മാനെ ടീമില്‍, ലോകകപ്പിനുള്ള സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു

photo:Getty Images
photo:Getty Images

ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെ പരിശീലകന്‍ അലിയോ സിസ്സെയാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍താരം സാദിയോ മാനെ ടീമിലിടം നേടി. പരിക്കിന്റെ പിടിയിലായിരുന്ന മാനെ ലോകകപ്പില്‍ നിന്ന് പുറത്താകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനെ 26-അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചതോടെ ലോകകപ്പിനിറങ്ങുന്ന സെനഗലിന് വലിയ പ്രതീക്ഷയാണുള്ളത്.

മുന്നേറ്റത്തില്‍ മാനെയ്ക്ക് പുറമേ ഷെഫീല്‍ഡ് യുണൈറ്റഡ് താരം ഇലിമാന്‍ എന്‍ഡ്യായെ, വാട്ട്‌ഫോര്‍ഡിന്റെ വിങ്ങര്‍ ഇസ്മയില സാര്‍ എന്നിവരുണ്ട്. മധ്യനിരയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരുപിടി താരങ്ങളുണ്ട്. ക്രിസ്റ്റല്‍ പാലസിന്റെ ചെയ്‌കോ കൗയാട്ടെ, ലെസ്റ്റര്‍ സിറ്റിയുടെ നംപാലിസ് മെന്‍ഡി, എവര്‍ട്ടണ്‍ താരം ഗാന ഗുയെ എന്നിവരുണ്ട്. 

സെനഗലിന്റെ പ്രതിരോധം ശക്തമാണ്. ചെല്‍സിയുടെ സെന്റര്‍ ബാക്ക് കലിഡോ കൗലിബാലി, ആര്‍ ബി ലെയ്പ്‌സിഗിന്റെ അബ്ദൗ ഡയാലോ എന്നവരുണ്ട്. ഗോള്‍കീപ്പര്‍മാരായി സൂപ്പര്‍താരം എഡ്വാര്‍ഡോ മെന്‍ഡി, ആല്‍ഫ്രഡ് ഗോമിസ്, സെനി ഡിയെങ് എന്നിവരാണുളളത്. 

ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായി തലയെടുപ്പോടെയാണ് സെനഗല്‍ ലോകകപ്പിനെത്തുന്നത്. മാനെ ടീമിലെത്തിയതോടെ ലോകകപ്പില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലോകകപ്പ് ഗ്രൂപ്പ് എ യില്‍ നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍, ആതിഥേയരായ ഖത്തര്‍ എന്നിവരോടൊപ്പമാണ് സെനഗലുളളത്. നവംബര്‍ 21-ന് നെതര്‍ലന്‍ഡ്‌സുമായാണ് ആദ്യ മത്സരം.

Content Highlights: senegal squad for qatar world cup 2022