കോച്ചിന് ട്രോഫി സമ്മാനിച്ച് കോലി; മതിമറന്ന് ആഘോഷിച്ച് ദ്രാവിഡ്

ബാര്‍ബഡോസ്: 11 വര്‍ഷക്കാലമാണ് ഇന്ത്യ കാത്തിരുന്നത്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം മറ്റൊരു ഐസിസി ട്രോഫിയില്‍ മുത്തമിടാന്‍. ക്യാപ്റ്റന്‍ രോഹിത്തിനും വിരാട് കോലിക്കും ഇത് സ്വപ്ന സാഫല്യമായിരുന്നു. എന്നാല്‍ അതിനൊപ്പമോ അതിനു മുകളിലോ ആണ് രാഹുല്‍ ദ്രാവിഡെന്ന സൗമ്യനായ മനുഷ്യന് ഒരു കിരീടത്തിനായി കാത്തിരുന്നത്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീട വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചപ്പോള്‍ നിറഞ്ഞുചിരിച്ചത് അയാള്‍ കൂടിയായിരുന്നു.
16 വര്‍ഷം ഇന്ത്യന്‍ ടീമില്‍ കളിച്ച രാഹുല്‍ ദ്രാവിഡ് കളിക്കാരന് എന്നനിലയ്ക്ക് കിരീടം അര്‍ഹിച്ചിരുന്നെങ്കിലും അത് നേടാനായില്ല. ഒടുവിലിപ്പോള്‍ പരിശീലക കരിയറിന്റെ അവസാനദിനം ഒരു ലോകകപ്പുമായി ദ്രാവിഡ് മടങ്ങുന്നു. ഒപ്പം ടി20 കരിയര്‍ അവസാനിപ്പിച്ച് രോഹിത്തും കോലിയും. കലാശപ്പോരിന് ശേഷം ഇന്ത്യന്‍ ടീമിന് ട്രോഫി സമ്മാനിച്ചതിനു പിന്നാലെ കോലി ആ ട്രോഫി ദ്രാവിഡിന്റെ കൈയില്‍ കൊടുക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. പൊതുവെ സൗമ്യനും മിതഭാഷിയുമായ ദ്രാവിഡ് ഇക്കാലമത്രയും താന്‍ അടക്കിപ്പിടിച്ച ആഘോഷങ്ങളെല്ലാം ഒറ്റയടിക്ക് പുറത്തെടുക്കുകയായിരുന്നു അപ്പോള്‍. കപ്പുയര്‍ത്തി ആര്‍ത്തുവിളിക്കുന്ന ദ്രാവിഡ് ഒരു പ്രതീകമാണ്. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കൈവരിക്കാത്ത നേട്ടങ്ങളില്ല. മൂന്ന് ഫോര്‍മാറ്റിലും ലോകത്തിലെ തന്നെ മികച്ച ടീം. എന്നിട്ടും ഒരു കിരീടമെന്ന സ്വപ്നത്തിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. കാത്തുകാത്തിരുന്ന് ഒടുവില്‍ ആഗ്രഹിച്ചത് കൈയിലെത്തിയപ്പോള് ദ്രാവിഡ് ഒരു കൊച്ചുകുഞ്ഞിനെ പോലെ ആഘോഷിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡിന്റെ അവസാന യാത്രയായിരുന്നു ഇത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ബിസിസിഐയുമായുള്ള ദ്രാവിഡിന്റെ കരാര്‍. പിന്നീട് ബോര്‍ഡ് അത് പുതുക്കി ടി20 ലോകകപ്പ് വരെയാക്കുകയായിരുന്നു. 2003 ലോകകപ്പ് ഫൈനലില്‍ ഓസീസിനു മുന്നില്‍ ഇന്ത്യയ്ക്ക് കാലിടറുമ്പോള്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു. പിന്നാലെ 2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ നാണംകെട്ട് മടങ്ങുമ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലെ കളിക്കാരുടെ ബാല്‍ക്കണിയില്‍ നിരാശനായി ഇരിക്കുന്ന ക്യാപ്റ്റന്‍ ദ്രാവിഡിന്റെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല.
കഴിഞ്ഞ ദിവസം ബാര്‍ബഡോസില്‍ കിരീടവിജയം ആഘോഷിക്കുമ്പോള്‍ ആ ഓര്‍മകളെല്ലാം അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയിരിക്കണം. ട്രോഫി ആഘോഷങ്ങളില്‍ തന്റെ വികാരം അഴിച്ചുവിട്ട ദ്രാവിഡ്, ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം അവകാശപ്പെടാന്‍ എത്രമാത്രം അര്‍ഹതയുണ്ടെന്ന് കാണിച്ചുതരികകൂടി ചെയ്തു.