ടി20 ലോകകപ്പ്; ജയിച്ചുതുടങ്ങി ആതിഥേയരായ വിന്‍ഡീസ്, പാപ്പുവ ന്യൂഗിനിയെ തകര്‍ത്തത് 5 വിക്കറ്റിന്

Photo | AP
Photo | AP

ഗുയാന (വെസ്റ്റ് ഇന്‍ഡീസ്): ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഗുയാനയില്‍ പാപ്പുവ ന്യൂഗിനിക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കേ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. സ്‌കോര്‍-പാപ്പുവ ന്യൂഗിനി: 136/8. വെസ്റ്റ് ഇന്‍ഡീസ്: 137/5 (19 ഓവര്‍). 

27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റന്‍ ചേസ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (29 പന്തില്‍ 34), വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ (27 പന്തില്‍ 27), ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (14 പന്തില്‍ 15), ആന്ദ്രെ റസല്‍ (9 പന്തില്‍ 15 റണ്‍സ്) എന്നിവരാണ് വിന്‍ഡീസിനായി റണ്‍സ് സംഭാവന ചെയ്തത്. റസല്‍ മൂന്നോവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളുമെടുത്തു. അല്‍സാരി ജോസഫിനും രണ്ട് വിക്കറ്റുണ്ട്. അതേസമയം പാപ്പുവ ന്യൂഗിനിക്ക് വേണ്ടി ക്യാപ്റ്റന്‍ അസദ് വാല രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തേ സെസെ ബോയുടെ അര്‍ധ സെഞ്ചുറി (43 പന്തില്‍ 50) ബലത്തിലാണ് പാപ്പുവ ന്യൂഗിനി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ക്യാപ്റ്റന്‍ അസദ് വാല (21), വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ദൊറിഗ (18 പന്തില്‍ 27), ചാള്‍സ് അമിനി (12), ചാദ് സോപര്‍ (10) എന്നിവര്‍ രണ്ടക്കം കടന്നു. 

Content Highlights: West Indies needs 137 runs to win against Papua New Guinea ICC Twenty-20 world cup