'ചില ടീമുകൾ കളിച്ച് ജയിക്കും, ചിലർ ഷെഡ്യൂളിന്റെ സഹായത്തോടെയും'; ഇന്ത്യക്കെതിരേ പാക് താരം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ ദുബായിൽ നടക്കാനിരിക്കെ ഇന്ത്യക്കെതിരേ പരിഹാസവുമായി പാക് മുൻ താരം ജുനൈദ് ഖാൻ. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരം പരിഹാസവുമായി രംഗത്തെത്തിയത്.
ചില ടീമുകൾ കളിച്ചു ജയിക്കുമെന്നും എന്നാൽ മറ്റു ചിലർ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ജയിച്ചുപോകുകയാണെന്നും ജുനൈദ് ഖാൻ ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കൊപ്പമുള്ള മത്സരത്തിനായി മറ്റു ടീം അംഗങ്ങൾ പാകിസ്താനിൽ നിന്ന് ദുബായിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
"ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഓരോ ടീമംഗങ്ങളും സഞ്ചരിച്ച ദൂരം.
ന്യൂസിലാൻഡ് - 7150 കി.മീ.
ദക്ഷിണാഫ്രിക്ക - 3285 കി.മീ.
ഇന്ത്യ - 0 കി.മീ.
ചില ടീമുകൾ കഴിവുകൊണ്ട് ജയിക്കുന്നു, മറ്റു ചിലർ ഷെഡ്യൂളിലൂടെയും", ജുനൈദ് ഖാൻ എക്സിൽ കുറിച്ചു.
ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേവേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നുവെന്നാരോപിച്ച് ഇംഗ്ലണ്ട് താരങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് സുനിൽ ഗവാസ്കർ, ഗാംഗുലി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
മത്സരങ്ങൾ ഒരേവേദിയിൽ നടത്തുന്നത് ഒരു തരത്തിലും ഇന്ത്യൻ ടീമിന് ഗുണകരമാകുന്നില്ലെന്നാണ് രോഹിത് ശർമ്മയും ഗംഭീറും നേരത്തെ വിശദീകരിച്ചത്. ഇത് തങ്ങളുടെ ഹോം ഗ്രൗണ്ട് അല്ലെന്നും ഈ വേദിയിൽ അധികം മത്സരങ്ങൾ തങ്ങൾ കളിച്ചിട്ടില്ലെന്നും രോഹിത് ശർമ്മ പറഞ്ഞിരുന്നു. മറ്റേതൊരു ടീമിനേയും പോലെ തങ്ങൾക്കും ദുബായ് ഒരു നിഷ്പക്ഷ വേദിയെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
Content Highlights: scheduling' ex pakistan pacer Junaid Khan slams india