'വിരമിക്കാന്‍ വിചാരിച്ചതല്ല, പക്ഷേ...' തീരുമാനത്തിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി രോഹിത് ശര്‍മ

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടി20 വിടാന്‍ ഇതാണ് ഏറ്റവും നല്ല സമയമെന്ന പ്രഖ്യാപനത്തോടെയായിരുന്നു വിരമിക്കല്‍. വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ അറിയിപ്പുണ്ടായത്. ടി20 ലോകകപ്പ് ഫൈനല്‍ ത്രില്ലിങ് പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്തതിനുശേഷം ഇരുവരും നിലപാടറിയിക്കുകയായിരുന്നു.
ഇന്ത്യ 2022 ഏകദിന ലോകകപ്പ് ഫൈനലിലെത്തിയതും രോഹിത് ശര്‍മയുടെ കീഴിലായിരുന്നു. 2022 ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങുമ്പോഴും ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മതന്നെ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 159 മത്സരങ്ങളില്‍നിന്നായി 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. അതേസമയം ഏകദിന, ടെസ്റ്റ് ടീമില്‍ തുടരുമെന്ന് രോഹിത് അറിയിച്ചിട്ടുണ്ട്.
ടി20 ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നതല്ലെന്ന് രോഹിത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ടി20 ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തുടക്കത്തില്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നും അനുയോജ്യമായ സാഹചര്യം വന്നപ്പോള്‍ അത്തരത്തില്‍ തീരുമാനമെടുക്കുകയുമായിരുന്നെന്നുമാണ് രോഹിത് റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയത്.
'അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ, സ്ഥിതിഗതി അത്തരത്തിലുള്ളതായിരുന്നു... ഇത് ഏറ്റവും മികച്ച സാഹചര്യമാണെന്ന് ഞാന്‍ ചിന്തിച്ചു. കപ്പ് നേടി ഗുഡ്‌ബൈ പറയുന്നതിതിലും മികച്ച വേറൊന്നില്ല'-വീഡിയോയില്‍ രോഹിത് പറയുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് രോഹിത്തിന്റെ പിന്‍ഗാമിയായി വരാന്‍ സാധ്യത. 2023-ല്‍ രോഹിത് ടീമിലില്ലാതിരുന്നപ്പോള്‍ ഹാര്‍ദിക്കായിരുന്നു ടി20-യില്‍ ഇന്ത്യയെ നയിച്ചിരുന്നത്.
Content Highlights: behind the retirement of rohit sharma from t20i