ധോനിയേയും യുവ്‌രാജിനേയും വാഴ്ത്തിക്കോളൂ, പക്ഷേ ചെളിപുരണ്ട ജേഴ്‌സിയിലെ അയാളുടെ പോരാട്ടത്തെ മറക്കരുത്!

Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!
കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രി ഇങ്ങനെ പറയുമ്പോഴേക്കും മുംബൈ വാംഖഡെ സ്‌റ്റേഡിയം നീലക്കടലായി മാറിയിരുന്നു. വിശ്വം കീഴടക്കിയവര്‍ മൂവര്‍ണ്ണക്കൊടികളുമായി വലംവെക്കുന്ന കാഴ്ചയില്‍ ഇങ്ങ് കേരളവും അങ്ങകലെ കാശ്മീരുമെല്ലാം മതിമറന്ന് ലയിച്ചു. 28-വര്‍ഷത്തെ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും കാത്തിരിപ്പുകളുമെല്ലാം സഫലമായ രാത്രി. വാക്കുകള്‍ക്കും പരിമിതിയുണ്ടെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്ന ചിലതുണ്ട്. ആ രാത്രി അന്ന് സമ്മാനിച്ച വികാരങ്ങള്‍ അത്തരത്തിലുള്ളതാണ്. 1983-ന് ശേഷം 2011-ലും ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമിടുന്നു.
2011 ഏപ്രില്‍ 2 : ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയ ദിനം. അന്ന് ലങ്കയെ കീഴടക്കി കിരീടം നേടിയതിനൊപ്പം ആരാധകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില ചിത്രങ്ങളുണ്ട്. സമ്മോഹനമായ മുഹൂര്‍ത്തങ്ങളുണ്ട്. കലാശപ്പോരിന്റെ അവസാനം നുവാന്‍ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തികടത്തിയ നായകന്‍ ധോനിയുടെ വിജയനിമിഷങ്ങള്‍. ഒരു പക്ഷേ ആ സിക്‌സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടുണ്ടാകില്ല.
ശേഷം ബാറ്റ് ചുഴറ്റിയ ധോനിയെ കെട്ടിപ്പിടിക്കുന്ന യുവ്‌രാജിനേയും ആരാധകര്‍ ഒരിക്കലും മറക്കില്ല. ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്‍പികളില്‍ മുന്‍നിരയിലുണ്ടായിരുന്നു യുവി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ യുവിയുടെ പ്രകടനങ്ങള്‍ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്നു. പിന്നാലെ മൂവര്‍ണ്ണക്കൊടിയുമായി സച്ചിനെ ചുമലിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ച ഇന്ത്യന്‍ താരങ്ങള്‍. ഒരു രാജ്യത്തിന്റെ തോളിലേറിക്കൊണ്ടുള്ള അയാളുടെ പോക്ക്. കഴിഞ്ഞ 20-വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് അവാര്‍ഡും ആ രംഗത്തെ തേടിയെത്തി.
ഇന്ത്യ മതിമറന്നുല്ലസിച്ച ഈ കാഴ്ചകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആനന്ദിപ്പിക്കുമ്പോള്‍ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു പേരുണ്ട്. ഒരു പോരാട്ടമുണ്ട്. കയ്യടി അര്‍ഹിക്കുന്ന രക്ഷാപ്രവര്‍ത്തനമുണ്ട്. ധോനിയുടെ ആ അവസാന സിക്‌സര്‍ പിറക്കുന്നതിനും എത്രയോ മുന്നേ തകര്‍ച്ചയുടെ വക്കില്‍ നിന്ന് ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ആ ഒറ്റയാള്‍ പ്രകടനത്തെ ഓര്‍ക്കാതെ ഒരിക്കലും 2011-ലെ കിരീടനേട്ടം പൂര്‍ണമാകില്ല. സ്വപ്‌നങ്ങളത്രയും ചിതറിയ ഘട്ടത്തില്‍ ചെളിപുരണ്ട ആ നീലജേഴ്‌സിയില്‍ ഗൗതം ഗംഭീര്‍ എന്ന ഡല്‍ഹിക്കാരന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ഉയിര്‍പ്പിന് താരതമ്യമില്ല. അയാളങ്ങനെയൊരു 97 റണ്‍സ് നേടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ വാംഖഡേയുടെ മധ്യത്തില്‍ തലയും സംഘവും കണ്ണീര്‍വാര്‍ത്തുമടങ്ങിയേനെ. അതിനാല്‍ ധോനിയേയും യുവ്‌രാജിനേയും വാഴ്ത്തുമ്പോഴും അത്രമേല്‍ ആഘോഷിക്കപ്പെടാതെപോയ അയാളുടെ പ്രകടനത്തെ ചെറുതായെങ്കിലും ഓര്‍ത്തെടുക്കാതെ കടന്നുപോകാനാവില്ല.
