ആ തോല്‍വിക്ക് തന്റെ ഫോട്ടോ കത്തിച്ചെറിഞ്ഞവര്ക്കിതാ ദ്രാവിഡിന്റെ മറുപടി...

2007-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലെ കളിക്കാരുടെ ബാല്‍ക്കണിയില്‍ നിരാശരായി ഇരിക്കുന്ന രാഹുല്‍ ദ്രാവിഡിന്റെയും സംഘത്തിന്റെയും ചിത്രം ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാരും മറക്കാനിടയില്ല. അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുന്ന ദ്രാവിഡിന്റെ മുഖം പലര്‍ക്കും ഇന്നും ഹൃദയത്തെ നോവിക്കുന്ന വേദനകളിലൊന്നാണ്. വെസ്റ്റിന്‍ഡീസ് ആതിഥ്യംവഹിച്ച ആ ലോകകപ്പില്‍ ബംഗ്ലാദേശിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഗാംഗുലിയും സെവാഗും സച്ചിനും ദ്രാവിഡും യുവ്രാജും ധോനിയും ഹര്‍ഭജനും സഹീര്‍ ഖാനും അജിത് അഗാര്‍ക്കറുമെല്ലാം അടങ്ങിയ ടീമാണ് പൊതുവെ ദുര്‍ബലരായ ബംഗ്ലാദേശിനോട് പോലും കീഴടങ്ങിയത്. അന്ന് അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ടീം അംഗങ്ങള്‍ക്ക് നേരേ തിരിഞ്ഞു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മുംബൈയിലും പ്രതിഷേധക്കാര്‍ താരങ്ങളുടെ ചിത്രങ്ങള്‍ കത്തിച്ചുചാമ്പലാക്കി. പല താരങ്ങളുടെയും വീടുകള്‍ക്ക് നേരേ വരെ ആക്രമണങ്ങളുണ്ടായി. വയസന് സംഘത്തേയും കൂട്ടി ദ്രാവിഡ് പടിയിറങ്ങണമെന്നായിരുന്നു ആരാധകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍.
അന്ന് തന്നെ അപമാനിച്ചവര്‍ക്കും കുത്തിനോവിച്ചവര്ക്കുമെല്ലാം ഇതാ 17 വര്‍ഷങ്ങള്‍ക്കു മുമ്പ് നാണംകെട്ട് മടങ്ങേണ്ടിവന്ന അതേ മണ്ണില്‍ ഒരു കിരീടവിജയത്തോടെ മറുപടി നല്‍കുകയാണ് ദ്രാവിഡ്. അതും 11 വര്‍ഷക്കാലം നീണ്ട ഇന്ത്യയുടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചുകൊണ്ട്. ടീം ഇന്ത്യയുടെ ജേഴ്സിയില്‍ 2002-ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടം മാത്രമാണ് ദ്രാവിഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. 2003-ല്‍ ഫൈനലിലെത്തിയെങ്കിലും ഓസീസിനോട് തോറ്റു. 2011-ല്‍ കിരീടം നേടിയ ടീമില്‍ പക്ഷേ ദ്രാവിഡിന് ഇടമില്ലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വിശ്വസ്തനായിരുന്നു ദ്രാവിഡ്. പ്രതിഭകൊണ്ട് പലര്‍ക്കും മുകളിലായിരുന്നെങ്കിലും കളിച്ചിരുന്ന കാലത്ത് സച്ചിന്റെ നിഴലിലാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 2012-ല്‍ കളമൊഴിയുകയും ചെയ്തു അദ്ദേഹം.
വിരമിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ആളുകൂടിയാണ് ദ്രാവിഡ്. വിരമിച്ചതിനു പിന്നാലെ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായും പിന്നീട് മെന്ററായും ദ്രാവിഡ് തിളങ്ങി. സഞ്ജു സാംസണ് രാജസ്ഥാന്റെ പ്രധാന താരങ്ങളില്‍ ഒരാളാകുന്നതും ഇക്കാലത്താണ്. 2015 ഐപിഎല്ലില്‍ രാജസ്ഥാന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെ ബിസിസിഐ ദ്രാവിഡിനെ റാഞ്ചി. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ചുമതല ബിസിസിഐ ഏല്‍പ്പിച്ചത് ദ്രാവിഡിനെയായിരുന്നു. അതോടൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയും. ദ്രാവിഡിന്റെ വരവോടെ ഇന്ത്യയിലെ യുവ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ തലവര തെളിഞ്ഞു. 2016-ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍വരെയെത്തി. ഋഷഭ് പന്ത്, ഇഷാന് കിഷന്, വാഷിങ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, ആവേശ് ഖാന്, ഖലീല്‍ അഹമ്മദ് എന്നിവരുടെയെല്ലാം വരവ് ഇക്കാലത്തായിരുന്നു.
തൊട്ടടുത്ത വര്‍ഷം ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ലോകകപ്പിനെത്തിയ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടര്‍ 19 ടീം കിരീടവുമായാണ് മടങ്ങിയെത്തിയത്. പൃഥ്വി ഷായ്ക്കൊപ്പം ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരുടെ കണ്ടെടുക്കലും ആ കൗമാര ലോകകപ്പിലായിരുന്നു.
കൗമാരക്കാര്‍ക്കൊപ്പം മികച്ച റിസല്റ്റുണ്ടാക്കിയ ദ്രാവിഡിനെ രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ചുമതലയുമേല്‍പ്പിച്ചു ബിസിസിഐ. സീനിയര്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ പണിപെട്ടാണ് ബോര്‍ഡ് ദ്രാവിഡിനെകൊണ്ട് സമ്മതിപ്പിച്ചെടുത്തത്. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധവും അതിനു പിന്നിലുണ്ടായിരുന്നു. പിന്നാലെ എല്ലാ ഫോര്‍മാറ്റിലും മികച്ച റെക്കോഡുമായി ഇന്ത്യ തിളങ്ങി. പക്ഷേ പ്രധാന ടൂര്‍ണമെന്റുകളുടെ സെമിയിലോ ഫൈനലിലെ കാലിടറുന്ന പതിവ് തുടര്‍ന്നു. ഇന്ത്യന്‍ ടീമിന്റെ ആ ദുര്‍ദശയ്ക്ക് കൂടിയാണ് ഇത്തവണ ബാര്‍ബഡോസിലെ കിരീട വിജയത്തോടെ അവസാനമായിരിക്കുന്നത്. തുടക്കം തകര്‍ന്നാല്‍ ചീട്ടുകൊട്ടാരമായിരുന്ന ഇന്ത്യന്‍ ബാറ്റിങ്ങിനെ പുതുക്കിപ്പണിയാനുള്ള ധൈര്യം ദ്രാവിഡ് കാണിച്ചിടത്താണ് ഇന്നത്തെ വിജയം തലയുയര്‍ത്തി നില്‍ക്കുന്നത്.
Content Highlights: rahul dravid the revenge shepherding team india to t20 world cup triumph