ചാമ്പ്യന്‍സ് ട്രോഫിയിൽ പുതുചരിത്രമെഴുതി ബെൻ ഡക്കറ്റ്; തകർത്തത് നഥാൻ ആസിൽ കൈവശംവെച്ച 2004ലെ റെക്കോഡ്

ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് | AFP
ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് | AFP

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിച്ചേര്‍ത്ത് ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ്. ഗ്രൂപ്പ് ബി-യില്‍ ഓസ്‌ട്രേലിയക്കെതിരേ 143 പന്തില്‍ 165 റണ്‍സാണ് ഡക്കറ്റ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്. 17 ബൗണ്ടറിയും മൂന്ന് സിക്‌സും അകമ്പടി ചേര്‍ന്നതാണ് ഡക്കറ്റിന്റെ ഇന്നിങ്‌സ്. ജോറൂട്ടിന്റെ അര്‍ധ സെഞ്ചുറിയുടെ കൂടി ബലത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. 

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് പുതുചരിത്രത്തിന്റെ പിറവി. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നൂറ്റന്‍പതോ നൂറ്റന്‍പതിലധികമോ റണ്‍സ് നേടുന്ന ഏക താരമായിരിക്കുകയാണ് ഡക്കറ്റ്. അത് ഓസീസിനെതിരെയാണെന്നതുകൂടി പരിഗണിച്ചാല്‍ നേട്ടത്തിന് മധുരംകൂടും. ഡക്കറ്റിന്റെ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. അതില്‍ രണ്ടെണ്ണവും ഓസീസിനെതിരെയാണ്. അവസാനം കളിച്ച ഒന്‍പത് ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ അഞ്ചുതവണ അന്‍പതിലധികം സ്‌കോര്‍ നേടി. 

ന്യൂസീലന്‍ഡിന്റെ നഥാന്‍ ആസിലായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ ടോപ് സ്‌കോറര്‍. 2004-ല്‍ യു.എസ്.എ.യ്‌ക്കെതിരേ പുറത്താവാതെ ആസില്‍ 145 റണ്‍സ് നേടിയിരുന്നു. സിംബാബ്‌വെയുടെ ആന്‍ഡി ഫ്‌ളവര്‍ 2002-ല്‍ ഇന്ത്യക്കെതിരെയും 145 റണ്‍സ് നേടിയിട്ടുണ്ട്. കൊളംബോയില്‍വെച്ചായിരുന്നു ആ ചാമ്പ്യന്‍സ് ട്രോഫി മത്സരം. സൗരവ് ഗാംഗുലി (141*), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (141) എന്നിവരാണ് ടോപ് സ്‌കോറര്‍മാരില്‍ നാലും അഞ്ചും സ്ഥാനത്ത്. 


 

Content Highlights: englands ben duckett became high scorer of champions trophy history