽ ഒതുക്കുന്നതാണ്. വിക്കറ്റോ സിക്സോ എന്ന് തീരുമാനിക്കാൻ തേർഡ് അമ്പയർ ഒരുങ്ങി. ഒടുവിൽ സ്ക്രീനിൽ തെളിഞ്ഞു, ഔട്ട്... ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ മില്ലർ കണ്ണീരോടെ പവലിയനിലേയ്ക്ക്. പിന്നീട് നടന്നത് ചടങ്ങുകൾ. ഏഴുറൺസ് വിജയത്തോടെ ഇന്ത്യയുടെ കിരീടവരൾച്ചയ്ക്ക് വിരാമം.... ഇന്ത്യ ചാമ്പ്യന്മാർ.... അതെ, ക്യാച്ചസ് വിൻ മാച്ചസ്...
Content Highlights: world cup final match winning catches indian cricket team