അഫ്ഗാന് ഒരു ജയമകലെ സെമി, മത്സരം ഓസ്‌ട്രേലിയയോട്; ഗ്രൂപ്പിലെ ഇനിയുള്ള സാധ്യതകള്‍

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേ എട്ട് റണ്‍സിന്റെ ജയവുമായി സെമി ഫൈനല്‍ സാധ്യത സജീവമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്താന്‍. കഴിഞ്ഞദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇബ്രാഹിം സദ്രാന്റെ ചരിത്ര സെഞ്ചുറിയും (177) അസ്മത്തുള്ള ഒമര്‍സായുടെ ഓള്‍റൗണ്ട് പ്രകടനവും (അഞ്ചുവിക്കറ്റ്, 41 റണ്‍സ്) ആണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 317-ന് പുറത്തായി.
തോല്‍വിയോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ജയിച്ചാലും സാധ്യത അവശേഷിക്കുന്നില്ല. അതേസമയം അഫ്ഗാനിസ്താന് ഓസ്‌ട്രേലിയയുമായാണ് അടുത്ത മത്സരം. ജയിച്ചാല്‍ സെമി ഉറപ്പ്. തോറ്റാല്‍ ഗ്രൂപ്പില്‍നിന്ന് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും സെമിയില്‍ കയറും.
നിലവില്‍ രണ്ടുമത്സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു സമനിലയുമായി മൂന്ന് പോയിന്റോടെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. രണ്ട് മത്സരങ്ങളില്‍നിന്ന് ഓരോ ജയവും തോല്‍വിയുമായി അഫ്ഗാന്‍ മൂന്നാമതും ജയമില്ലാത്ത ഇംഗ്ലണ്ട് നാലാമതുമാണ്.
വെള്ളിയാഴ്ച ഓസ്‌ട്രേലിയയുമായാണ് അഫ്ഗാനിസ്താന് മത്സരം. ജയിച്ചാല്‍ സെമിയില്‍ പ്രവേശിക്കും. അങ്ങനെ വന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ സെമിയില്‍ കടക്കുന്ന ടീമായി അഫ്ഗാന്‍ മാറും. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പിലും അഫ്ഗാന്‍ സെമിയില്‍ കടന്നിരുന്നു. അതേസമയം ഓസ്‌ട്രേലിയ ജയിച്ചാല്‍ അവരും ദക്ഷിണാഫ്രിക്കയും സെമിയില്‍ കടക്കും.
അഫ്ഗാനിസ്താനെതിരേ പരാജയപ്പെട്ടാല്‍, ഓസ്‌ട്രേലിയയുടെ സെമി സാധ്യത ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തെ ആശ്രയിച്ചിരിക്കും. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരം തോറ്റാലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മുന്‍പന്തിയിലാണെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണകരമാകും. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയ പുറത്താകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Content Highlights: champions trophy grou b semi final australia afghanistan and south africa