രണ്ടാം ലോകകപ്പ് കിരീടം തേടിയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിനിറങ്ങിയത്. മുംബൈയിലെ വാംഖഡെയിലെ വിശ്വപോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന കാത്തിരിപ്പില്‍ ആരാധകര്‍ ആവേശത്തിലായി. ആദ്യം ബാറ്റ് ചെയ്തത് ലങ്കയായിരുന്നു. ഓപ്പണര്‍മാരായ ദില്‍ഷനും ഉപുല്‍ തരംഗയ്ക്കും മികച്ച തുടക്കം സമ്മാനിക്കാനായില്ലെങ്കിലും പിന്നാലെ വന്ന സങ്കക്കാരയും മഹേല ജയവര്‍ധനയും ക്രീസില്‍ നിലയുറപ്പിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ബാറ്റേന്തിയ മഹേല അപരാജിത സെഞ്ചുറിയും നേടി. ഒടുവില്‍ നിശ്ചിത 50-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സിന് ലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചു.
275 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങി. രണ്ടാം പന്തില്‍ തന്നെ വിരേന്ദര്‍ സെവാഗിനുനേരെ അമ്പയറുടെ വിരലുയര്‍ന്നു. മലിംഗയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി സെവാഗ് പുറത്താകുമ്പോള്‍ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നില്ല.പാതി നിശബ്ദമായ വാംഖഡേ സ്റ്റേഡിയത്തിന് നടുവിലൂടെ പതിവുപോലെ ഗൗതം ഗംഭീര്‍ മൈതാനത്തേക്കിറങ്ങി. ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് അയാള്‍ വരവറിയിച്ചു.എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ സച്ചിനെ മലിംഗ പുറത്താക്കിയത് വീണ്ടും തിരിച്ചടിയായി. 31 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍.
നാലാമനായി ഇറങ്ങിയ വിരാട് കോലിയുമൊത്ത് ഗംഭീര്‍ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ആദ്യ പവര്‍പ്ലേയില്‍ 41 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കണ്ടെത്താനായത്. എങ്കിലും ഇരുവരും കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. ടീം 99-ല്‍ നില്‍ക്കേ ഗംഭീര്‍ അര്‍ധ സെഞ്ചുറിയും തികച്ചു. സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരു പോലെ പ്രഹരിച്ചാണ് ഗംഭീര്‍ മുന്നോട്ടുപോയത്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും പ്രതീക്ഷ പരന്നു. ടീം സ്‌കോര്‍ 114-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് കോലിയുടെ വിക്കറ്റ് നഷ്ടമായി. നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഊഴമായിരുന്നു അടുത്തത്.
ധോനിക്കൊപ്പവും ഗംഭീര്‍ കൂട്ടുകെട്ടുണ്ടാക്കി. ലങ്കന്‍ ബൗളര്‍മാരെ ഇരുവരും ഓഫ്‌സൈഡിലും ലെഗ്‌സൈഡിലും മാറി മാറി അടിച്ചു. കളിയുടെ ഗതിക്കനുസരിച്ച് ഗംഭീര്‍ ബാറ്റേന്തിയതോടെ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി. മത്സരത്തിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചു വന്നു. ടീം സ്‌കോര്‍ വൈകാതെ 200-കടന്നു. മറുവശത്ത് അര്‍ധസെഞ്ചുറി തികച്ച് ധോനിയും കരുത്തേകി. ടീം 223-ല്‍ നില്‍ക്കുമ്പോള്‍ ഗൗതം ഗംഭീറിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 122 പന്തില്‍ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെ 97 റണ്‍സെടുത്താണ് ഗംഭീറിന്റെ മടക്കം. മൂന്ന് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചാണ് അയാള്‍ തിരിച്ചുനടന്നത്. ചെളിപുരണ്ട ജേഴ്‌സിയുമായി ആ ഡല്‍ഹിക്കാരന്‍ ഡഗ്ഔട്ടിലേക്ക് മടങ്ങുമ്പോള്‍ കയ്യടികളുയര്‍ന്നു. ഗംഭീര്‍ പുറത്തായ ഘട്ടത്തില്‍ 52-പന്തില്‍ നിന്ന് 52 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. പിന്നീടിറങ്ങിയ യുവ്‌രാജും ധോനിയും അയാള്‍ തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കി. 49-ാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സറടിച്ച് ധോനി ആഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചു. ഇന്ത്യയ്ക്ക് രണ്ടാം ലോകകപ്പ്.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോനിയാണെങ്കിലും ഗംഭീറാണ് അതിന് കൂടുതല്‍ യോഗ്യനെന്ന വാദങ്ങള്‍ പലയിടത്തുനിന്നുമുയര്‍ന്നു. ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു. അതെന്തായാലും ഇന്ത്യന്‍ ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയാണ് അന്ന് ഗംഭീര്‍ വാംഖഡേയില്‍ നിന്ന് തിരിച്ചതെന്ന് നിസംശയം പറയാം. ഫൈനലിലെ സെഞ്ചുറിയേക്കാള്‍ പ്രധാനപ്പെട്ടതാണ് ലോകകപ്പ് വിജയമെന്ന് ഗംഭീര്‍ പറഞ്ഞിട്ടുള്ളതാണ്. ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഗംഭീര്‍. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ അടയാളമായ തന്റെ ചെളിപുരണ്ട ജേഴ്‌സിയെക്കുറിച്ച്. ജേഴ്‌സി കഴുകാതെ ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ കരകയറ്റുന്ന പോരാളിയാണയാള്‍. ആ പോരാട്ടത്തെ വിസ്മരിക്കാനാവില്ല. കാലമെത്ര കഴിഞ്ഞാലും.
Content Highlights: Gautam Gambhir's performance in India's 2011 World Cup triumph