ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതാണെന്ന് മനസ്സിലാക്കാൻ പ്രയാസം; ICC-വിശദീകരിക്കണമെന്ന് PCB

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയത് വിവാദമായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ പാകിസ്താനെ പരിഹസിച്ചെത്തി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ (പി.സി.ബി.) അടക്കം ട്രോളുകള്‍ നിറഞ്ഞു. ഇംഗ്ലണ്ടിന്റെ ദേശീയഗാനം കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ ദേശീയഗാനത്തിനായി കാത്തിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഗാനം മുഴങ്ങിയത്. 'ഭാരത ഭാഗ്യ വിധാതാ' എന്ന വരികള്‍ ഉയര്‍ന്നുകേട്ട ഉടന്‍തന്നെ ഓഫ് ചെയ്‌തെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു.
സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. വിശദീകരണം നൽകണമെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഐ.സി.സി.യെ കുറ്റപ്പെടുത്തിയ പി.സി.ബി., ഇക്കാര്യത്തില്‍ വിശദീകരണം തരണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
' ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യയുടെ ദേശീയഗാനം തെറ്റായി മുഴങ്ങിയതില്‍ ഐ.സി.സി.ക്കാണ് ഉത്തരവാദിത്വം. ഇക്കാര്യത്തില്‍ അവര്‍ വിശദീകരണം നല്‍കണമെന്ന് പി.സി.ബി. വ്യക്തമാക്കുകയാണ്. പാകിസ്താനില്‍ കളിക്കാത്ത സ്ഥിതിക്ക്, ഇന്ത്യയുടെ ഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്'-പി.സി.ബി. വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് നേരത്തേതന്നെ അറിയിച്ചതാണ്. അതിനാല്‍ ഹൈബ്രിഡ് മോഡലില്‍ ദുബായില്‍വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ന് ഉച്ചയ്ക്ക് 2.30-ന് പാകിസ്താനെതിരേ ഇന്ത്യക്ക് മത്സരമുണ്ട്.
Content Highlights: pcb blames icc for indias national anthem row during champions trophy