അന്ന് 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി; ഇതൊക്കെയല്ലേ പ്രതികാരം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ പുറത്താക്കിയ അക്ഷര്‍ പട്ടേല്‍ ടീമംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു | AP
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ പുറത്താക്കിയ അക്ഷര്‍ പട്ടേല്‍ ടീമംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു | AP

അഡ്‌ലെയ്ഡ് ഓവലിലെ ആ പിഴവ് പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ആവര്‍ത്തിച്ചില്ല. ജോസ് ബട്‌ലറെന്ന ഇംഗ്ലീഷ് കപ്പിത്താന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിറപ്പിക്കാന്‍ നോക്കിയതാണ്. പക്ഷേ, അക്ഷറും കുല്‍ദീപും ബുംറയുമൊക്കെ അതിന് അനുവദിച്ചിട്ടുവേണ്ടേ. ഇനിയൊരുവട്ടംകൂടി അന്നത്തേതുപോലൊരനുഭവം താങ്ങാന്‍ കഴിയില്ലെന്നതിന്റെ മാനസികനിലയില്‍നിന്നാകണം, ഹിറ്റ്മാന്‍ ആ വിധം കത്തിക്കളിച്ചത്. സൂര്യകുമാര്‍ കൂടി ആളിപ്പടര്‍ന്നതോടെ ഇന്ത്യ ടി20 ലോകകപ്പില്‍ പുതിയ ഒരധ്യായം ചേര്‍ത്തു. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം അങ്ങനെ ഇന്ത്യക്ക് എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തിന് വേദിയായി. 

2022 നവംബര്‍ 10-ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലില്‍ ഏറ്റുവാങ്ങിയ ആ പ്രഹരം ഇന്ത്യയെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവില്ല. ടി20 ലോകകപ്പ് സെമി ഫൈനലില്‍ അന്ന് പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് 16 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സുമാണ് അന്ന് ഇന്ത്യയുടെ കിരീട മോഹത്തെ തച്ചുകെടുത്തിയത്. 

2024 ജൂണ്‍ 27-ന് നിശ്ചയിച്ച, മഴമൂലം 28-ലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ അതിന് മധുരപ്രതികാരം ചെയ്തു. അന്ന് പത്തുവിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യയുടെ പ്രതികാരം. അന്ന് 16 ഓവറില്‍ കളി ജയിച്ച ഇംഗ്ലണ്ടിനെ, ഇന്ന് 16.4 ഓവറില്‍ പുറത്താക്കി. അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയിരുന്നത് 169 റണ്‍സായിരുന്നെങ്കില്‍, ഇന്ന് രണ്ട് റണ്‍സ് അധികം നേടി (171) വിജയിച്ചു. പ്രതികാരം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇനി അന്ന് കിരീടം നേടിയ ഇംഗ്ലണ്ടിനെപ്പോലെ, ഇത്തവണ ഇന്ത്യ കിരീടം നേടുമോ എന്ന ചോദ്യമാണ് ബാക്കി. 

അഡ്‌ലെയ്ഡിലെ ആ ഇന്നിങ്‌സ് ഓര്‍മവെച്ചായിരിക്കണം, ബട്‌ലര്‍ ഇന്നും അതുപോലെ പ്രോജ്ജ്വലിക്കാന്‍ നോക്കിയതാണ്. പക്ഷേ, അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍ക്കയറി. തുടര്‍ന്ന് ഓരോ ഓവറിലും ഇന്ത്യ ഓരോന്നുവീതം വെടിപൊട്ടിച്ചിരുന്നു. ഒടുക്കം ഇന്ത്യ ഉയര്‍ത്തിയ 171-നെതിരേ തട്ടിമുട്ടി 103-ലെത്തിച്ച് ഇംഗ്ലണ്ട് മുട്ടുമടക്കി. 

കഴിഞ്ഞ ഏകദിന ലോകകപ്പിലേതു പോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ ടി20 ലോകകപ്പിനുണ്ട്. അന്ന് ഒരു കളിപോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ, ഓസ്‌ട്രേലിയക്കു മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. ടി20 ലോകകപ്പ്‌ ഗ്രൂപ്പ് ഘട്ടത്തില്‍ മഴമൂലം ഒഴിവാക്കിയ ഒരു മത്സരം ഒഴിച്ചാല്‍, മറ്റ് മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വന്നത്. ലോകകപ്പില്‍ സംഭവിച്ചതുപോലെ ഫൈനലില്‍ കാലിടറരുതേ എന്നാണ് ഇനിയുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ഥന. 

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താന്‍, പാകിസ്താനെ തോല്‍പ്പിച്ച യു.എസ്.എ., അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേ ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിനെയും ടൂര്‍ണമെന്റില്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയെത്തിയ അഫ്ഗാനിസ്താനെയും മറികടന്നു. ഓസ്‌ട്രേലിയക്കെതിരായ വിജയം കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരംകൂടിയായി. അങ്ങനെ കണക്കുകളൊക്കെ വീട്ടിയുള്ള ഇന്ത്യയുടെ ഈ മുന്നോട്ടുപോക്ക് ദക്ഷിണാഫ്രിക്കയും കടന്ന് കിരീടത്തില്‍ ചുണ്ടടുപ്പിക്കുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യയുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണിത്. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടി. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. തുടര്‍ന്ന് 2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ വീണ്ടും ഫൈനലിലെത്തി. അന്ന് പക്ഷേ, ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോല്‍ക്കാനായിരുന്നു വിധി. ഒരു ദശാബ്ദത്തിനിപ്പുറം ഇന്ത്യ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയാണ് എതിരാളി. 

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ രണ്ട് രാജ്യങ്ങള്‍ക്കും ഐ.സി.സി. ചാമ്പ്യന്‍ഷിപ്പുകള്‍ ഭാഗ്യത്തേക്കാളേറെ ഭാഗ്യക്കേടുകളാണ് നല്‍കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ കാര്യം ഭേദം ആണെന്നു പറയാം. എന്നിരുന്നാലും ക്രിക്കറ്റില്‍ നിര്‍ഭാഗ്യത്തിന്റെ മറുപേരായി പോലും വിലയിരുത്തപ്പെട്ടുപോന്ന ദക്ഷിണാഫ്രിക്കയെ മറികടക്കുക ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. ഇന്ത്യയെപ്പോലെതന്നെ തോല്‍ക്കാതെയാണ് എയ്ഡന്‍ മാര്‍ക്രമും കൂട്ടരും ഇവിടംവരെയെത്തിയത്. 

Content Highlights: icc t20 world cup india vs england semi final revenge story 2022 t20 wc